തിരഞ്ഞെടുപ്പ് ആവേശങ്ങൾക്ക് വിരാമമായതോടെ കോഴിക്കോട്ടെ കായികപ്രേമികൾ ഉറ്റുനോക്കുന്നത് ഫുട്ബോൾ മത്സരങ്ങളിലേക്കാണ്. എന്നാൽ, ഫുട്ബോൾ പ്രേമികളുടെ നഗരമായ കോഴിക്കോട്ടെ സ്റ്റേഡിയം കഴിഞ്ഞ ആറുമാസമായി നിശബ്ദമാണ്.
ഈ ഫുട്ബോൾ സീസൺ പൂർത്തിയായിട്ടും വലിയൊരു ശൂന്യതയാണ് ബാക്കിയാകുന്നത്. ദേശീയ, സംസ്ഥാന തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങൾ ഒന്നുപോലും ഇത്തവണ നഗരത്തിൽ നടന്നില്ല എന്നത് കായികപ്രേമികളിൽ വലിയ നിരാശയാണുണ്ടാക്കിയിരിക്കുന്നത്.
ഐ ലീഗും കേരള പ്രീമിയർ ലീഗും ഇതിനോടകം തന്നെ കോഴിക്കോട് വിട്ടു കഴിഞ്ഞു. ഐഎസ്എൽ മത്സരങ്ങൾ കോഴിക്കോട്ടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, വാടകയുമായി ബന്ധപ്പെട്ട
തർക്കങ്ങളെത്തുടർന്ന് അവ കൊച്ചിയിലേക്ക് മാറ്റി. ഇനി സൂപ്പർ ലീഗ് കേരളയിൽ മാത്രമാണ് ആരാധകരുടെ ഏക പ്രതീക്ഷ.
ഇതിനിടയിലാണ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അഗ്നിരക്ഷാസേനയ്ക്ക് വിട്ടുനൽകാനുള്ള കോർപറേഷന്റെ നീക്കം വിവാദമായിരിക്കുന്നത്. ഫുട്ബോൾ സ്റ്റേഡിയത്തിൽ അഗ്നിരക്ഷാസേനയ്ക്ക് ഇടം അനുവദിക്കുന്നത് അനുചിതമായ നടപടിയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
ഫുട്ബോൾ മത്സരങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ലാത്ത ഉദ്യോഗസ്ഥരുടെ തീരുമാനമാണിതെന്ന് കായിക വിദഗ്ധരും വിമർശിക്കുന്നു. ദേശീയ മത്സരങ്ങൾ നടക്കുമ്പോൾ തത്സമയ സംപ്രേഷണത്തിനായുള്ള വാഹനങ്ങൾക്കും ജനറേറ്ററുകൾക്കുമായി സ്റ്റേഡിയത്തിൽ വിശാലമായ സ്ഥലം ആവശ്യമാണ്.
നിലവിൽ സ്റ്റേഡിയത്തിലെ ഓഫീസുകളും വിഐപി ലോഞ്ചുകളും മത്സരസമയത്ത് തിങ്ങിനിറയുകയാണ് പതിവ്. ജൂണിൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ, അഗ്നിരക്ഷാസേനയ്ക്ക് സ്ഥലം വിട്ടുകൊടുത്താൽ മത്സരങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
നഗരത്തിൽ കോർപറേഷന്റെ ഉടമസ്ഥതയിൽ ഒഴിഞ്ഞുകിടക്കുന്ന നിരവധി കെട്ടിടങ്ങൾ ഉണ്ടായിരിക്കെ, സ്റ്റേഡിയം തന്നെ കൈമാറാനുള്ള നീക്കം ദുരുദ്ദേശപരമാണെന്ന് ഫുട്ബോൾ ആരാധകർ ആരോപിക്കുന്നു. ഇന്ത്യയിൽ ഒരിടത്തും ഫുട്ബോൾ സ്റ്റേഡിയത്തിൽ ഫയർ സ്റ്റേഷനോ പൊലീസ് സ്റ്റേഷനോ പ്രവർത്തിക്കുന്നില്ല.
ഇത്തരം നീക്കങ്ങൾ ഭാവിയിൽ ദേശീയ മത്സരങ്ങൾ കോഴിക്കോട്ടേക്ക് വരുന്നത് എന്നെന്നേക്കുമായി തടയുമെന്ന് ആശങ്ക ഉയരുന്നുണ്ട്. കളിയിടങ്ങൾ നശിപ്പിക്കുന്നത് നാളെയുടെ കായിക താരങ്ങളുടെ വളർച്ചയെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, കോർപറേഷൻ സ്റ്റേഡിയത്തിലെ ഗാലറികളുടെയും തൂണുകളുടെയും സുരക്ഷാ പരിശോധന പൂർത്തിയായി. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
പ്രഫ. എം.
അബ്ദുൽ അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘവും കോർപറേഷൻ ഉദ്യോഗസ്ഥരും ചേർന്ന് ഇരുപതോളം തൂണുകളിൽ നിന്ന് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിക്കുകയും, 15 ഇടങ്ങളിൽ റീബൗണ്ട് ഹാമർ ചെക്കിങ് നടത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

