തിരുവനന്തപുരം കഴക്കൂട്ടത്ത് ഓട്ടോറിക്ഷയ്ക്ക് വഴി നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടൽ ജീവനക്കാർക്ക് നേരെ ക്രൂരമായ ആക്രമണം. അൽസാജ് ഹോട്ടലിലെ ജീവനക്കാരായ ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി ദിവ്യ (33) എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയോരത്തെ അൽസാജ് ഹോട്ടലിന് മുന്നിൽ ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാർ സഞ്ചരിച്ച വഴിയുമായി ബന്ധപ്പെട്ട് എതിരെ വന്ന ഓട്ടോറിക്ഷയുമായി തർക്കം ഉണ്ടാവുകയും, അത് പിന്നീട് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. മർദ്ദനത്തിൽ അഭിയുടെ തലയ്ക്ക് തറയോട് കൊണ്ടുള്ള അടിയിൽ ഗുരുതരമായി പരിക്കേറ്റു.
ചവിട്ടേറ്റ് നിലത്തുവീണ ദിവ്യയെയും അക്രമികൾ മർദ്ദിച്ചു. കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് ഭാരവാഹി ഷാജിയുടെ നേതൃത്വത്തിലാണ് മർദ്ദനമുണ്ടായതെന്ന് ഹോട്ടൽ ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഹോട്ടൽ ജീവനക്കാർ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അതേസമയം, തങ്ങളെയാണ് ജീവനക്കാർ മർദ്ദിച്ചതെന്ന് ആരോപിച്ച് ഷാജി ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

