ഗൂഡല്ലൂരിൽ വർണ്ണാഭമായ പനിനീർ പുഷ്പമേളയ്ക്ക് ഔദ്യോഗിക തുടക്കമായി. ഊട്ടി പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഈ മേള കലക്ടർ ലക്ഷ്മി ഭവ്യ തന്നേരു ഉദ്ഘാടനം ചെയ്തു.
18-ാം തീയതി വരെ നീളുന്ന മേളയുടെ ആദ്യ ദിനത്തിൽ തന്നെ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. പച്ച, മഞ്ഞ, കറുപ്പ്, വയലറ്റ്, ഓറഞ്ച് തുടങ്ങിയ വിവിധ വർണ്ണങ്ങളിലുള്ള അപൂർവ്വയിനം പനിനീർപ്പൂക്കളാണ് ഇവിടെ സഞ്ചാരികളെ വരവേൽക്കുന്നത്.
ആകെ 4,301 ഇനത്തിൽപ്പെട്ട പനിനീർ പൂക്കൾ ഉദ്യാനത്തിൽ വിരിഞ്ഞുനിൽക്കുന്നുണ്ട്.
മേളയുടെ പ്രധാന ആകർഷണം 70,000 പൂക്കൾ ഉപയോഗിച്ച് നിർമ്മിച്ച കൂറ്റൻ അരയന്നങ്ങളുടെ മാതൃകയാണ്. നീലഗിരിയിലെ പക്ഷിസമ്പത്തിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മലമുഴക്കി വേഴാമ്പൽ, കഴുകൻ, തൂക്കണാംകുരുവി തുടങ്ങിയ പക്ഷികളുടെ രൂപങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഈ മാതൃകകൾക്ക് സമീപത്തായി സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ സന്ദർശകർക്ക് ഓരോ പക്ഷിയുടെയും ശബ്ദം നേരിട്ട് കേൾക്കാനുള്ള സൗകര്യവുമുണ്ട്. ഊട്ടി റോസ് ഗാർഡന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇത്തവണത്തെ പരിപാടികൾ.
രാജ്യാന്തര അംഗീകാരമായ ‘ഗാർഡൻ ഓഫ് എക്സ്സലൻസി’ അടക്കം ലഭിച്ച ഈ ഉദ്യാനത്തിലേക്കുള്ള പൂക്കളും കലാപരമായ മാതൃകകളും ബംഗളൂരു, ഓസൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് ഒരുക്കിയത്. ഇതിനോടകം തന്നെ വസന്തോത്സവ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.
മികച്ച പനിനീർ പുഷ്പങ്ങൾ പരിപാലിക്കുന്നവർക്കുള്ള അവാർഡ് വിതരണവും മേളയുടെ ഭാഗമായി നടക്കും. ഊട്ടിയിലെ പ്രധാന പുഷ്പമേളയുടെ തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകുമെന്ന് കലക്ടർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

