കൽപറ്റ ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രത്തിൽ ഉണ്ടാകാത്ത രീതിയിൽ കൽപറ്റയിലെ എൽഡിഎഫ് സ്ഥാനാർഥിക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ സിപിഎം. കൽപറ്റയിലെ സ്ഥാനാർഥി തോറ്റ മറ്റെല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞതു രണ്ടു പഞ്ചായത്തുകളിലെങ്കിലും ലീഡ് നേടാൻ എൽഡിഎഫിനു കഴിഞ്ഞിരുന്നു.
എന്നാൽ, ഇക്കുറി സ്വന്തം കോട്ടകളിൽപ്പോലും എൽഡിഎഫിനു കാലിടറി.
നേരത്തേ, രാഹുൽ ഗാന്ധി മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2024ൽ പ്രിയങ്ക ഗാന്ധി മത്സരിച്ച ഉപതിരഞ്ഞെടുപ്പിലും മാത്രമാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിനു ഭൂരിപക്ഷം നേടാനായത്. 2025ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും വൈത്തിരി, കൽപറ്റ നഗരസഭ എന്നിവിടങ്ങളിൽ എൽഡിഎഫിനായിരുന്നു ലീഡ്.
എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ 10 പഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലുമെല്ലാം യുഡിഎഫ് നല്ല ഭൂരിപക്ഷമാണു നേടിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 5701 വോട്ടിന്റെ ഭൂരിപക്ഷം 9 ഇരട്ടിയോളം വർധിപ്പിച്ചാണ് ഇത്തവണ ടി.സിദ്ദീഖിന്റെ വിജയം. യുഡിഎഫ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിജയമാണു കൽപറ്റയിൽ ഉണ്ടായത്.
ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളായതിനാൽ തിരിച്ചടിയുടെ ആഘാതം കുറഞ്ഞുവെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.
നമ്മൾ എന്തുകൊണ്ടു തോറ്റു?
കൽപറ്റയിൽ സീറ്റ് ഘടകക്ഷിക്കു കൊടുത്തതും സ്ഥാനാർഥിനിർണയത്തിലുണ്ടായ പിഴവും ബാധിച്ചുവെന്ന് നേതാക്കൾ പറയുന്നു. എന്നാൽ, മുൻ കോൺഗ്രസ് നേതാവ് കൂടിയായ ആൾ സ്ഥാനാർഥി ആയതോടെ നല്ല മത്സരമാണു കാഴ്ചവയ്ക്കുന്നതെന്നായിരുന്നു പ്രചാരണസമയത്തു സിപിഎം നേതാക്കളുടെ വിലയിരുത്തൽ.
തോട്ടം തൊഴിലാളി മേഖലയിൽ നിന്നുള്ള സംഘടനാ നേതാവും ജില്ലാ പഞ്ചായത്ത് മുൻ അംഗം, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ആളാണു സ്ഥാനാർഥി എന്നതും ഗുണകരമാകുമെന്നായിരുന്നു നേതാക്കളുടെ വാദം.
ലളിതമായങ്ങ് പറയാനും പറ്റില്ല!
സിപിഎം നേതൃത്വം വോട്ടെടുപ്പിനു ശേഷം നടത്തിയ കണക്കുകൂട്ടലിലും പരമാവധി 2000 വോട്ടിനു യുഡിഎഫിനു പിന്നിലായേക്കാമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ സംഭവിച്ച വൻതോൽവിയിൽ സ്വയം കുറ്റപ്പെടുത്താത്ത തരത്തിൽ ഒരു കാരണവും പറയാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎമ്മും എൽഡിഎഫും.
‘ഏതെങ്കിലും ഒരു മേഖലയിൽ വോട്ടിലെ കുറവായിരുന്നു എങ്കിൽ അങ്ങനെ കാരണം പറയാമായിരുന്നു.
എല്ലായിടത്തുമുണ്ടായ വൻ വോട്ടുവർധനയ്ക്കൊപ്പം എൽഡിഎഫിലെ വോട്ടുകൾ തന്നെ കൂട്ടത്തോടെ മറഞ്ഞതായാണു മനസ്സിലാക്കേണ്ടത്’ – ഒരു എൽഡിഎഫ് നേതാവ് പറഞ്ഞു. എൻഡിഎ വോട്ട് വർധിപ്പിച്ചതിനാൽ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണം ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയും എൽഡിഎഫ് നേരിടുന്നു.
തുടർച്ചയായ പരാജയങ്ങൾ ഘടകക്ഷിയായ ആർജെഡിയുടെ സീറ്റ് അവകാശ വാദത്തെയും പ്രതികൂലമാക്കിയേക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

