പശ്ചിമ ബംഗാളിലെ ഫൽത നിയമസഭാ മണ്ഡലത്തിൽ ഇന്ന് പുനർ വോട്ടെടുപ്പ് നടക്കും. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഏപ്രിൽ 29-ന് നടന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, 285 ബൂത്തുകളിലെ ഫലം അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, ഇവിടെ സമ്പൂർണ പുനർവോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗിർ ഖാൻ മത്സരത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധേയമായി.
“പ്രദേശത്ത് സമാധാനവും വികസനവും ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനം” എന്ന് അദ്ദേഹം വ്യക്തമാക്കി. ഫൽതയ്ക്കായി ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
എന്നാൽ, സ്ഥാനാർഥിയുടെ ഈ നടപടി വ്യക്തിപരമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. ഇതോടെ, ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡ, കോൺഗ്രസ് സ്ഥാനാർഥി അബ്ദുൾ റസാഖ് മൊല്ല, സിപിഎം സ്ഥാനാർഥി ശംഭു നാഥ് കുർമി എന്നിവർ തമ്മിലാണ് നിലവിൽ മത്സരം നടക്കുന്നത്.
ഈ മാസം 24-നാണ് വോട്ടെണ്ണൽ നടക്കുക. ഇതിനിടെ, പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് സർക്കാർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് അവർ ആരോപിച്ചു. “കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും ദിവസങ്ങളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്നും” മമത ബാനർജി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ, അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ എന്ന പേരിലുള്ള നടപടികൾ എന്നിവയിൽ അവർ ആശങ്ക രേഖപ്പെടുത്തി. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ മെയ് 21-ന് കൊൽക്കത്തയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

