ലൈവ് ചിപ്സ്, ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ശുഭയുടെ സംരംഭം. ഏത്തയ്ക്ക, കപ്പ, ഉരുളക്കിഴങ്ങ് തുടങ്ങിയ ചിപ്സ് ഇനങ്ങൾ ലൈവ് ആയി ചൂടോടെ ചെയ്തുകൊടുക്കും.
ഒപ്പം പക്കാവട, മിക്സ്ചർ, പപ്പടവട തുടങ്ങിയവയും നിർമിച്ചു വിൽക്കുന്നു.
ഒരു സാധാരണ ചിപ്സ് സ്ഥാപനത്തിൽനിന്ന് ഏറെ വ്യത്യസ്തതകൾ പുലർത്തുന്നതാണ് മാവേലിക്കര പതിയൂരിലെ ശുഭ സുനിലിന്റെ മഹാരാജാ ലൈവ് ചിപ്സ്.
എന്തുകൊണ്ട് ചിപ്സ്?
എന്തുകൊണ്ട് ബിസിനസ് എന്ന ചോദ്യമായിരിക്കും ഏറെ ഉചിതം. അതൊരു കഥയാണ്.
എറണാകുളത്തെ സ്വകാര്യകമ്പനിയിൽ ആയിരുന്നു ഭർത്താവ് സുനിൽകുമാറിനു ജോലി. കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടു.
ജീവിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതായി. മറ്റു കടകളെല്ലാം അടച്ചപ്പോഴും ഭക്ഷ്യ/ മരുന്നുകടകൾ തുറന്നു പ്രവർത്തിച്ചു.
ഈ തിരിച്ചറിവിലാണ് ചിപ്സ് നിർമിച്ചു വിൽക്കുന്ന ഒരു ലഘുസംരംഭം വീട്ടിൽ തുടങ്ങിയത്. ഭർത്താവിന് ഒരു വരുമാനമാർഗം എന്നതായിരുന്നു ലക്ഷ്യം.
ചിപ്സ് നിർമിച്ച് കടകളിൽ വിൽക്കുക, ചോദിച്ചുവരുന്നവർക്കു നൽകുക എന്നതായിരുന്നു പ്രവർത്തനരീതി.
മാറ്റിപ്പിടിച്ചു, ഹിറ്റായി
പക്ഷേ, ഏറെ താമസിയാതെ കച്ചവടം പൂട്ടേണ്ടിവന്നു. നല്ല ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യകരമായി ചെയ്തതിനാൽ ഉൽപന്നങ്ങൾക്കു വില കൂടുതലായിരുന്നു.
ആ വിലയ്ക്ക് കച്ചവടക്കാർ വാങ്ങി വിൽക്കാൻ തയാറായില്ല. വില കുറച്ചു വിൽക്കാൻ ഞങ്ങൾക്കു കഴിയുമായിരുന്നില്ല.
വീട്ടിൽ തുടങ്ങിയ ബിസിനസ് പരാജയപ്പെട്ടെങ്കിലും ശുഭ പിന്തിരിഞ്ഞില്ല. പകരം ബിസിനസിന്റെ രീതിതന്നെ ഒന്നു മാറ്റിപ്പിടിച്ചു.
അതോടെ സംരംഭം വൻ ഹിറ്റായി.
ഗുണമമേന്മയുള്ള ഭക്ഷ്യ ഉൽപന്നങ്ങൾ നല്ല വിലനൽകി വാങ്ങിക്കഴിക്കാൻ ആളുകളുണ്ടാവില്ലേ? ഈ ചിന്തയിൽനിന്നാണ് പ്രവർത്തനരീതി മാറ്റിപ്പിടിക്കാൻ തയാറായത്. അങ്ങനെ ‘ടൗണിൽ ഒരു ചെറിയ മുറിയെടുത്ത് ലൈവ് ചിപ്സ്’ എന്ന നിലയിൽ പ്രവർത്തനം പുനരാരംഭിച്ചു.
‘മഹാരാജാസ്’ എന്ന് പേരുമിട്ടു. ശുദ്ധമായ എണ്ണയിൽ കൃത്യമായ അളവിൽ ലൈവ് ചിപ്സ് നൽകാൻ തുടങ്ങിയപ്പോൾ അതു വൻ വിജയമായി.
കൊതിപ്പിക്കുന്ന മണം
മഹാരാജാസിന് ടൗണിൽ 3 ഷോപ്പുകളുണ്ട്.
എല്ലാം ലൈവ് ചിപ്സ് സെന്ററുകൾ. കൂടുതൽ ബിസിനസും വൈകിട്ടാണ്.
കപ്പ, ചക്ക, കായ്, ഉരുളക്കിഴങ്ങ് എന്നിവയുടെ ചിപ്സുകൾ ലൈവായിത്തന്നെ പല അളവുകളിലും ഫ്ലേവറുകളിലും നിർമിക്കുന്നു. ചിപ്സുകൾക്ക് വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ മലയാളിയെ കൊതിപ്പിക്കുന്ന മണമാണ്. അതു സ്വാഭാവികമായും ആളുകളെ ആകർഷിക്കുന്നു.
മറ്റുള്ള സ്നാക്സുകൾക്ക് പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ എന്നിവയും.
