ആഗോളതലത്തിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ആശയവിനിമയ മാർഗ്ഗമാണ് ഇമെയിൽ. സ്ലാക്ക്, ടീംസ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ നിലവിൽ ഉണ്ടെങ്കിലും, ഇമെയിൽ വഴിയുള്ള നിർദ്ദേശങ്ങൾക്കും ആശയവിനിമയങ്ങൾക്കും ഇന്നും വലിയ പ്രാധാന്യമാണുള്ളത്.
എന്നാൽ, ദൈർഘ്യമേറിയ ഇമെയിൽ സന്ദേശങ്ങൾ വായിച്ചു മനസ്സിലാക്കുന്നത് പലർക്കും ശ്രമകരമായ ഒന്നാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് ഗൂഗിൾ തങ്ങളുടെ ജെമിനി (Gemini) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ജിമെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജിമെയിലിലെ ‘എഐ ഓവർവ്യൂസ്’ (AI Overviews) എന്ന ഫീച്ചർ സന്ദേശങ്ങളെ സംക്ഷിപ്തമായി ബുള്ളറ്റ് പോയിൻ്റുകളായി നൽകുന്നു. ഇതുവഴി മുഴുവൻ ഇമെയിൽ ത്രെഡുകളും വായിക്കാതെ തന്നെ പ്രധാന കാര്യങ്ങൾ ഉപയോക്താക്കൾക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു.
എന്നാൽ, എഐ സാങ്കേതികവിദ്യയ്ക്ക് പിഴവുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഗൂഗിൾ തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. എഐ ഓവർവ്യൂവിനു താഴെയായി “By Gemini; there may be mistakes.” എന്ന മുന്നറിയിപ്പ് കാണാം.
അതിനാൽ, മീറ്റിംഗ് സമയം പോലുള്ള നിർണ്ണായക വിവരങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഉപയോക്താക്കൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനുപുറമെ, സ്മാർട്ട് കമ്പോസ് (Smart Compose), സ്മാർട്ട് റിപ്ലൈ (Smart Reply), ഓട്ടോമാറ്റിക് കാറ്റഗറൈസേഷൻ, നഡ്ജസ് (Nudges) തുടങ്ങിയ ഫീച്ചറുകളും ജിമെയിലിൽ ലഭ്യമാണ്.
ഉപയോക്താവിൻ്റെ ആശയവിനിമയ രീതിക്കനുസരിച്ച് മറുപടികൾ നിർദ്ദേശിക്കാനും ഇൻബോക്സ് കൃത്യമായി ക്രമീകരിക്കാനും ഈ സംവിധാനങ്ങൾ സഹായിക്കുന്നു. ജിമെയിൽ സെറ്റിംഗ്സിൽ നിന്ന് ഈ സൗകര്യങ്ങൾ എളുപ്പത്തിൽ പ്രവർത്തനസജ്ജമാക്കാം.
ഡെസ്ക്ടോപ്പിലെ ഗിയർ ഐക്കണിൽ നിന്നോ മൊബൈലിലെ മെനുവിൽ നിന്നോ സെറ്റിംഗ്സിൽ പ്രവേശിച്ച് ‘Google Workspace smart features’ എന്ന ഓപ്ഷൻ എനേബിൾ ചെയ്താൽ ജെമിനിയുടെ സേവനങ്ങൾ ലഭ്യമാകും. ജോലി സംബന്ധമായ തിരക്കുകൾക്കിടയിൽ ഇമെയിലുകൾ വായിക്കുന്നതിനും മറുപടി നൽകുന്നതിനും ചിലവഴിക്കുന്ന സമയം ലാഭിക്കാൻ ഈ സാങ്കേതികവിദ്യ ഏറെ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

