കണ്ണൂരിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെച്ചൊല്ലി സിപിഎം നേതൃത്വത്തിൽ വ്യത്യസ്തമായ വിലയിരുത്തലുകൾ ഉയരുന്നു. സംഘടനാപരമായ പോരായ്മകളും ഭരണനിർവ്വഹണത്തിലെ വീഴ്ചകളും തിരിച്ചടിക്ക് കാരണമായെന്ന വിമർശനം പാർട്ടിയിൽ ശക്തമായി നിലനിൽക്കെയാണ്, നേതൃതലത്തിൽ വ്യത്യസ്തമായ വിശദീകരണങ്ങൾ വരുന്നത്.
ന്യൂനപക്ഷ വർഗീയതയാണ് യുഡിഎഫിന്റെ വിജയത്തിന് കളമൊരുക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് അഭിപ്രായപ്പെട്ടു. ഇ.കെ.നായനാർ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“മതം നോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂ, പള്ളിനോക്കിയേ വോട്ട് ചെയ്യാൻ പാടുള്ളൂവെന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചു. ബിജെപി നൽകിയ സ്ട്രാറ്റജിക് വോട്ടിലൂടെയാണ് പയ്യന്നൂരിലും പേരാവൂരിലും യുഡിഎഫ് ജയിച്ചതെന്നും” കെ.കെ.രാഗേഷ് പറഞ്ഞു.
ഇടതുപക്ഷത്തിന്റെ വളർച്ചയിൽ ആശങ്കാകുലരായ തീവ്രവലതുപക്ഷ ശക്തികൾ പാർട്ടിയെ ദുർബലപ്പെടുത്താൻ കൈകോർത്തതാണ് എൽഡിഎഫ് പരാജയത്തിന് വഴിവെച്ചതെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ നിരീക്ഷിച്ചു. എന്നാൽ, ഭരണവിരുദ്ധ വികാരമാണ് പരാജയത്തിന് കാരണമെന്ന നിലപാടാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.
പത്തു വർഷം ഭരണത്തിലിരുന്നവർ മാറണമെന്ന പൊതുവികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. കെ.കെ.രാഗേഷിന്റെ നിലപാടിനെ പിന്തുണച്ച പിണറായി വിജയൻ, അദ്ദേഹത്തിന്റെ പരാമർശങ്ങളെ വർഗീയമായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി.
ഔദ്യോഗിക ജില്ലാ കമ്മിറ്റി പരിശോധനകൾക്ക് മുൻപേ ഉയർന്നുവരുന്ന ഇത്തരം വ്യാഖ്യാനങ്ങൾ, പാർട്ടിയിലെ ആഭ്യന്തര വിമർശനങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനപ്പുറം താൽക്കാലികമായ രക്ഷപ്പെടലിനുള്ള വഴികളാണെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകർക്കിടയിലുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ, ജില്ലയിൽ പോളിങ് ശതമാനം വർധിച്ചിട്ടും എൽഡിഎഫിന് 1.11 ലക്ഷം വോട്ടുകൾ നഷ്ടപ്പെട്ടത് ഗൗരവകരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
തളിപ്പറമ്പ്, പയ്യന്നൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണ്ണയം പാർട്ടിയിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. തളിപ്പറമ്പിൽ പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വം, പയ്യന്നൂരിൽ ടി.ഐ.മധുസൂദനന്റെ മത്സരം, മട്ടന്നൂരിൽ നിന്ന് കെ.കെ.ശൈലജയെ മാറ്റി പേരാവൂരിൽ മത്സരിപ്പിച്ചത് തുടങ്ങിയ തീരുമാനങ്ങൾ കീഴ്ഘടകങ്ങളുടെ വികാരം മാനിക്കാതെയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

