കോഴിക്കോട് ∙ വീട്ടിൽ കഞ്ചാവുചെടി വളർത്തിയതിനു 10 മാസം ജയിൽവാസം കഴിഞ്ഞെത്തിയ പ്രതി ക്രിക്കറ്റിലെ ഇഷ്ട ടീം തോറ്റ വിഷമം തീർത്തത് ട്രെയിനിനു കല്ലെറിഞ്ഞ്.
ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനു നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി മണ്ണൂർ വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറിനെ (30 ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഫറോക്ക് വടക്കുമ്പാട്ടു നടന്ന കല്ലേറിൽ വിദ്യാർഥിനി പുറമേരി എരഞ്ഞോളി താഴെക്കുനി ഐശ്വര്യയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു.
ഐപിഎൽ ക്രിക്കറ്റിൽ ഇഷ്ട
ടീമായ ചെന്നൈ സൂപ്പർ കിങ്സ് തോറ്റതറിഞ്ഞു വീടിനു പുറത്തിറങ്ങി റെയിൽ പാളത്തിനരികെ നിൽക്കുമ്പോഴാണ് ട്രെയിൻ എത്തിയത്. സമീപത്തെ കല്ലെടുത്ത് ട്രെയിനിലേക്ക് എറിയുകയായിരുന്നു.
പിന്നീട് എത്തിയ ട്രെയിനിനും കല്ലെറിഞ്ഞു. ബേപ്പൂരിൽ ബാരൽ കച്ചവട
കേന്ദ്രത്തിലെ തൊഴിലാളിയായ പ്രതി പിന്നീട് അവിടെ എത്തി ജോലി തുടരുകയും ചെയ്തു. ആർപിഎഫും റെയിൽവേ പൊലീസും ചേർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രണ്ടു ട്രെയിനിനു നേരെ കല്ലേറു നടന്ന സമയം സംഘം പരിശോധിച്ചിരുന്നു. റെയിൽവേ പൊലീസ് മേധാവി മുഹമ്മദ് നജുമുദ്ദീൻ സംഭവസ്ഥലം സന്ദർശിച്ചു കൂടുതൽ അന്വേഷണത്തിനു നിർദേശിച്ചു.
അതേ ദിവസം കല്ലേറു നേരിട്ട
വന്ദേഭാരത് ട്രെയിനിലെ ഡിജിറ്റൽ നെറ്റ്വർക് സംവിധാനം ഉപയോഗിച്ച് കല്ലെറിഞ്ഞ ലൊക്കേഷൻ കണ്ടെത്തിയ ഈ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും പ്രദേശത്ത് സിസിടിവി ഇല്ലാത്തതിനാൽ കൂടുതൽ വിവരം ലഭിച്ചില്ല. പിന്നീട് പ്രദേശത്തെ വീടുകളിൽ ബന്ധപ്പെട്ടപ്പോഴാണ് മൃഗങ്ങളെയും പക്ഷികളെയും സ്ഥരിമായി കല്ലെറിയുന്ന ആളെക്കുറിച്ചു വിവരം ലഭിച്ചത്.
തുടർന്ന് തിങ്കളാഴ്ച വൈകിട്ട് വടക്കുമ്പാട്ട് നിന്നു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് മൂങ്ങയെ കല്ലെറിഞ്ഞപ്പോൾ കല്ല് ട്രെയിനിനു കൊണ്ടതാണെന്ന് പറഞ്ഞു.
തുടർന്ന് രാത്രി വൈകിയും ചോദ്യം ചെയ്തതിപ്പോഴാണ് പ്രതി സംഭവം വിവരിച്ചതെന്ന് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

