കോഴിക്കോട്:ജില്ലാ ജഡ്ജിയുടെ ഫോട്ടോ ദുരുപയോഗിച്ച് വാട്സാപ് വഴി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.രാഗിണിയുടെ ചിത്രം വാട്സാപ് ഡിസ്പ്ലേ പിക്ചർആക്കി ഈ നമ്പറിൽ നിന്ന് കോടതി ജീവനക്കാരോട് പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
ബിഹാർ സ്വദേശിയുടെ മേൽവിലാസത്തിൽ എടുത്ത നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചത് എന്നു കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ടവർ ലൊക്കേഷൻ കൊൽക്കത്തയാണ് എന്നു തിരിച്ചറിഞ്ഞതോടെ സൈബർ പൊലീസ് സ്റ്റേഷനിലെ നാലംഗ സംഘം കൊൽക്കത്തയിലെത്തി. സിറ്റി ക്രൈം ബ്രാഞ്ച് അസി.കമ്മിഷണർ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച്–സൈബർ സെൽ സംയുക്ത സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഓൺലൈൻ ഗിഫ്റ്റ് വൗച്ചർ വാങ്ങണം എന്നാവശ്യപ്പെട്ട് ജഡ്ജിയുടെ ചിത്രമുള്ള വാട്സാപ് വ്യാജ അക്കൗണ്ടിൽ നിന്ന് കോടതി ജീവനക്കാർക്ക് ജനുവരി 26നാണ് സന്ദേശം ലഭിച്ചത്. ഹൈക്കോടതിയിലെ കംപ്യൂട്ടർ വിഭാഗത്തിലെ ജീവനക്കാരിക്കും കോഴിക്കോട് ജില്ലാ കോടതിയിലെ പ്രോട്ടോക്കോൾ ഓഫിസർക്കും കോടതി മാനേജർക്കുമാണ് സന്ദേശം ലഭിച്ചത്. 50,000 രൂപ അക്കൗണ്ടിലേക്ക് അയയ്ക്കാനായിരുന്നു നിർദേശം. സംശയം തോന്നിയ ജീവനക്കാർ ജഡ്ജിയോട് അന്വേഷിച്ചപ്പോഴാണ് ജഡ്ജി സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നു മനസ്സിലായത്. തുടർന്ന് ജഡ്ജി കമ്മിഷണർക്കു പരാതി നൽകി. ഹൈക്കോടതിയെയും വിവരം അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]