പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിൻ്റെ ഭാഗമായി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം “മഹാകാളി”യിലേക്ക് ബോളിവുഡ് താരം രോഹിത് സറഫ് എത്തുന്നു. ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ഹൈദരാബാദിൽ വെച്ച് നടന്ന ചിത്രത്തിൻ്റെ നിർണായക ഷെഡ്യൂൾ താരം ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ ഒരു വനിതാ സൂപ്പർ ഹീറോയെ പരിചയപ്പെടുത്തുന്ന ഈ ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാമത്തെ പ്രോജക്റ്റാണ്.
പൂജ അപർണ്ണ കൊല്ലുരുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.
പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന ഈ ചിത്രം ആത്മീയതയും പുരാണവും സമകാലിക സാമൂഹിക പ്രശ്നങ്ങളുമായി സമന്വയിപ്പിച്ചാണ് അവതരിപ്പിക്കുന്നത്. ബംഗാളിന്റെ പശ്ചാത്തലത്തിൽ, കാളി ദേവിയുമായി ബന്ധപ്പെട്ട
ഐതീഹ്യങ്ങളെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് ഖന്നയും ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നുണ്ട്.
നേരത്തെ പുറത്തുവന്ന ഭൂമി ഷെട്ടിയുടെയും അക്ഷയ് ഖന്നയുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. രോഹിത് സറഫിൻ്റെ സാന്നിധ്യം ഉത്തരേന്ത്യൻ യുവപ്രേക്ഷകർക്കിടയിൽ ചിത്രത്തിന് കൂടുതൽ സ്വീകാര്യത നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം ആർകെ ദുഗ്ഗലാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ഐമാക്സ് ത്രീഡി ഫോർമാറ്റിൽ ചിത്രം പുറത്തിറങ്ങും.
ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ: സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

