സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യുമ്പോൾ നൽകേണ്ട നികുതി നിരക്ക് വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം രാജ്യത്ത് സ്വർണക്കടത്ത് വർധിക്കാൻ കാരണമാകുമെന്ന് ആശങ്ക.
2024-ൽ ഇറക്കുമതി തീരുവ കുറച്ചതോടെ കേരളത്തിലടക്കം സ്വർണക്കടത്ത് കേസുകളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ നിലവിൽ തീരുവ 15 ശതമാനമായി ഉയർത്തിയതോടെ അനധികൃത മാർഗങ്ങളിലൂടെ സ്വർണം കടത്തുന്ന സംഘങ്ങൾ വീണ്ടും സജീവമാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരവും രൂപയുടെ വിനിമയ നിരക്കും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങളെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. ഇറാൻ-യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിച്ചിരുന്നു.
ഈ സാഹചര്യത്തിൽ വിദേശ വ്യാപാരത്തിനായി കൂടുതൽ ഡോളർ ചെലവഴിക്കേണ്ടി വന്നതും വിദേശ നാണ്യ ശേഖരത്തിൽ ഇടിവുണ്ടാക്കി. നിലവിൽ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് അഞ്ച് ശതമാനം നികുതിയും ഒരു ശതമാനം സെസുമാണ് ഈടാക്കിയിരുന്നത്.
ഇതിനു പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഉപഭോക്താക്കൾ നൽകണം. ഇനി മുതൽ 10 ശതമാനം നികുതിയും അഞ്ച് ശതമാനം സെസും നൽകേണ്ടി വരും.
നേരത്തെ ഒരു കിലോ സ്വർണം നികുതി അടക്കാതെ ഇന്ത്യയിലെത്തിച്ചാൽ കടത്തുകാർക്ക് ഒമ്പത് ലക്ഷം രൂപയോളം ലാഭം ലഭിച്ചിരുന്നു. 2024-ൽ തീരുവ ആറ് ശതമാനമായി കുറച്ചതോടെ സ്വർണം കടത്തിയാൽ ലഭിക്കുന്ന നേട്ടം കുത്തനെ ഇടിഞ്ഞു.
എന്നാൽ നിലവിലെ വിലനിലവാരത്തിൽ ഒരു കിലോ സ്വർണം നികുതി വെട്ടിച്ച് എത്തിച്ചാൽ കടത്തുകാർക്ക് 20 ലക്ഷം രൂപ വരെ ലാഭം ലഭിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മൂന്നു ശതമാനം ജിഎസ്ടി കൂടി കണക്കാക്കുമ്പോൾ ഇത് 24 ലക്ഷം രൂപ വരെയായി വർധിക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ നാസർ പറഞ്ഞു.
നേരത്തെ 15 ശതമാനം നികുതി നിലനിന്നപ്പോഴാണ് ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 1000 ടണ്ണായി വർധിച്ചത്. തീരുവ വർധിപ്പിച്ചത് സമാന്തര സ്വർണവിപണി സജീവമാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുസംബന്ധിച്ചുള്ള നികുതി വർധന കേരളത്തിലെ ചില്ലറ പണപ്പെരുപ്പത്തെയും ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. കേരളത്തിലെ സ്വർണവിലയിൽ ഉണ്ടായ മാറ്റം പവന് 10,200 രൂപയുടെ വർധനയ്ക്കാണ് കാരണമായത്.
ഉയർന്ന ഉപഭോഗമുള്ള കേരളത്തിൽ ഈ വിലവർധന പണപ്പെരുപ്പ കണക്കുകളിൽ പ്രതിഫലിക്കുമെന്നും, സർക്കാരിന്റെ നികുതി വരുമാനത്തെ ഇത് സാരമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

