സിൽവർലൈൻ പദ്ധതി റദ്ദാക്കിയെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ജനകീയ സമരസമിതി വിപുലമായ ആഘോഷപരിപാടികൾക്ക് ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി വീട് നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഗൃഹപ്രവേശം മാറ്റിവെക്കേണ്ടി വന്ന ഒട്ടേറെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ വാർത്ത നൽകുന്നത്.
ദുബായിലെ രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന്റെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച തുക വിനിയോഗിച്ചാണ് കോട്ടയം കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ പുതിയ വീട് നിർമിച്ചത്.
സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ച വർഷം തന്നെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ, ഗൃഹപ്രവേശത്തിന് തയാറെടുക്കുന്നതിനിടെ വീടിന്റെ ഒരു ഭാഗത്തുകൂടിയാണ് നിർദിഷ്ട
റെയിൽപ്പാത കടന്നുപോകുന്നതെന്ന് ഉമ്മൻ ജോണിന്റെ അമ്മയും എംടി സെമിനാരി സ്കൂൾ മുൻ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസുമായ എലിസബത്ത് ജോൺ തിരിച്ചറിഞ്ഞു. പദ്ധതി നടപ്പിലായാൽ വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ മകനെ അറിയിക്കാതെ തന്നെ എലിസബത്ത് ജോൺ വിവിധ സമരങ്ങളിൽ പങ്കാളിയായി.
നിലവിൽ ഇത്യോപ്യയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി ജോലി ചെയ്യുന്ന ഉമ്മൻ ജോൺ, അടുത്ത വർഷം നാട്ടിലെത്തുമ്പോൾ ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറിൽ വിക്ടറി ഡേ ആഘോഷിക്കും.
മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സമരപ്പന്തൽ പൊളിക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി.സതീശന്റെ സാന്നിധ്യം പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ച സമിതി അംഗങ്ങളോട്, ‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന് അദ്ദേഹം വാക്കു നൽകിയിരുന്നു.
ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം പൂർണ്ണമായി അവസാനിപ്പിക്കാനാണ് സമിതിയുടെ തീരുമാനം. 2022 ഏപ്രിൽ 20-ന് മാടപ്പള്ളിയിൽ ആരംഭിച്ച സ്ഥിരം സമരപ്പന്തൽ ഇന്നലെ 1490-ാം ദിനം പിന്നിട്ടു.
സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് ഈ പന്തൽ സ്ഥിതി ചെയ്യുന്നത്. പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം റോസ്ലിനും മകൾ സോമിയ മെറിൻ ഫിലിപ്പിനും വലിയ ആശ്വാസമാണ് നൽകിയത്.
സംഘർഷഭരിതമായ സമരനാളുകളെ ഓർമിപ്പിച്ചുകൊണ്ട് 12 വയസ്സുകാരി സോമിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്.
അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

