കോഴിക്കോട്: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരത്തിലെ പാളയം പഴം-പച്ചക്കറി മാർക്കറ്റിൽ സമഗ്ര ശുചീകരണ പ്രവർത്തനം നടത്തി. ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുന്ന മാർക്കറ്റിൽ, രോഗപ്രതിരോധ മുൻകരുതലുകളുടെ ഭാഗമായാണ് ജനകീയ ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
മഴക്കാലത്ത് പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത മുൻകൂട്ടി കണ്ട് ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. കോർപറേഷൻ മേയർ ഒ.സദാശിവൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
“പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഓരോരുത്തരുടെയും പങ്ക് നിർണായകമാണെന്നും ശുചിത്വം ഒരു ദിവസത്തെ പ്രവർത്തനം മാത്രമല്ല, ജീവിതശൈലിയായി മാറേണ്ടതാണെന്നും” മേയർ പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ സാറ ജാഫർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ കെ.
ദിലീപ് കുമാർ, മുൻ കൗൺസിലർ പി.കെ.നാസർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.റിഷാദ് എന്നിവർ സംസാരിച്ചു. മാർക്കറ്റിലെ ഓവുചാലുകൾ വൃത്തിയാക്കിയും കെട്ടിക്കിടന്ന ജൈവ-അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തുമാണ് പരിസരം ശുചീകരിച്ചത്.
മഴവെള്ളം തടസ്സമില്ലാതെ ഒഴുകുന്നതിനായി ഓവുചാലുകളിലെ തടസ്സങ്ങളും നീക്കി. കോർപറേഷൻ പരിധിയിലെ 76 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മേയർ അറിയിച്ചു.
“മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഇടങ്ങൾ, ജനങ്ങൾ കൂടുതലായി ഒത്തുചേരുന്ന കേന്ദ്രങ്ങൾ എന്നിവ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് മഴക്കാലത്ത് പടരാൻ സാധ്യതയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ആരോഗ്യകരമായ നഗര ജീവിതത്തിനായി ശുചിത്വ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സജീവ സഹകരണം അനിവാര്യമാണെന്നും” അദ്ദേഹം വ്യക്തമാക്കി. വ്യാപാരികൾ, ഉന്തുവണ്ടി കച്ചവടക്കാർ, പോർട്ടർമാർ, കോർപറേഷൻ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ സേനാംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി.സുജിത്ത്, കെ.രാജേഷ്, വിഷ്ണുപ്രസാദ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

