കൊല്ലം∙ മെഡിസെപ്പിന്റെ പേരിൽ ഒരോ ഗുണഭോക്താവിൽ നിന്നും സർക്കാർ പ്രതിവർഷം പിരിക്കുന്നത് 8244 രൂപ. എന്നാൽ, ആശുപത്രിയിൽ ചെന്നാൽ ഇൻഷുറൻസ് തുക കിട്ടില്ലെന്നാണ് നിലവിലെ അവസ്ഥ.
എന്തുകൊണ്ട് തങ്ങളിൽ നിന്ന് ഇത്രയും തുക എടുത്തിട്ട് ഇൻഷുറൻസ് തുക നൽകുന്നില്ലെന്ന ചോദ്യം ബാക്കി നിൽക്കുന്നു.
രണ്ട് പേർക്കും മെഡിസെപ്; മകന് ഇൻഷുറൻസില്ല
സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ ശമ്പളത്തിൽ നിന്ന് മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിൽ സർക്കാർ മാസം തോറും പണം പിടിച്ചിട്ടും പത്ത് വയസ്സുകാരനായ മകന് ശസ്ത്രക്രിയ നിഷേധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ. ഇൻഷുറൻസ് തുക സർക്കാർ നൽകില്ലെന്നും ശസ്ത്രക്രിയയ്ക്കാവശ്യമായ 1.25 ലക്ഷം രൂപ പൂർണമായും അടയ്ക്കണമെന്നാണ് സ്വകാര്യ ആശുപത്രികൾ പറയുന്നത്.
കൊട്ടാരക്കര നഗരസഭ കൗൺസിലർ തോമസ്.പി.മാത്യുവിന്റെ മകൻ ജെറോം തോമസിന്റെ മൂക്കിലെ ശസ്ത്രക്രിയയ്ക്കാണ് മെഡിസെപ് സൗകര്യമുള്ള 2 ആശുപത്രികളെ സമീപിച്ചത്. പണം ഇല്ലെങ്കിൽ ‘നോ’ എന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രികൾ.
കായിക അധ്യാപകനായ തോമസ് ഈയിടെ വിരമിച്ചു. ഭാര്യ സർവീസിൽ തുടരുന്നു.
ഇരുവരുടെയും ശമ്പളത്തിൽ നിന്നും ഓരോ വർഷവും 16000 രൂപയിൽ അധികം മെഡിസെപ്പിലേക്ക് പിടിച്ചിരുന്നു. മകന് ചികിത്സ തേടി ആശുപത്രികളെ സമീപിച്ചപ്പോഴാണ് മെഡിസെപ് ചതി മനസ്സിലായത്.
എന്തു ചെയ്യണമെന്നറിയാതെ കുഴയുകയാണ് ദമ്പതികൾ.
അപാകതകൾ പരിഹരിക്കണം
കൊല്ലം∙ മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിച്ച നിരക്കിലുള്ള ബില്ലുകൾ പോലും വെട്ടിക്കുറയ്ക്കുന്നതും, കാഷ്ലെസ് സൗകര്യം നിഷേധിക്കുന്നതും അവസാനിപ്പിക്കണം.
സംസ്ഥാന പ്രസിഡന്റ് വി.എം.മോഹനൻ പിള്ള അധ്യക്ഷനായിരുന്നു. മൈക്കിൾ സിറിയക്, പി.
രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗീസ് പേരയിൽ, ജയ്സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി.
ജേക്കബ്, മാത്തച്ചൻ പ്ലാന്തോട്ടം, പോളി റാഫേൽ, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാലൊടിഞ്ഞിട്ടും ഇൻഷുറൻസില്ല
പത്തനാപുരത്ത് കഴിഞ്ഞ മാസം നടന്ന പ്രതിഷേധ മാർച്ചിനിടെ കാലിനു ഗുരുതരമായി പരുക്കേറ്റ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും റിട്ട. ഹെഡ്മിസ്ട്രസുമായ എച്ച്.
മാരിയത്ത് ബീവി (62), ഒരാഴ്ചയോളം കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്താനായി 2.2 ലക്ഷം രൂപയാണ് വേണ്ടി വന്നത്.
എന്നാൽ മെഡിസെപ് വഴി ഒരു രൂപ പോലും ലഭിച്ചില്ല. ജില്ലയിലെ പ്രധാന ആശുപത്രി ആണെങ്കിലും മെഡിസെപ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ചികിത്സയ്ക്ക് ചെലവായ തുക, റീഇംബേഴ്സ്മെന്റ് വഴി കിട്ടാൻ എറണാകുളത്തെ ഓഫിസിൽ രേഖകൾ സമർപ്പിക്കാനാണ് അധികൃതർ പറയുന്നത്. എന്നാൽ തുക എന്ന് ലഭിക്കുമെന്നോ എത്ര ലഭിക്കുമെന്നോ എന്നതിൽ വ്യക്തതയില്ലന്നും മാരിയത്ത് ബീവി പറഞ്ഞു.
മെഡിസെപ് തുക വേണ്ടെന്ന് രവീന്ദ്രൻ
മെഡിസെപ് പദ്ധതിയിൽ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി കടയ്ക്കൽ ആയില്ലയിൽ റിട്ട.
അഡിഷനൽ ലേബർ കമ്മിഷണർ കെ.രവീന്ദ്രൻ നൽകിയ അപേക്ഷ നിരസിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി പുനഃപരിശോധിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടായില്ല. സർക്കാർ, മെഡിസെപ് പ്രതിനിധികൾ ഇതുവരെ ബന്ധപ്പെട്ടില്ലെന്ന് രവീന്ദ്രൻ പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള പദ്ധതി ഉപയോഗപ്പെടുന്നില്ലെങ്കിൽ ആർക്ക് വേണ്ടിയാണ് പദ്ധതിയെന്നു അദ്ദേഹം ചോദിക്കുന്നു. തനിക്ക് ആശുപത്രിയിൽ ചെലവായ തുക മെഡിസെപ് വഴി വേണ്ടെന്ന് തീരുമാനത്തിലാണ് ഇപ്പോൾ.
കഴിഞ്ഞ ദിവസം മലയാള മനോരമയിൽ രവീന്ദ്രൻ തന്റെ മെഡിസെപ് അനുഭവങ്ങൾ പങ്കുവച്ചിരുന്നു. ശ്രീചിത്രയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിസെപ് വഴി ഇൻഷുറൻസ് തുക ലഭിക്കുന്നതിന് വേണ്ടി രവീന്ദ്രൻ നൽകിയ അപേക്ഷ ഇൻഷുറൻസ് കമ്പനി തള്ളിയിരുന്നു.
പക്ഷാഘാതത്തിന് എന്തിന് കിടത്തി ചികിത്സ എന്ന വിചിത്ര ചോദ്യമാണ് ഇൻഷുറൻസ് കമ്പനി ഉന്നയിച്ചത്. 2.8 ലക്ഷം രൂപയാണ് ആശുപത്രിയിൽ ചെലവായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

