വാളയാർ ഡാം റോഡ് സ്വദേശിയായ ഉദയകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ മോഷണം പോയി ഒരാഴ്ചയ്ക്ക് ശേഷം തിരികെ ലഭിച്ചു. പിടിയിലാകുമെന്ന ഘട്ടം വന്നതോടെ മോഷ്ടാക്കൾ വാഹനം ഉടമയുടെ വീടിനു മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.
എന്നാൽ, സ്കൂട്ടറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും, ടൈൽസ് കട്ടിങ് മെഷീൻ, അളവെടുക്കുന്ന ടേപ്പ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ മാസം ഒന്നിന് വൈകിട്ട് നാലരയോടെ ചന്ദ്രാപുരം പതിനാലാം കല്ലിനു സമീപമുള്ള ഹോട്ടലിന് മുന്നിൽ നിന്നാണ് നിർമ്മാണത്തൊഴിലാളിയും കോൺട്രാക്ടറുമായ ഉദയകുമാറിന്റെ സ്കൂട്ടർ മോഷണം പോയത്.
ഭക്ഷണം വാങ്ങി മടങ്ങിയെത്തിയപ്പോഴേക്കും വാഹനം കാണാതാവുകയായിരുന്നു. സംഭവത്തിൽ ഉടമ വാളയാർ പൊലീസിൽ പരാതി നൽകിയിരുന്നു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാവുകയും അവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതാണ് മോഷ്ടാക്കളെ സമ്മർദ്ദത്തിലാക്കിയത്. തിരിച്ചറിയപ്പെടും എന്ന ഘട്ടമെത്തിയതോടെ വാഹനം തിരികെ എത്തിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടെങ്കിലും സ്കൂട്ടർ തിരികെ ലഭിച്ച സാഹചര്യത്തിൽ പരാതിയില്ലെന്ന് ഉദയകുമാർ പൊലീസിനെ അറിയിച്ചു. എങ്കിലും, ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് വാളയാർ പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

