ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെ നീക്കം ചെയ്ത നടപടിക്കെതിരെ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് പരസ്യമായി രംഗത്ത്.
വിദേശ പരിശീലകനെ നിയമിക്കുന്നതിനായുള്ള താല്പര്യമാണ് തന്നെ മാറ്റുന്നതിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ തഴഞ്ഞ ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ശ്രീജേഷ് പ്രതികരിച്ചത്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ടൂർണമെന്റുകളിൽ അഞ്ച് മെഡലുകൾ ടീമിന് നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ നീക്കം.
ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: “It’s seems like My coaching career comes to an end after 1.5 years, during which we played 5 tournaments and secured 5 podium finishes, including a Junior World Cup bronze medal.I have heard about coaches getting fired after bad performances.But this is the first time I am…— sreejesh p r (@16Sreejesh) May 13, 2026” സീനിയർ ടീം പരിശീലകന്റെ താല്പര്യപ്രകാരമാണ് ജൂനിയർ തലത്തിലും വിദേശിയെ നിയമിക്കാൻ ഹോക്കി ഇന്ത്യ പ്രസിഡന്റ് തീരുമാനിച്ചതെന്ന് ശ്രീജേഷ് ആരോപിക്കുന്നു. വിദേശ പരിശീലകരോടുള്ള ഹോക്കി ഇന്ത്യയുടെ അമിത താല്പര്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
“ഇന്ത്യൻ ഹോക്കിയെ വളർത്താൻ ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ?” എന്ന് ചോദിച്ച ശ്രീജേഷ്, രാജ്യത്ത് മികച്ച മുൻതാരങ്ങൾ ലഭ്യമായിരിക്കെ ദേശീയ ടീമുകളിൽ വിദേശികളെ മാത്രം നിയമിക്കുന്നതിലെ ഔചിത്യവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2036 ഒളിമ്പിക്സ് ലക്ഷ്യമാക്കി ശ്രീജേഷിനെപ്പോലെയുള്ളവർ പരിശീലന രംഗത്തേക്ക് കടന്നുവരണമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ മാർച്ചിൽ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ സർക്കാർ നിലപാടിന് വിരുദ്ധമായാണ് ഹോക്കി ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവർത്തനം. ശ്രീജേഷിന്റെ പരിശീലന കാലയളവിൽ ജൂനിയർ ഏഷ്യ കപ്പിൽ സ്വർണ മെഡൽ, സുൽത്താൻ ഓഫ് ജോഹർ കപ്പിലും ജൂനിയർ ലോകകപ്പിലും വെങ്കല മെഡൽ എന്നിവ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
യുവതാരങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന പരിശീലകനെ പെട്ടെന്ന് മാറ്റിയത് ഇന്ത്യൻ ഹോക്കിയുടെ ഭാവി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കായിക പ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

