യുഎസ്, ഇറാൻ പ്രതിനിധികൾ തമ്മിൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്നേക്കുമെന്ന് പ്രതീക്ഷിച്ച തുടർചർച്ചാനീക്കം പൊളിഞ്ഞതോടെ ഓഹരി വിപണികളും സ്വർണവും വീണ്ടും ഇടിവിന്റെ ട്രാക്കിലായി. ക്രൂഡ് ഓയിൽ വില കുതിച്ചുകയറ്റവും തുടങ്ങി.
പാക്കിസ്ഥാനിലേക്ക് പോകാനിരുന്ന യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ കൂടിയായ ജെയേഡ് കുഷ്നർ എന്നിവരെ ട്രംപ് മടക്കിവിളിച്ചു.
‘‘യാത്ര ചെയ്ത് വെറുതേ കുറേ സമയം കളഞ്ഞു, ഞങ്ങൾക്ക് വേറെ കുറേ ജോലിയുണ്ട്. ഇറാനിൽ ആരാണ് ലീഡർ എന്നതിനെക്കുറിച്ച് അവർക്കിടയിൽ തന്നെ തർക്കമാണ്.
ആരാണ് ലീഡർ എന്ന് ആർക്കും അറിയില്ല. ഇനി ചർച്ച വേണമെങ്കിൽ ഇറാൻ തീരുമാനിക്കട്ടെ’’ – ട്രംപ് പറഞ്ഞു.
കാണാതെ മടങ്ങി അരഗ്ചി
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വീണ്ടും പാക്കിസ്ഥാനിൽ വന്നെങ്കിലും യുഎസുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി.
പാക്കിസ്ഥാനി പ്രതിനിധികളെ മാത്രം കണ്ട അരഗ്ചി റഷ്യയിലേക്ക് പറന്നുവെന്നാണ് അറിയുന്നത്.
യുഎസുമായി ചർച്ചയില്ലെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഗേയിയും പറഞ്ഞു. ഇനി ചർച്ച വേണമെങ്കിൽ അതു ഫോണിലാകെന്ന് ട്രംപും പ്രതികരിച്ചു.
ഹോർമുസാണ് ആശങ്ക, കുടുങ്ങിയത് 100 കണക്കിന് കപ്പലുകൾ
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും ഇറാനും യുഎസും കപ്പൽ ഉപരോധം കടുപ്പിച്ചതുമാണ് എണ്ണവിലയെ കുതിപ്പിന്റെ പാതയിലാക്കിയത്.
യുദ്ധത്തിന് മുൻപ് പ്രതിദിനം ശരാശരി 135 കപ്പലുകൾ പോയിരുന്ന പാത ഇപ്പോൾ ഏറക്കുറെ നിശ്ചലം. 100 കണക്കിന് കപ്പലുകൾ ഹോർമുസിന് ഇരുവശത്തുമായി കുടുങ്ങിക്കിടക്കുന്നു.
ഈ കപ്പലുകളിലായി ഏതാണ്ട് 20,000ൽപ്പരം ജീവനക്കാരുമുണ്ട്.
107 കടന്ന് ക്രൂഡ് ഓയിൽ
ചർച്ചാനീക്കം പാളിയതോടെ ക്രൂഡ് ഓയിൽ വില തിളച്ചുകയറുകയാണ്. യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) ബാരലിന് 1.90% ഉയർന്ന് 96.19 ഡോളറിലെത്തി.
ബ്രെന്റ് വില 1.97% വർധിച്ച് 107.4 ഡോളറും. എണ്ണവില വർധിക്കുന്നത് വീണ്ടും പണപ്പെരുപ്പപ്പേടിക്ക് ആഗോളതലത്തിൽ തന്നെ ഇടവരുത്തിയിട്ടുണ്ട്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയ യോഗം ബുധനാഴ്ചയാണ്.
യുഎസ് ഫെഡിൽ നിർണായകം
നിലവിലെ യുഎസ് ഫെഡ് ഗവർണർ ജെറോം പവലിന്റെ അവസാന പണനയ നിർണയ യോഗമാണിത്. പലിശനിരക്കിൽ മാറ്റംവരുത്താൻ സാധ്യതയില്ല.
പവലിന്റെ പകരക്കാരനായി മേയിൽ ട്രംപിന്റെ ‘വിശ്വസ്തൻ’ കെവിൻ വാർഷ് മേയിൽ ചുമതലയേൽക്കും. വാർഷിന്റെ സ്ഥാനാരോഹണം ഉറപ്പാക്കാനായി, പവലിനുമേലുള്ള ‘ക്രിമിനൽ’ കേസന്വേഷണം യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അവസാനിപ്പിച്ചിരുന്നു.
