പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാറി എത്തിയ ബിഹാർ സ്വദേശികളായ രണ്ട് സഹോദരിമാരെ റെയിൽവേ സംരക്ഷണസേന (RPF) കണ്ടെത്തി. പതിനേഴും പതിനെട്ടും വയസ്സുള്ള സഹോദരിമാർ ഡൽഹിയിലേക്ക് യാത്ര തിരിച്ചതായിരുന്നുവെങ്കിലും അബദ്ധവശാൽ പാലക്കാട് എത്തുകയായിരുന്നു.
പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരെ സമീപിക്കുകയും വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നു. ബിഹാറിൽ നിന്നും ഡൽഹി കാണാനായി യാത്ര തിരിച്ചതാണെന്നും, ട്രെയിൻ മാറിപ്പോയതിനെത്തുടർന്ന് പാലക്കാട് എത്തുകയായിരുന്നുവെന്നും പെൺകുട്ടികൾ അധികൃതരോട് വെളിപ്പെടുത്തി.
തുടർന്ന്, കുട്ടികൾ നൽകിയ ഫോൺ നമ്പറിൽ ഇവരുടെ മാതാവുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. തുടർനടപടികളുടെ ഭാഗമായി പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) മുൻപാകെ ഹാജരാക്കി.
വിവരമറിഞ്ഞതിനെത്തുടർന്ന് കുട്ടികളുടെ മാതാവ് പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. കൃത്യമായ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം മാത്രമേ ഇവരെ മാതാവിനൊപ്പം വിടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
നിലവിൽ പെൺകുട്ടികൾക്ക് കൗൺസലിങ് നൽകിയ ശേഷം ‘സ്നേഹിത’ കേന്ദ്രത്തിൽ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

