അബുദാബി: അമിതവണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ ആരോഗ്യ പദ്ധതിയുടെ ഭാഗമായി പുതിയ ‘വെയ്റ്റ് ലോസ് ഗുളിക’ വിതരണം ചെയ്യാൻ അബുദാബി. യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എലി ലില്ലി വികസിപ്പിച്ച ‘ഫൗണ്ടായോ’ എന്ന മരുന്നാണ് അബുദാബി ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രത്യേക പദ്ധതിയിലൂടെ ലഭ്യമാക്കുക.
ഇതോടെ, അമേരിക്കയ്ക്ക് ശേഷം ഈ അത്യാധുനിക ചികിത്സയ്ക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി യുഎഇ മാറി. നിലവിൽ വിപണിയിലുള്ള ‘ഒസെംപിക്’, ‘വെഗോവി’ തുടങ്ങിയ ഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കുത്തിവെപ്പുകൾ ആണ്.
എന്നാൽ ‘ഫൗണ്ടായോ’ ടാബ്ലെറ്റ് രൂപത്തിലുള്ളതാണ്. ദിവസവും ഒരിക്കൽ കഴിക്കാവുന്ന ഈ ഗുളിക കൂടുതൽ സൗകര്യപ്രദമാണ്.
3,127 പേരിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ, 72 ആഴ്ച ഈ മരുന്ന് ഉപയോഗിച്ചവർക്ക് ശരാശരി 12.3 കിലോ വരെ ശരീരഭാരം കുറഞ്ഞതായി കണ്ടെത്തി. ഭാരം കുറയ്ക്കുന്നതിനൊപ്പം കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാനും ഈ മരുന്ന് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
അബുദാബി ആരോഗ്യ വകുപ്പിന്റെ ‘പേഴ്സണലൈസ്ഡ് വെയ്റ്റ് മാനേജ്മെന്റ്’ പദ്ധതിയിൽ ഉൾപ്പെട്ട അർഹരായ രോഗികൾക്ക് ഇംപീരിയൽ കോളേജ് ലണ്ടൻ ഡയബറ്റിസ് ആൻഡ് എൻഡോക്രൈൻ സെന്റർ വഴി ഈ മരുന്ന് ലഭിക്കും.
അമിതവണ്ണമുള്ളവർക്കും അതുമൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമാണ് ഇത് നൽകുന്നത്. യുഎഇയിലെ 26 ശതമാനം പുരുഷന്മാരും 30 ശതമാനം സ്ത്രീകളും അമിതവണ്ണമുള്ളവരാണെന്ന ഗ്ലോബൽ ഒബീസിറ്റി ഒബ്സർവേറ്ററിയുടെ കണക്കുകൾ കണക്കിലെടുത്താണ് ഈ സുപ്രധാന നീക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