വാർഷിന്റെ നിയമനം നടക്കാൻ വേണ്ടിമാത്രമാണ് അന്വേഷണം നിർത്തിയതെന്നും ഇത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ കൗശലമാണെന്നും വിമർശനങ്ങളുണ്ട്.
അന്വേഷണം തുടർന്നിരുന്നെങ്കിൽ അത് അവസാനിപ്പിക്കുംവരെ പവലിന് ചെയർമാൻ പദവിയിൽ തുടരാമായിരുന്നു. യുഎസ് ഫെഡ് ആസ്ഥാന മന്ദിരം ശതകോടികൾ ചെലവിട്ട് മോടിപിടിപ്പിച്ചത് ധൂർത്ത് ആണെന്ന ആരോപണത്തിന്മേലായിരുന്നു അന്വേഷണം.
വാർഷ് സ്ഥാനമേറ്റുകഴിഞ്ഞാൽ അന്വേഷണം വീണ്ടും പൊടിതട്ടിയെടുക്കുമെന്ന ആരോപണങ്ങളുണ്ട്.
ഓഹരി വിപണിക്ക് വീഴ്ച
ഇറാൻ-യുഎസ് ചർച്ചകൾ പാളിയതും യുഎസ് ഫെഡിന്റെ കേന്ദ്രീകരിച്ചുള്ള ചലനങ്ങളും ഓഹരി വിപണിയെ സമ്മർദത്തിലാക്കി. യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.2%, എസ് ആൻഡ് പി500 സൂചിക, നാസ്ഡാക് എന്നിവ 0.3% വീതം എന്നിങ്ങനെ വീണു.‘മഗ്നിഫിസന്റ് 7’ എന്നറിയപ്പെടുന്ന യുഎസിലെ ടെക് ഭീമന്മാരായ ആമസോൺ, മെറ്റ, ഗൂഗിൾ (ആൽഫബെറ്റ്), മൈക്രോസോഫ്റ്റ്, ആപ്പിൾ, എൻവിഡിയ, ടെസ്ല എന്നിവയുടെ മാർച്ചുപാദ പ്രവർത്തനഫലങ്ങളും വിപണിയുടെ ഗതി നിശ്ചയിക്കും.
ഡോളറിന്റെ കരുത്ത്
ക്രൂഡ് ഓയിൽ വില വർധനയും പണപ്പെരുപ്പപ്പേടിയും യുഎസ് ഡോളർ ഇൻഡക്സ്, യുഎസ് ട്രഷറി യീൽഡ് (കടപ്പത്രത്തിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്ന ആദായനിരക്ക്) എന്നിവ കൂടാനിടയാക്കിയിട്ടുണ്ട്.
ഇത് സ്വർണത്തിന് തിരിച്ചടിയായി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.08% ഉയർന്ന് 98.61ൽ എത്തി.
10-വർഷ യുഎസ് ട്രഷറി യീൽഡ് 4.25ൽ നിന്ന് 4.30 ശതമാനത്തിലുമെത്തിയിട്ടുണ്ട്.
സ്വർണവില വീഴുന്നു
കൂടുതൽ നേട്ടം ലഭിക്കുമെന്നതിനാൽ നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളെ കൈവിട്ട് ട്രഷറി നിക്ഷേപത്തിലേക്ക് മാറുന്നത് സ്വർണവിലയെ വീഴ്ത്തും. ഡോളർ ശക്തമാകുന്നത് ഡിമാൻഡിനെ ബാധിക്കുമെന്നതും വിലയെ താഴേക്ക് നയിക്കാം.
രാജ്യാന്തരവില രാവിലെയുള്ളത് ഔൺസിന് 44 ഡോളർ താഴ്ന്ന് 4678 ഡോളറിലാണ്. കേരളത്തിൽ ഇന്ന് രാവിലെ വില കുറഞ്ഞേക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.
ആവശ്യമറിയിച്ച് ഇറാൻ, തള്ളി ട്രംപ്
ഹോർമുസിനുമേലുള്ള ഇറാന്റെ അധികാരം അംഗീകരിക്കണമെന്നും യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണം മൂലം ഇറാൻ നേരിട്ട
നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകമെന്നുമാണ് ഇറാനുയർത്തുന്ന പ്രധാന ആവശ്യങ്ങൾ. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് യുഎസ് മറുപടി നൽകിയിട്ടുണ്ട്.
ഹോർമുസിൽ ടോൾ പിരിവിന് ഒമാനുമായി ചേർന്ന് സംവിധാനമൊരുക്കാം എന്ന ആശയവും ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ട്. ഒമാൻ പ്രതികരിച്ചിട്ടില്ല.
