കൊൽക്കത്തയിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 148 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് മാത്രമാണ് നേടിയത്.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ തുടക്കം മുതൽ മുംബൈ ബാറ്റിംഗ് നിര തകർച്ച നേരിട്ടു. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ മുംബൈയുടെ മുൻനിരയെ വീഴ്ത്താൻ കൊൽക്കത്ത ബൗളർമാർക്കായി. കാമറൂൺ ഗ്രീൻ ഒരേ ഓവറിൽ റിയാൻ റിക്കിൾടനെയും നമാൻ ധിറിനെയും പുറത്താക്കി ഇരട്ടപ്രഹരമേൽപ്പിച്ചു.
സൗരഭ് ദുബെ രോഹിത് ശർമയെയും സൂര്യകുമാർ യാദവിനെയും മടക്കിയതോടെ പവർ പ്ലേ അവസാനിക്കുമ്പോൾ മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിലേക്ക് വീണു. മഴയെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച മത്സരം പിന്നീട് പുനരാരംഭിച്ചെങ്കിലും മുംബൈയുടെ സ്കോറിംഗ് നിരക്ക് കാര്യമായി ഉയർത്താൻ സാധിച്ചില്ല.
തിലക് വർമ (32 പന്തിൽ 20), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (27 പന്തിൽ 26) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വലിയ കൂട്ടുകെട്ടുകൾ പടുത്തുയർത്താൻ കഴിഞ്ഞില്ല. പതിനാലാം ഓവറിൽ കാർത്തിക് ത്യാഗി തിലക് വർമയെ പുറത്താക്കി.
തുടർന്ന് ഹാർദിക്കിനെ സുനിൽ നരെയ്ൻ ബൗൾഡാക്കി. അവസാന ഓവറുകളിൽ കോർബിൻ ബോഷ് നടത്തിയ പോരാട്ടമാണ് മുംബൈയെ മാന്യമായ സ്കോറിലെത്തിച്ചത്.
18 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്ന കോർബിൻ ബോഷാണ് മുംബൈയുടെ ടോപ് സ്കോറർ. അവസാന ഓവറിൽ മാത്രം 19 റൺസാണ് താരം അടിച്ചെടുത്തത്.
കൊൽക്കത്തയ്ക്കായി സൗരഭ് ദുബെ, കാർത്തിക് ത്യാഗി, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

