ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചയാകാറുണ്ട്. ഇരുവരുടെയും പേരുകൾ ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ ‘മെലഡി’ എന്ന പേര് പോലും പ്രചാരത്തിലുണ്ട്.
ഈ സൗഹൃദത്തിന്റെ ഭാഗമായി ഇറ്റലി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോർജ മെലോനിക്ക് സമ്മാനമായി നൽകിയ പാർലെ ‘മെലഡി’ ചോക്ലേറ്റുകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഈ സമ്മാനം കൈമാറുന്ന ദൃശ്യങ്ങൾ മെലോനി എക്സിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി മാറി.
“Thank you for the gift” എന്ന് കുറിച്ചുകൊണ്ടായിരുന്നു മെലോനിയുടെ പ്രതികരണം. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ അപ്രതീക്ഷിതമായ ചലനങ്ങൾ ദൃശ്യമായി.
പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരികളിലാണ് ഈ പ്രതിഫലനം ഉണ്ടായത്. ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിൽ വ്യാപാരം നടത്തിയിരുന്ന ഓഹരിവില, ഇന്നലത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്ന് 4.84 രൂപയിലേക്ക് താഴ്ന്നിരുന്നു.
എന്നാൽ, വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിക്ഷേപകരുടെ തള്ളിക്കയറ്റമുണ്ടാവുകയും ഓഹരിവില ശരവേഗത്തിൽ 5.25 രൂപയിലേക്ക് ഉയരുകയും 5 ശതമാനം അപ്പർ-സർക്യൂട്ട് രേഖപ്പെടുത്തുകയും ചെയ്തു. എങ്കിലും, ഈ സംഭവത്തിൽ ശ്രദ്ധേയമായൊരു വസ്തുതയുണ്ട്.
പ്രധാനമന്ത്രി നൽകിയ ‘മെലഡി’ ചോക്ലേറ്റിന് പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുമായി യാതൊരു ബന്ധവുമില്ല. പാർലെ-ജി, മൊണാക്കോ, ക്രാക്ക്ജാക്ക് തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത് പാർലെ പ്രോഡക്ട്സ് എന്ന കമ്പനിയാണ്.
റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനം, പേപ്പർ വേസ്റ്റ് റീസൈക്ലിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയാണ് പാർലെ ഇൻഡസ്ട്രീസ്. പേരിലെ സാമ്യം മാത്രമാണ് ഓഹരി വിപണിയിൽ തെറ്റിദ്ധാരണയും തുടർന്നുള്ള നേട്ടവും ഉണ്ടാക്കിയത്.
പാർലെ പ്രോഡക്ട്സ് നിലവിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ല. ഐപിഒയുമായി ബന്ധപ്പെട്ട് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരം പ്ലാനുകളില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
അതേസമയം, മെലോനിക്ക് സമ്മാനമായി ചോക്ലേറ്റ് ലഭിച്ചത് കമ്പനിക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടിക്കൊടുത്തതായി പാർലെ പ്രോഡക്ട്സ് അധികൃതർ അറിയിച്ചു. റോമിലെത്തിയ പ്രധാനമന്ത്രി മെലോനിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്തതും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിച്ചതും ഏറെ ശ്രദ്ധേയമായി.
(നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠിക്കുകയോ വിദഗ്ധോപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