ഒറ്റരാത്രികൊണ്ട് പറ്റില്ല!
ഇറാന് ‘ആണവായുധം ഒരിക്കലും’ കിട്ടില്ലെന്ന വാദത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ് ട്രംപ്.
ഇറാൻ അവരുടെ പക്കലുള്ള യുറേനിയം യുഎസിന് കൈമാറുമെന്നും ട്രംപ് പറയുന്നു. ഇതുപക്ഷേ, ഇറാൻ തള്ളിയിരുന്നു.
യുഎസും ഇറാനും തമ്മിലെ പ്രശ്നം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്നും സമയമെടുക്കുമെന്നുമാണ് പാക്കിസ്ഥാൻ പറയുന്നത്. യുദ്ധത്തിൽ ഇതുവരെ ഇറാനിൽ 3375 പേരാണ് കൊല്ലപ്പെട്ടത്.
ലെബനനിൽ 2509 പേരും. ഇസ്രയേലിൽ മരണസംഖ്യ 23.
ജോൺസ് നിയമം വീണ്ടും നീട്ടി ട്രംപ്
എണ്ണവില പിടിവിട്ടുയരുന്നത് യുഎസിനും ആഘാതമാണ്.
വില നിയന്ത്രിക്കാനും ഊർജോൽപന്ന ലഭ്യതയിലെ തടസ്സം ഒഴിവാക്കാനും പ്രസിഡന്റ് ട്രംപ് ‘ജോൺസ് ആക്ടിൽ’ അനുവദിച്ച ഇളവ് ഓഗസ്റ്റ് വരെ നീട്ടി. യുഎസിലേക്ക് എണ്ണയുൾപ്പെടെയുള്ള ഊർജോൽപന്നങ്ങൾ യുഎസ് കപ്പലുകളിൽ മാത്രമേ എത്തിക്കാവൂ എന്ന നിയമമാണിത്.
1920ൽ പ്രസിഡന്റ് ആയിരിക്കേ വൂഡ്രോ വിൽസൺ കൊണ്ടുവന്ന നിയമമാണിത്.
യുഎസ് ജിഡിപിക്കണക്ക് ഉടൻ
യുഎസ് ഫെഡിന്റെ മാത്രമല്ല, നാളെ (ഏപ്രിൽ 28) ബാങ്ക് ഓഫ് ജപ്പാൻ, ഏപ്രിൽ 30ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി), ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയും പണനയം പ്രഖ്യാപിക്കുമെന്നത് ഓഹരി വിപണികളെ സ്വാധീനിക്കും. ഏപ്രിൽ 30ന് യുഎസിന്റെ ജിഡിപിക്കണക്ക്, പണപ്പെരുപ്പക്കണക്ക്, തൊഴിൽക്കണക്ക് എന്നിവയും പുറത്തുവരും.
മുൻവർഷത്തെ മാർച്ചുപാദത്തിൽ യുഎസ് ജിഡിപി വളർച്ചനിരക്ക് 4.4ൽ നിന്ന് വെറും 0.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
കണക്കുപറയാൻ കമ്പനികൾ
കോർപ്പറേറ്റ് കമ്പനികളുടെ മാർച്ചുപാദ പ്രവർത്തനഫലമാണ് ഇന്ത്യൻ ഓഹരികളെ സ്വാധീനിക്കുന്ന മറ്റൊരു ‘അതീവ നിർണായക’ ഘടകം. അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, ഫെഡറൽ ബാങ്ക്, അവന്യൂ സൂപ്പർമാർട്സ്, ഇന്ത്യൻ ബാങ്ക്, ജിൻഡാൽ സ്റ്റീൽ, ബന്ധൻ ബാങ്ക്, എസ്ബിഐ കാർഡ്സ്, വരുൺ ബീവറേജസ്, വാരീ എനർജീസ്, എസിസി തുടങ്ങിയവ ഈവാരം പ്രവർത്തനഫലം പുറത്തുവിടും.
രൂപയുടെ വീഴ്ച
രൂപ കഴിഞ്ഞയാഴ്ച ഡോളറിനെതിരെ 1.78% ഇടിവ് നേരിട്ട് 94.22ൽ എത്തി.
എണ്ണവില വർധന, ഡോളറിന്റെ തേരോട്ടം, വിദേശ നിക്ഷപത്തിലെ ഇടിവ് എന്നിവയാണ് രൂപയ്ക്ക് സമ്മർദമാകുന്നത്. കഴിഞ്ഞയാഴ്ച മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) 17,000 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
Updating…
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

