ദുബായിലെ രണ്ട് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതത്തിനിടയിൽ കരുതിവെച്ച സമ്പാദ്യം കൊണ്ടാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ തന്റെ സ്വപ്നഭവനം നിർമിച്ചത്.
സിൽവർലൈൻ പദ്ധതി പ്രഖ്യാപിച്ച വേളയിൽ തന്നെ വീടിന്റെ പണി പൂർത്തിയായിരുന്നു. എന്നാൽ, ഗൃഹപ്രവേശനത്തിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതിനിടെയാണ് വീടിന്റെ ഒരു ഭാഗം പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെട്ട
വിവരം എംടി സെമിനാരി സ്കൂളിലെ വിരമിച്ച ഡപ്യൂട്ടി ഹെഡ്മിസ്ട്രസായ എലിസബത്ത് ജോൺ അറിയുന്നത്. മകന്റെ അധ്വാനഫലം നഷ്ടപ്പെടുമെന്ന ആശങ്കയിൽ, വിവരം ഉമ്മൻ ജോണിനെ അറിയിക്കാതെ തന്നെ എലിസബത്ത് സമരങ്ങളിൽ അണിചേർന്നു.
പിന്നീട് മകൻ യാഥാർഥ്യം മനസ്സിലാക്കുകയായിരുന്നു. അഞ്ച് വർഷമായി പദ്ധതി മരവിച്ച അവസ്ഥയിലാണെങ്കിലും, അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
നിലവിൽ ഇത്യോപ്യയിൽ മാർക്കറ്റിങ് മാനേജരായ ഉമ്മൻ ജോൺ അടുത്ത വർഷം മടങ്ങിയെത്തിയ ശേഷം മാത്രം ഗൃഹപ്രവേശം നടത്തിയാൽ മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. അതേസമയം, മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സമരപ്പന്തൽ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ചുള്ള നീക്കങ്ങൾ സജീവമാണ്.
അധികാരത്തിലെത്തിയാൽ പദ്ധതി പിൻവലിക്കുമെന്ന് നൽകിയ വാഗ്ദാനം മുൻനിർത്തി, പന്തൽ പൊളിച്ചുമാറ്റലിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യം സമരസമിതി പ്രവർത്തകർ ആഗ്രഹിക്കുന്നു. അടുത്തിടെ തിരുവനന്തപുരത്ത് സമരസമിതി പ്രതിനിധികൾ മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു.
“നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും” എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടിയെന്ന് സമരസമിതിക്കാർ വ്യക്തമാക്കുന്നു. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുന്ന മുറയ്ക്ക് മാടപ്പള്ളിയിലെ സമരം അവസാനിപ്പിക്കുമെന്ന് സമിതി അറിയിച്ചു.
നാളെ വൈകിട്ട് അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി വിക്ടറി ഡേ ആഘോഷിക്കും. 2022 ഏപ്രിൽ 20-ന് മാടപ്പള്ളി റീത്തുപള്ളി ജംക്ഷനിൽ ആരംഭിച്ച സ്ഥിരം സമരപ്പന്തൽ ഇന്നലെ 1490 ദിവസങ്ങൾ പൂർത്തിയാക്കി.
സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് സമരപ്പന്തൽ സ്ഥിതി ചെയ്യുന്നത്. സമരകാലത്ത് റോസ്ലിൻ ഫിലിപ്പിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
പദ്ധതി പിൻവലിച്ചതായുള്ള സൂചനകൾക്ക് പിന്നാലെ റോസ്ലിനും മകൾ സോമിയ മെറിൻ ഫിലിപ്പും വീണ്ടും സമരവേദിയിലെത്തി. ‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്..
മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്. അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’ എന്ന് സോമിയ പറഞ്ഞു.
പൊലീസ് വലിച്ചിഴച്ച അതേ സ്ഥലത്ത് ഇന്നലെയും അവർ ഒന്നിച്ചിരുന്നു. അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞപ്പോൾ ആശ്വാസമായി മകൾ ആ കവിളിൽ ചുംബനം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

