നീലേശ്വരം ∙ ദേശീയപാതയിൽ മാർക്കറ്റിലെ പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ ഫിറ്റ്നസ് പരിശോധിക്കാൻ ഐഐടി സംഘവും ദേശീയപാത അതോറിറ്റി സംഘവും നീലേശ്വരത്തെത്തി. പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ കൂടുതൽ പരിശോധന നടത്തുമെന്ന് വിദഗ്ധസംഘം അറിയിച്ചു.
പുഴയിലൂടെ തോണിയിൽ പാലത്തിന്റെ അടിവശത്തെത്തി സംഘം പരിശോധന നടത്തി. ബലക്ഷയം വന്ന ഭാഗങ്ങളും, വടക്കുഭാഗത്ത് ചതുപ്പ് മണ്ണിട്ടുനികത്തിയ ഭാഗവും സംഘാംഗങ്ങൾ പരിശോധിച്ചു.
പ്രസ്തുത പാലം മുതൽ പൊലീസ് സ്റ്റേഷൻ വരെ എലിവേറ്റഡ് ബ്രിജ് ആവശ്യപ്പെട്ട് നഗരസഭ അഡ്ഹോക് കമ്മിറ്റിയും ജനകീയ സമരസമിതിയും നടത്തി വരുന്ന സമരം ശക്തമാകുന്നതിനിടെ നടന്ന പരിശോധന ആകാശപ്പാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. നീലേശ്വരം പ്രസ് ഫോറം സെക്രട്ടറി സുരേഷ് മടിക്കൈ, പി.കെ.ബാലകൃഷ്ണൻ, മണി കോട്ടപ്പുറം, ജനകീയ സമരസമിതി കൺവീനർ ഡി.രാജൻ, പത്മരാജൻ ഐങ്ങോത്ത്, ഗോപിനാഥൻ മുതിരക്കാൽ, രാജേന്ദ്രകുമാർ കോറോത്ത് എന്നിവർ പരിശോധനയ്ക്കിടെ സംഘാംഗങ്ങളുമായി സംസാരിച്ചു.
1957ൽ നിർമിച്ച പാലം നിലനിർത്തുന്നതിലും, ചതുപ്പിൽ എംബാങ്ക്മെന്റ് രീതിയിലുള്ള നിർമാണത്തിലും ജനങ്ങൾക്കുള്ള ആശങ്ക ഇവർ വിദഗ്ധ സംഘത്തെ ധരിപ്പിച്ചു. 6 വരിപ്പാതയിൽ പഴയപാലം നിലനിർത്തിയാൽ ഇവിടെ 4 വരിപ്പാത മാത്രമാണ് ഉണ്ടാകുക എന്നുള്ള കാര്യവും സമരസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പഴയപാലം പൊളിക്കാനുള്ള തീരുമാനം മാറ്റാൻ ഇടപെട്ടതാര് ?
നീലേശ്വരത്തെ ദേശീയപാത ഡിപിആർ തയാറാക്കിയപ്പോൾ ആറുവരിപ്പാതയിൽ പുതിയ 2 പാലങ്ങൾ വിഭാവനം ചെയ്തിരുന്നെങ്കിലും എസ്റ്റിമേറ്റും, സ്കെച്ചും തയാറാക്കിയപ്പോൾ നിലപാട് മാറി.
പഴയപാലം പൊളിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ദേശീയപാത അതോറിറ്റി എത്തിയത് ചിലരുടെ ചരടുവലികൾ കാരണമാണെന്ന ആരോപണം ഉയരുന്നുണ്ട്. ഡിപിആറിൽ മാറ്റം വരുത്താനുള്ള കാരണം ഉൾപ്പെടെ ചോദ്യം ചെയ്ത് ഇതിനകം തന്നെ പലരും വിവരാവകാശം ഫയൽ ചെയ്തിട്ടുണ്ട്.
മണ്ണിട്ടുയർത്തി ഉയരപ്പാത നിർമിക്കുന്നതിന്റെ മറവിൽ വ്യാപകമായി അശാസ്ത്രീയമായ മണ്ണെടുപ്പ് നടന്നതായും ആരോപണമുണ്ട്. 1963 ഏപ്രിൽ 17ന് അന്നത്തെ മുഖ്യമന്ത്രി ആർ.ശങ്കർ ഉദ്ഘാടനം ചെയ്ത കാര്യങ്കോട് പാലം യാതൊരു പരിശോധനയും കൂടാതെ പൊളിച്ചുമാറ്റി പുതിയ പാലം നിർമിച്ചിട്ടും, 1958ൽ നിർമിച്ച നീലേശ്വരം പാലത്തിന്റെ കാര്യത്തിൽ മാത്രം ഫിറ്റ്നസ് പരിശോധന നടക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് നാട്ടുകാരുടെ ചോദ്യം.
പാലം നിലനിർത്താനുള്ള ശ്രമം അതിശക്തമായി എതിർക്കാനാണ് ജനങ്ങളുടെ തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

