തിരുവനന്തപുരം കോവളം കെ.എസ് റോഡ് ചെറുകോണത്ത് ചെണ്ടമേള സംഘത്തിന് നേരെ നടന്ന അക്രമത്തിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.
കാപ്പ (KAAPA) കേസ് പ്രതിയും ഇയാളുടെ മാതാവും സഹോദരിയും ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ചാവടിനട
സ്വദേശി അപ്പൂസ് (24), ചെറുകോണം സ്വദേശി പൊടിയൻ (55), ഇയാളുടെ മക്കളായ അനീഷ് (31), രാജേഷ് (29), അഭിലാഷ്, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ചെണ്ടമേളത്തിൽ പങ്കെടുക്കുന്നതിനായി സ്ത്രീകളടക്കമുള്ള സംഘം വാഹനത്തിൽ കയറവെ, ബൈക്കിലെത്തിയ പ്രതികൾ പ്രകോപനമില്ലാതെ തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.
അപ്പൂസിനെ മാരകമായി മർദ്ദിച്ച ശേഷമാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസിലെ നാലാം പ്രതിയും കോവളം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവനുമായ തിരുവല്ലം സ്വദേശി ജിത്തു ലാലിനെ (33) പോലീസ് അറസ്റ്റ് ചെയ്തു. ടവർ വിഷ്ണുവെന്ന വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും, അനികുട്ടൻ, കാടഅപ്പു എന്നിവരെയും പ്രതിചേർത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പരിക്കേറ്റവരെ ആദ്യം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

