സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ തുടർച്ചയായി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യാൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.എൻ.
ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി.
വരും ദിവസങ്ങളിൽ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യും. ജനവിധി മാനിച്ച് പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കരുതായിരുന്നെന്ന അഭിപ്രായത്തിന് പുറമേ, പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് എന്തുകൊണ്ടാണെന്ന ഗൗരവകരമായ ചോദ്യവും യോഗത്തിൽ ഉയർന്നു.
പിണറായി ഭരണത്തിൽ ജനങ്ങൾ മാറ്റം ആഗ്രഹിച്ചുവെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയും ശൈലിയും പ്രയോഗ രീതികളും ജനങ്ങളെ വെറുപ്പിച്ചുവെന്നും അംഗങ്ങൾ തുറന്നടിച്ചു. പിണറായി വിജയനും എം.വി.
ഗോവിന്ദനും എതിരെ ശക്തമായ വികാരം യോഗത്തിൽ പ്രതിഫലിച്ചു. കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്കുണ്ടായ പരാജയം അപമാനകരമാണെന്ന് വിമർശനമുയർന്നു.
സമരങ്ങളിൽ നിന്ന് വിട്ടുനിന്ന് വികസനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ആറ് ജില്ലകളിൽ പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത സാഹചര്യം നേതൃത്വം വിശദീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ ചോദ്യാവലിയിലെ നിഗമനങ്ങളെ സെക്രട്ടേറിയറ്റിലെ പല അംഗങ്ങളും തള്ളിക്കളഞ്ഞു. ഭരണവിരുദ്ധ തരംഗം ഉണ്ടായിട്ടില്ലെങ്കിൽ എന്തിനാണ് പരാജയപ്പെട്ടതെന്ന് വ്യക്തമാക്കാൻ നേതൃത്വത്തോട് അംഗങ്ങൾ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെയും വിമർശനം ഉയർന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. പാലക്കാട്, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ പാർട്ടി പിടിച്ചുനിന്നെങ്കിലും, പാർട്ടിയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന കൊല്ലത്ത് ഉണ്ടായ വൻ തകർച്ച ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വിമർശനമുയർന്നു.
2011-ൽ 11 സീറ്റുകളിൽ വിജയിച്ചിരുന്ന മുന്നണി ഇത്തവണ രണ്ട് സീറ്റിലേക്ക് ഒതുങ്ങി. കൊട്ടാരക്കരയിൽ പി.
അയിഷപോറ്റി പാർട്ടി വിട്ടുപോയിട്ടും കെ.എൻ. ബാലഗോപാൽ വിജയിച്ചത് നേരിയ വോട്ടുകൾക്കാണ്.
അതേസമയം, അയിഷപോറ്റിയെ പരാജയപ്പെടുത്താൻ സാധിച്ചത് രാഷ്ട്രീയ നേട്ടമായി വിലയിരുത്തി. ചില മണ്ഡലങ്ങളിൽ ജില്ലാ സെന്ററിന്റെ ഭാഗത്തുനിന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് അംഗങ്ങൾ വ്യക്തമാക്കി.
ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും പരാജയപ്പെട്ടതിന് പിന്നിൽ സംഘടനാപരമായ വീഴ്ചയാണെന്നും, ‘ജെൻ–സി’ തലമുറയുടെ മനോഭാവം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും യോഗം വിലയിരുത്തി. കൂടാതെ, സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ചാത്തന്നൂരിലെ പരാജയത്തിന് സിപിഐ സ്ഥാനാർഥിക്കെതിരായ വികാരവും സിപിഎമ്മിന്റെ സംഘടനാ പ്രശ്നങ്ങളും കാരണമായെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

