കൊടുങ്ങല്ലൂർ രാഷ്ട്രീയ മണ്ഡലത്തിൽ നിന്ന് ഉയർന്നുവന്ന സാധാരണ കോൺഗ്രസ് പ്രവർത്തകനാണ് ഒ.ജെ. ജനീഷ്.
കൂവപ്പടി ഗവ. പോളിടെക്നിക് കോളജിൽ പഠിക്കുമ്പോൾ കെഎസ്യുവിലൂടെ പൊതുപ്രവർത്തന രംഗത്തിറങ്ങിയ ജനീഷ്, തൃശൂർ ഗവ.
ലോ കോളജിലെ പഠനകാലത്ത് കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റായി. നിയമബിരുദം നേടിയ ശേഷം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് ചുമതല ലഭിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സംഘടനാ തിരഞ്ഞെടുപ്പിലൂടെ വൈസ് പ്രസിഡന്റായും പിന്നീട് അധ്യക്ഷനായും അദ്ദേഹം ഉയർന്നു. ഭാരത് ജോഡോ യാത്രയുടെയും ഇന്ത്യാ യുണൈറ്റഡ് പദയാത്രയുടെയും സംഘാടനത്തിൽ നിർണായക പങ്കുവഹിച്ച ജനീഷ്, കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധനേടി.
കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎ വി.ആർ. സുനിൽ കുമാറിനെ 8308 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്റെ ജീവിതകഥ ജനങ്ങളോട് പങ്കുവെച്ച ജനീഷ്, തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ പുഷ്പയുടെയും അകാലത്തിൽ വിടപറഞ്ഞ പിതാവ് ജനരഞ്ജനന്റെയും കഷ്ടപ്പാടുകൾക്കിടയിലും പഠനം പൂർത്തിയാക്കിയ സാഹചര്യം വിവരിച്ചിരുന്നു. ഇലക്ട്രോണിക്സ് ഡിപ്ലോമയ്ക്കും ബിബിഎ എൽഎൽബി ബിരുദത്തിനും ഇടയിൽ സൈക്കിൾ ഷോപ്പിലെ ജീവനക്കാരനായും സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്താണ് അദ്ദേഹം കുടുംബത്തെ സഹായിച്ചത്.
മന്ത്രിസ്ഥാനം ലഭിച്ചതിനെക്കുറിച്ച് അമ്മ പുഷ്പ പ്രതികരിച്ചത് ഇങ്ങനെ: ‘ഇവിടം വരെയെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്റെ മോൻ, സമരങ്ങൾക്കിടയിൽ പൊലീസിന്റെ അടി കൊണ്ടു, ജയിലിൽ കിടന്നു. അവൻ തല്ലുകൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോൾ എനിക്കുണ്ടാകാറുള്ള സങ്കടം എത്ര വലുതാണെന്നറിയോ, എങ്കിലും ഒടുവിൽ അവൻ അർഹതയുള്ള സ്ഥാനത്തെത്തിയതിൽ സന്തോഷം’.
സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുമ്പോഴാണ് മന്ത്രിയാകുമെന്ന വിവരം അദ്ദേഹത്തെ തേടിയെത്തുന്നത്. കെ.
കരുണാകരനും സി. അച്യുതമേനോനും ശേഷം തൃശൂർ ജില്ലയിൽ നിന്ന് മന്ത്രിപദത്തിലെത്തുന്ന ഇരുപത്തിനാലാമത്തെ വ്യക്തിയാണ് ഒ.ജെ.
ജനീഷ്. വി.എം.
സുധീരനു ശേഷം തൃശൂരിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുന്ന നേതാവ് എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

