രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, നാല് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
42 പന്തിൽ 56 റൺസ് നേടിയ കെ എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. അഭിഷേക് പോറൽ 31 പന്തിൽ 51 റൺസെടുത്തും, ക്യാപ്റ്റൻ അക്സർ പട്ടേൽ 18 പന്തിൽ 34 റൺസെടുത്തും നിർണായക സംഭാവനകൾ നൽകി.
അശുതോഷ് ശർമ 5 പന്തിൽ 18 റൺസുമായി പുറത്താകാതെ നിന്നു. ഈ വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ഡൽഹി, കൊൽക്കത്തയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.
അതേസമയം, പ്ലേ ഓഫ് സാധ്യതയുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. രാജസ്ഥാൻ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡൽഹിക്ക് വേണ്ടി അഭിഷേക് പോറലും കെ എൽ രാഹുലും മികച്ച തുടക്കമാണ് നൽകിയത്.
പവർ പ്ലേയിൽ ആറോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസെടുക്കാൻ ടീമിന് സാധിച്ചു. 29 പന്തിൽ അർധസെഞ്ചുറി തികച്ച അഭിഷേക് പോറലിന്റെ മികവിൽ പത്താം ഓവറിൽ ഡൽഹി 100 റൺസ് പിന്നിട്ടു.
എന്നാൽ പത്താം ഓവറിൽ ബ്രിജേഷ് ശർമ പോറലിനെ പുറത്താക്കിയതോടെ ഡൽഹിയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. പന്ത്രണ്ടാം ഓവറിൽ 35 പന്തിൽ കെ എൽ രാഹുൽ അർധസെഞ്ചുറി പൂർത്തിയാക്കി.
എന്നാൽ പതിമൂന്നാം ഓവറിൽ ജോഫ്ര ആർച്ചർ സാഹിൽ പരാഖിനെ മടക്കിയതോടെ ഡൽഹി സമ്മർദ്ദത്തിലായി. പതിനഞ്ചാം ഓവറിൽ ദാസുൻ ഷനക കെ എൽ രാഹുലിനെ കൂടി പുറത്താക്കിയതോടെ മത്സരം ആവേശകരമായി.
അവസാന മൂന്നോവറിൽ 35 റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറിൽ രണ്ട് സിക്സ് ഉൾപ്പെടെ 16 റൺസ് അടിച്ചുകൂട്ടിയ അക്സർ പട്ടേലും ഡേവിഡ് മില്ലറും ടീമിനെ ലക്ഷ്യത്തിനടുത്തെത്തിച്ചു.
പത്തൊമ്പതാം ഓവറിൽ മില്ലറെ ബ്രിജേഷ് ശർമ പുറത്താക്കിയെങ്കിലും, അശുതോഷ് ശർമയുടെ വെടിക്കെട്ട് ബാറ്റിംഗ് ഡൽഹിയെ വിജയതീരമണിയിച്ചു. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. 40 പന്തിൽ 53 റൺസെടുത്ത ധ്രുവ് ജുറെലും 26 പന്തിൽ 51 റൺസെടുത്ത റിയാൻ പരാഗും മികച്ച പ്രകടനം കാഴ്ചവെച്ചു.
മിച്ചൽ സ്റ്റാർക്കിന്റെ ബൗളിംഗ് പ്രകടനമാണ് രാജസ്ഥാന്റെ കുതിപ്പിനെ തടഞ്ഞത്. പതിനഞ്ചാം ഓവറിൽ റിയാൻ പരാഗ്, ഡൊണോവൻ ഫെരേര, രവി സിംഗ് എന്നിവരെ പുറത്താക്കിയ സ്റ്റാർക്ക് കളിയിൽ ഡൽഹിയെ തിരിച്ചെത്തിച്ചു.
സ്റ്റാർക്ക് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മാധവ് തിവാരി, ലുങ്കി എൻഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

