സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശനഫീസ് ഈടാക്കുന്നതിനെക്കുറിച്ച് മൂന്നാർ പഞ്ചായത്ത് ആലോചിക്കുന്നു. പ്രധാന പ്രവേശന കവാടങ്ങളിൽ ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിച്ചുകൊണ്ട് ഫീസ് പിരിക്കാനാണ് തീരുമാനം.
ഇത് സംബന്ധിച്ച നിരക്കുകൾ ഇന്ന് (13) നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കുമെന്ന് പ്രസിഡന്റ് എസ്.വിജയകുമാർ അറിയിച്ചു. വിനോദസഞ്ചാരികൾ മൂന്നാറിലെ വിവിധയിടങ്ങളിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് പഞ്ചായത്ത് ഭരണസമിതി തയ്യാറെടുക്കുന്നത്.
മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ വേതനം, മാലിന്യ സംസ്കരണം എന്നിവയ്ക്കുള്ള ചെലവ് കണ്ടെത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുക. പഴയ മൂന്നാർ (അടിമാലി റോഡ്), പോലീസ് സ്റ്റേഷന് സമീപം (ദേവികുളം റോഡ്), പെരിയവര കവല (മറയൂർ റോഡ്) എന്നിവിടങ്ങളിലായിരിക്കും ചെക്പോസ്റ്റുകൾ പ്രവർത്തിക്കുക.
സഞ്ചാരികളിൽ നിന്ന് ഫീസ് ഈടാക്കുന്നതിനൊപ്പം, മാലിന്യങ്ങൾ നിക്ഷേപിക്കാൻ സഞ്ചികളും വിതരണം ചെയ്യും. വിനോദസഞ്ചാരികൾക്ക് തരംതിരിച്ച മാലിന്യങ്ങൾ മടക്കയാത്രയിൽ ചെക്പോസ്റ്റുകളിൽ തിരികെ ഏൽപ്പിക്കാവുന്നതാണ്.
വാഹനങ്ങളുടെ വലിപ്പത്തിനനുസരിച്ചായിരിക്കും ഫീസ് നിരക്ക് നിശ്ചയിക്കുക. പ്രതിദിനം ശരാശരി 1500 മുതൽ 2500 വരെ വാഹനങ്ങളാണ് മൂന്നാറിലെത്തുന്നത്.
വിനോദസഞ്ചാര സീസണുകളിൽ ഇത് 5000 വരെയായി ഉയരാറുണ്ട്. ഇതിനുമുമ്പേ തന്നെ കാന്തല്ലൂർ പഞ്ചായത്ത് കോവിൽക്കടവിന് സമീപം ചെക്പോസ്റ്റ് സ്ഥാപിച്ച് പ്രവേശനഫീസ് ഈടാക്കുന്നുണ്ട്.
ചെറിയ വാഹനങ്ങൾക്ക് 30 രൂപയും വലിയ വാഹനങ്ങൾക്ക് 100 രൂപയുമാണ് കാന്തല്ലൂരിൽ നിലവിൽ ഈടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

