സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമോ എന്ന ചോദ്യത്തിന്, മന്ത്രിമാരുടെ എണ്ണത്തിൽ ലീഗ് പ്രത്യേക അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, അന്തിമ തീരുമാനത്തിൽ എല്ലാ കാര്യങ്ങളും ഉൾപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിമാരാരൊക്കെ എന്നതിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വി.ഡി.
സതീശനെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തിൽ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും, കോൺഗ്രസ് ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗ് ആക്രമിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് “കായുള്ള മരത്തിലെ ആളുകൾ കല്ലെറിയൂ” എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ മറുപടി.
കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന് “കോഴിക്കോടും കേരളത്തിൽ അല്ലേ, കോഴിക്കോട് നിന്നും മന്ത്രി ഉണ്ടാകേണ്ടതല്ലേ” എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. എന്നാൽ, ലീഗിൽ നിന്ന് വനിതാ മന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകാൻ തയ്യാറായില്ല.
അതേസമയം, മന്ത്രിമാരുടെ എണ്ണം, വകുപ്പുകൾ എന്നിവ സംബന്ധിച്ച് ഇന്നത്തെ യുഡിഎഫ് യോഗത്തിൽ ധാരണയായില്ല. നാളെ രാവിലെ മുതൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.
നാളെ വൈകുന്നേരത്തോടെ പ്രഖ്യാപനമുണ്ടായേക്കും. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വൻ ആഘോഷമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
ഒരു ലക്ഷത്തോളം പേരെ ചടങ്ങിൽ അണിനിരത്തും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്യെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട
അതൃപ്തിയിൽ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നേതൃത്വം ശക്തമാക്കി. നിയുക്ത മുഖ്യമന്ത്രി വി.ഡി.
സതീശൻ നേരിട്ടെത്തി ചെന്നിത്തലയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രിസഭയിൽ ചേരണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും, ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ചെന്നിത്തല. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.
വി.ഡി. സതീശൻ തന്നെ ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്ന് വിശേഷിപ്പിച്ചപ്പോൾ, സതീശനെ മുഖ്യമന്ത്രിയായി നിയോഗിച്ചതിൽ താൻ സന്തോഷിക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
എന്നാൽ, വൈകിട്ട് നടന്ന യുഡിഎഫ് യോഗത്തിൽ ചെന്നിത്തല പങ്കെടുത്തില്ല. അസുഖബാധിതനായ തമ്പാനൂർ രവിയെ സന്ദർശിക്കാൻ പോയ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

