ഗൂഗിളിന്റെ നിർമിത ബുദ്ധി സേവനമായ ജെമിനിയുടെ പ്രവർത്തനരീതിയിൽ സമൂലമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഐ/ഒ 2026-ൽ നടത്തിയ ഔദ്യോഗിക പ്രഖ്യാപന പ്രകാരം, നിലവിലുണ്ടായിരുന്ന പ്രതിദിന പ്രോംപ്റ്റ് പരിധി ഒഴിവാക്കി ‘കമ്പ്യൂട്ട്-യൂസ്ഡ്’ (compute-used) എന്ന പുതിയ മാനദണ്ഡം കമ്പനി നടപ്പിലാക്കുകയാണ്.
ഇതുവരെ പ്രോംപ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ഉപയോഗ പരിധി നിശ്ചയിച്ചിരുന്നതെങ്കിൽ, ഇനി മുതൽ പ്രോംപ്റ്റിന്റെ സങ്കീർണ്ണത, ഉപയോഗിക്കുന്ന ഫീച്ചറുകൾ, ചാറ്റിന്റെ ദൈർഘ്യം എന്നിവ പരിഗണിച്ചായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളെ അപേക്ഷിച്ച് വീഡിയോ ജനറേഷൻ പോലുള്ള ആവശ്യങ്ങൾക്ക് കൂടുതൽ ‘ടോക്കണുകളും കമ്പ്യൂട്ടും’ ആവശ്യമായി വരുന്നതിനാൽ, സേവന ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് വ്യത്യാസങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി അഞ്ച് മണിക്കൂർ ഇടവേളകളിലുള്ള ഉപയോഗ പരിധിയും പ്രതിവാര പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. വരിക്കാരല്ലാത്തവർക്ക് ‘സ്റ്റാൻഡേർഡ് ലിമിറ്റുകൾ’ ബാധകമാകുമ്പോൾ, എഐ പ്ലസ് പ്ലാൻ ഉള്ളവർക്ക് ഇതിന്റെ ഇരട്ടി പരിധിയും, എഐ പ്രോ ഉപയോക്താക്കൾക്ക് നാല് മടങ്ങ് അധിക പരിധിയും ലഭ്യമാകും.
എഐ അൾട്രാ പ്ലാൻ ഉപയോക്താക്കൾക്ക് എഐ പ്രോ പ്ലാനിനേക്കാൾ 20 മടങ്ങ് വരെ കൂടുതൽ ഉപയോഗിക്കാനുള്ള അവസരമുണ്ട്. പ്രീമിയം മോഡലുകൾ, മീഡിയ ജനറേഷൻ, ഡീപ് റിസർച്ച്, പ്രോ മോഡൽ, എക്സ്റ്റൻഡഡ് തിങ്കിംഗ്, ഡീപ് തിങ്ക് എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ‘കമ്പ്യൂട്ട്’ ചെലവാകുകയും പരിധി വേഗത്തിൽ അവസാനിക്കുകയും ചെയ്യും.
നിശ്ചിത പരിധി പിന്നിട്ടാൽ ഉപയോക്താക്കളെ ചെറിയ മോഡലുകളിലേക്ക് മാറ്റുന്നതാണ്. എഐ പ്രോ, അൾട്രാ വരിക്കാർക്ക് പരിധി മറികടന്ന് തുടർന്നും സേവനം ലഭിക്കുന്നതിനായി അധിക ക്രെഡിറ്റുകൾ (PAYG AI credits) വാങ്ങാനുള്ള സൗകര്യവും ഗൂഗിൾ ഏർപ്പെടുത്തുന്നുണ്ട്.
ഭാവിയിൽ ഗൂഗിൾ ആന്റിഗ്രാവിറ്റി, ഗൂഗിൾ ഫ്ലോ, ജെമിനി ആപ്പ് എന്നിവയിൽ ഈ ക്രെഡിറ്റുകൾ ഉപയോഗിക്കാനാകും. 100 ഡോളറിന്റെ പുതിയ എഐ അൾട്രാ പ്ലാൻ അവതരിപ്പിച്ചതിനൊപ്പം നിലവിലെ ടോപ്പ്-ടയർ പ്ലാനിന്റെ നിരക്ക് 50 ഡോളർ കുറച്ച് 200 ഡോളറായും ഗൂഗിൾ നിജപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

