ചെറുവത്തൂർ: കാര്യങ്കോട് മുതൽ കാലിക്കടവ് വരെയുള്ള ദേശീയപാത നിർമ്മാണ പ്രവൃത്തികൾ കാലവർഷത്തിന് മുൻപായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഗതാഗതദുരിതം രൂക്ഷമാകുമെന്ന് ആശങ്ക. മട്ടലായി കുന്നിന് സമീപം റോഡിലുണ്ടായ വിള്ളലും, മയിച്ച വീരമലയിലെ മണ്ണിടിച്ചിലും ശാശ്വതമായി പരിഹരിക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളത്.
ഇതിനിടയിൽ മഴ ലഭിച്ചു തുടങ്ങിയത് പ്രവൃത്തികളെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ്. കഴിഞ്ഞ കാലവർഷത്തിൽ മണ്ണടിച്ചിലിനെത്തുടർന്ന് ഗതാഗതം സ്തംഭിച്ച മയിച്ച വീരമലയിൽ, തട്ടുകളായി തിരിച്ച് മണ്ണ് ഉറപ്പിക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്.
ഈ പ്രവൃത്തി പൂർത്തിയാക്കാൻ ദിവസങ്ങൾ ആവശ്യമാണ്. എന്നാൽ തുടർച്ചയായി ലഭിക്കുന്ന മഴ നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു.
കാലവർഷം ശക്തിപ്പെട്ടാൽ മണ്ണിടിച്ചിൽ പൂർണ്ണമായി തടയാൻ സാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. മട്ടലായി കുന്നിന് സമീപം റോഡിൽ രൂപപ്പെട്ട
വിള്ളലാണ് മറ്റൊരു പ്രധാന വെല്ലുവിളി. നിലവിലുള്ള പാതയ്ക്ക് സമാന്തരമായി മണ്ണ് നികത്തി നിർമിച്ച പുതിയ പാതയിലാണ് വിള്ളൽ കണ്ടെത്തിയത്.
ശാസ്ത്രീയമായ പഠനത്തിന് ശേഷം മാത്രമേ നിർമ്മാണം പാടുള്ളൂ എന്ന ആവശ്യം നാട്ടുകാർ ശക്തമാക്കുന്നുണ്ട്. വിള്ളൽ വീണ ഭാഗത്ത് 100 മീറ്റർ ആഴത്തിൽ റോഡ് പൊളിച്ചുമാറ്റി നിർമ്മാണം നടത്തിയെങ്കിലും, കനത്ത മഴയിൽ ഇവിടെ വീണ്ടും വിള്ളൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യം കണക്കിലെടുത്ത് നിലവിൽ ടാറിങ് പ്രവൃത്തി പൂർണ്ണതോതിൽ നടപ്പിലാക്കില്ലെന്നാണ് കരാർ കമ്പനി അധികൃതർ അറിയിച്ചിട്ടുള്ളത്. നേരത്തെ ചെറുവത്തൂരിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട
സമരം മൂലം 100 ദിവസത്തിലധികം പ്രവൃത്തികൾ തടസ്സപ്പെട്ടിരുന്നു. സമരം പരിഹരിക്കപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട
നിർമ്മാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. വീരമലയിൽ തട്ടുകളായി മണ്ണ് മാറ്റുന്ന പ്രവൃത്തി പൂർത്തിയാക്കാൻ രണ്ടു മാസത്തോളം സമയം വേണ്ടിവരുമെന്നിരിക്കെ, കാലവർഷം കനക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

