കേരളത്തിലെ വിപണിയിൽ സ്വർണവിലയിൽ കുത്തനെ കുറവ്. ഗ്രാമിന് 205 രൂപയുടെ കുറവുണ്ടായതോടെ വിപണി വില 14,675 രൂപയായി.
പവൻ ഒന്നിന് 1640 രൂപ കുറഞ്ഞ് 1,17,400 രൂപ എന്ന നിലയിലേക്കാണ് വില എത്തിയത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഇറക്കുമതി തീരുവ വർധിപ്പിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില ഉയർന്നു നിൽക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില ഒരാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
ക്രൂഡ് ഓയിൽ വിലയിലെ വർധനവും പണപ്പെരുപ്പ ഭീഷണിയും വിപണിയെ ബാധിച്ചിട്ടുണ്ട്. ഡോളർ സൂചിക 0.30 ശതമാനം ഉയർന്ന് 99.10ലെത്തിയത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിച്ചു.
യുഎസ് ട്രഷറി ബോണ്ട് യീൽഡ് ഒരു വർഷത്തെ ഉയർന്ന നിരക്കിലെത്തിയത് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് അകറ്റിയിട്ടുണ്ട്. ചൈനയിൽ നടക്കുന്ന ട്രംപ് – ഷി കൂടിക്കാഴ്ചയുടെ ഫലവും ഇറാൻ-യുദ്ധ സാഹചര്യത്തിലെ പുതിയ നീക്കങ്ങളും വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിച്ചേക്കും.
സ്വർണ ഇറക്കുമതി ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ‘അഡ്വാൻഡ് ഓതറൈസേഷൻ പദ്ധതി’ പ്രകാരം ജ്വല്ലറി കമ്പനികൾക്ക് നികുതിയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന സ്വർണത്തിന്റെ അളവ് 100 കിലോയായി നിജപ്പെടുത്തി.
നേരത്തെ ഈ പദ്ധതിയിൽ പരിധികൾ ഉണ്ടായിരുന്നില്ല. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായി വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ കർശന നടപടി.
18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 170 രൂപ കുറഞ്ഞ് 12,120 രൂപയിലെത്തി. ചില കേന്ദ്രങ്ങളിൽ 12,055 രൂപയ്ക്കും വ്യാപാരം നടക്കുന്നുണ്ട്.
വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 290 രൂപയായി. നിലവിലെ വിപണി നിരക്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ കുറഞ്ഞത് 1.33 ലക്ഷം രൂപയെങ്കിലും ചെലവാകും.
ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് മൂന്നു മുതൽ മുപ്പതു ശതമാനം വരെ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഈടാക്കും. ഇതിനുപുറമെ ഹോൾമാർക്കിങ് ചാർജും അതിന് 18 ശതമാനം ജിഎസ്ടിയും ഉപഭോക്താക്കൾ നൽകേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

