ദില്ലി: പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള ഉന്നതതല സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. നിയമന പ്രക്രിയയിൽ സുതാര്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുൽ ഗാന്ധി കത്ത് നൽകിയത്.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകൾ നൽകിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങൾ മാത്രം നൽകിയതെന്നും രാഹുൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്നും സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തതായും, പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് ലക്ഷ്യംവെയ്ക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി 2026 മെയ് 24-ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ശത്രുജിത്ത് സിംഗ് കപൂർ, ജി.പി. സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെങ്കിലും, പ്രവീൺ സൂദിന് കാലാവധി നീട്ടിനൽകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

