കോഴിക്കോട് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരൻ ചികിത്സയിൽ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി നിലവിൽ ചികിത്സയിലുള്ളത്.
കോട്ടൂർ സ്വദേശിയായ കുട്ടിക്ക് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടർന്നാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മൂന്ന് ദിവസം മുൻപ് കൂട്ടുകാർക്കൊപ്പം കനാലിൽ കുളിച്ചതിൽ നിന്നാകാം രോഗബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഇതിന്റെ ഫലം ലഭിച്ചാൽ മാത്രമേ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് അന്തിമ സ്ഥിരീകരണമുണ്ടാകൂ. കോഴിക്കോട് ജില്ലയിൽ ഇടവേളയ്ക്ക് ശേഷമാണ് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

