വിദേശ യാത്രകൾക്ക് സർക്കാർ സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചു. ഇത്തരത്തിലുള്ള റിപ്പോർട്ടുകളിൽ വസ്തുതയുടെ കണിക പോലുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദേശ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എക്സിലൂടെ അദ്ദേഹം അറിയിച്ചു.
വിദേശ യാത്രകൾക്ക് സെസോ സർചാർജോ ചുമത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മാധ്യമ റിപ്പോർട്ടുകളോട് അപൂർവ്വമായി മാത്രം പ്രതികരിക്കുന്ന പ്രധാനമന്ത്രി, ഈ വാർത്തയിൽ ഒട്ടും സത്യമില്ലെന്ന് തുറന്നടിച്ചു.
സംഭവത്തിൽ ഔദ്യോഗിക പ്രതികരണം വന്നതിന് പിന്നാലെ, വാർത്ത പിൻവലിച്ച് പ്രസ്തുത മാധ്യമസ്ഥാപനം ഖേദം പ്രകടിപ്പിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ഇന്ധന വിലയിൽ വർധനവുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെയും ഇന്ധന ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി ചില സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. അനാവശ്യ വിദേശ യാത്രകളും സ്വർണം വാങ്ങുന്നതും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നും, ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
ഇതിനിടെ, രാജ്യത്ത് പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രതികരണം താഴെ പറയുന്നതാണ്:
“This is totally false.
Not an iota of truth in this. There is no question of putting such restrictions on foreign travel.
We remain committed to improving ‘Ease of Doing Business’ and ‘Ease of Living’ for our people.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

