പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനത്തിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ സെക്രട്ടറി സാമന്ത് ഗോയൽ രംഗത്ത്. സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ശരിയായി തോന്നുന്നില്ലെന്നും, സുരക്ഷാ ക്രമീകരണങ്ങൾ കുറയ്ക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നേരിട്ട ആക്രമണങ്ങളെ ചൂണ്ടിക്കാട്ടിയാണ് സാമന്ത് ഗോയൽ ഈ പ്രതികരണം നടത്തിയത്.
നിലവിലെ ആഗോള സുരക്ഷാ സാഹചര്യം അപ്രവചനീയമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. “ഏറ്റവും സുരക്ഷിത രാജ്യമെന്ന് കരുതുന്ന അമേരിക്കയിൽ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന് നേരെ മൂന്ന് ആക്രമണങ്ങളാണ് ഉണ്ടായത്.
ഇന്ത്യക്കെതിരായ നിലപാടുമായി നിരവധി ഘടകങ്ങൾ ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ അയൽരാജ്യത്തടക്കം ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
അതിനാൽ ഈ ഒരു സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ക്രമീകരണങ്ങൾ തീർച്ചയായും ഒരുക്കേണ്ടതുണ്ടെന്നാണ് വ്യക്തിപരമായി തോന്നുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോണുകളും സ്നൈപ്പർ തോക്കുകളും ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ ഭീഷണികൾ കണക്കിലെടുക്കുമ്പോൾ, സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്ത ശേഷം കൂടുതൽ ശക്തമാക്കുകയാണ് വേണ്ടതെന്നും, നിലവിലെ നടപടി രാജ്യതാൽപര്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സുരക്ഷ എന്നത് ഒരു പദവിചിഹ്നമല്ലെന്നും ഭീഷണി വിലയിരുത്തി നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിൽ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നത് ശത്രുക്കൾക്ക് ആക്രമണം നടത്താൻ അവസരമൊരുക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മുതൽ പ്രധാനമന്ത്രിക്ക് നേരെ ഭീഷണികൾ നിലനിൽക്കുന്നുണ്ടെന്നും, രാജ്യാന്തര സംഘങ്ങളും ജിഹാദി ഗ്രൂപ്പുകളും അദ്ദേഹത്തെ ലക്ഷ്യം വെക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധന വിലയിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിനോടൊപ്പം വാഹന വ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ സുരക്ഷയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് സാമന്ത് ഗോയലിന്റെ നിലപാട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

