ബാഗ്ഡോഗ്രയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത മൂന്ന് വയസ്സുകാരനായ മകനെ മാതാപിതാക്കളിൽ നിന്ന് അകറ്റി ഇരുത്തിയെന്ന ആരോപണവുമായി നാഗ്പൂർ സ്വദേശിയായ അഭിഭാഷകൻ ഗൗരവ് മിശ്ര രംഗത്ത്. ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
ഒരേ പി.എൻ.ആറിലും ബുക്കിംഗിലും ടിക്കറ്റുകൾ എടുത്തിട്ടും കുടുംബത്തിന് വ്യത്യസ്ത സീറ്റുകൾ അനുവദിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സീറ്റ് തിരഞ്ഞെടുക്കുന്നതിനായി അധിക തുക അടയ്ക്കാത്തതാണ് ഇത്തരത്തിൽ സീറ്റ് ക്രമീകരിക്കാൻ കാരണമായതെന്ന് മിശ്ര ആരോപിക്കുന്നു.
ഡി.ജി.സി.എയുടെ 2024-ലെ എയർ ട്രാൻസ്പോർട്ട് സർക്കുലർ 01-ലെ റൂൾ 3.15 എയർലൈൻ ലംഘിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കടുത്ത ടർബുലൻസിന് സാധ്യതയുള്ള റൂട്ടിൽ, മാതാപിതാക്കളുടെ സാമീപ്യമില്ലാതെ കുഞ്ഞിനെ തനിച്ചിരുത്തിയത് വലിയ സുരക്ഷാ വീഴ്ചയാണെന്നും മൂന്ന് ടിക്കറ്റുകൾക്കായി 43,900 രൂപ ചെലവഴിച്ചിട്ടും ഇത്തരം സേവനമാണ് ലഭിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
12 വയസ്സ് വരെയുള്ള കുട്ടികൾക്ക് രക്ഷിതാവിനൊപ്പം സീറ്റ് ഉറപ്പാക്കണമെന്ന ഡി.ജി.സി.എ നിർദ്ദേശത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. വിഷയത്തിൽ വിശദീകരണവുമായി ഇൻഡിഗോ അധികൃതർ രംഗത്തെത്തി.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, യാത്രയിലുണ്ടായ അസൗകര്യത്തിന് ക്ഷമാപണം നടത്തി. വിമാനത്തിലെ സീറ്റ് ക്രമീകരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടു.
യാത്രയുടെ ആദ്യ ഘട്ടത്തിൽ 29A, 29B സീറ്റുകളിൽ മറ്റൊരു അമ്മയും കുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്. മിശ്രയുടെ കുടുംബത്തിന് 29C, 29D സീറ്റുകളാണ് ലഭിച്ചത്.
പിന്നീട് ഇവരെ 28A, 28B സീറ്റുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എങ്കിലും യാത്രക്കാരനുണ്ടായ പ്രയാസത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു.
മിശ്രയെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ലെന്നും മറ്റൊരു നമ്പറിൽ ബന്ധപ്പെടാൻ സൗകര്യമൊരുക്കണമെന്നും എയർലൈൻ അഭ്യർത്ഥിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും കുട്ടികളുടെ ക്ഷേമത്തിനും മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് വലിയ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