മൂന്നു കടകളിലായി എട്ടു തൊഴിലാളികൾ ഇപ്പോൾ ജോലിചെയ്യുന്നുണ്ട്. ൈകകൊണ്ടാണ് ഉൽപന്നങ്ങൾ നിർമിച്ചിരുന്നത്.
പിഎംഎഫ്എംഇ (Pradhan Mantri Formalisation of Micro Food Processing Enterprises Scheme) പദ്ധതിപ്രകാരം 2.50 ലക്ഷം രൂപ വായ്പയെടുത്തു കഴുകാനും അരിയാനും വറുക്കാനും മെഷിനറികൾ സ്ഥാപിച്ചു. അതോടെ ഉൽപാദനം ഇരട്ടിയായി.
35% സബ്സിഡിയും ഈ വായ്പയ്ക്കു ലഭിച്ചു. വ്യവസായവകുപ്പും കാനറബാങ്കും നന്നായി സഹായിച്ചു.
മാസം 3 മുതൽ 9 ലക്ഷം രൂപയുടെവരെ കച്ചവടം നടക്കുന്നുണ്ട്.
ഏകദേശം 25% ലാഭവും ലഭിക്കുന്നു. ‘ഉൽപന്നം നന്നായാൽ കച്ചവടം ഉഷാറാകും’ എന്ന മുദ്രാവാക്യമാണ് സ്വീകരിക്കുന്നത്.
മറ്റിടങ്ങളെക്കാൾ വില അൽപം കൂടുതലാണെങ്കിലും വിൽപനയെ അതു ബാധിക്കുന്നില്ല.
നല്ല ഉൽപന്നങ്ങൾക്കു നല്ല ഉപഭോക്താക്കളുണ്ടാകും എന്ന വിശ്വാസം ശരിയാണെന്നു ശുഭ പറയുന്നു. വ്യാപാരസ്ഥാപനങ്ങൾക്കും /സൂപ്പർ മാർക്കറ്റുകൾക്കും നൽകുന്നില്ല.
വിതരണക്കാരും ഇല്ല. നേരിട്ടുള്ള വിൽപന ആയതിനാൽ ക്രെഡിറ്റ് വിൽപനയെ ഭയപ്പെടേണ്ടതില്ല.
‘‘ഭക്ഷ്യ ഉൽപന്നങ്ങളിൽ വിശ്വാസ്യത പ്രധാനമാണ്. ഉപഭോക്താക്കളെ അതു ബോധ്യപ്പെടുത്താൻ ലൈവ് ഷോപ്പുകളിലൂടെ സാധിക്കും’’ – ശുഭ സുനിൽ പറയുന്നു.
കൂടുതൽ ലൈവ്ഷോപ്പുകൾ
കൂടുതൽ ലൈവ്ഷോപ്പുകൾ തുറക്കുകയാണ് ലക്ഷ്യം.
രണ്ടു ഷോപ്പുകൾകൂടി ഈ വർഷംതന്നെ തുറക്കും. ഉപഭോക്താക്കൾക്കു വിശ്വസിച്ചു സാധനം വാങ്ങാൻ ലൈവ് ഷോപ്പുകൾ സഹായിക്കുമെന്നു ശുഭ പറയുന്നു.
ബോണസ് ടിപ്സ്
∙അതിവേഗം എണ്ണ മാറ്റുന്നു
∙അരി ഉഴുന്ന് എന്നിവ കഴുകി പൊടിച്ച് ഉപയോഗിക്കുന്നു,പൊടി വാങ്ങില്ല
∙കൃത്രിമ കളർ ചേർക്കില്ല.
പകരം മഞ്ഞൾപ്പൊടി, കശ്മീരി ചില്ലി എന്നിവ ചേർക്കുന്നു. ∙ആകർഷകമായ പായ്ക്കറ്റിൽ പാക്ക് ചെയ്തു നൽകും
∙ചിപ്സിന് വെളിച്ചെണ്ണ മാത്രം
വിലാസം:
ശുഭ സുനിൽ, മഹാരാജ ലൈവ് ചിപ്സ്, പതിയൂർ പി.ഒ., മാേവലിക്കര–690 508
ലാഭം കൊണ്ടുവരും റെഡി റ്റു ഈറ്റ് വിഭവങ്ങൾ
റെഡി റ്റു ഈറ്റ് വിഭവങ്ങൾ എക്കാലത്തും മികച്ചവിജയം തരുന്ന സംരംഭമേഖലയാണ്.
ലൈവ് ഭക്ഷ്യ എണ്ണ, ചിപ്സ്, ധാന്യപ്പൊടികൾ, ആവിയിൽ വേവുന്ന ഭക്ഷണങ്ങൾ എന്നിവയ്ക്കെല്ലാം വലിയ സ്വീകാര്യതയുണ്ട്. കുറഞ്ഞ നിക്ഷേപം, വ്യാപകമായ വിപണി, നല്ല ലാഭവിഹിതം, ക്രെഡിറ്റ് വരാത്ത വിൽപന എന്നിവയെല്ലാം നേട്ടങ്ങളാണ്.
ലൈവ് ചിപ്സുകൾ 2 ലക്ഷം രൂപ നിക്ഷേപത്തിൽ നിങ്ങൾക്കു തുടങ്ങാം. മാസം 2 ലക്ഷം രൂപയുടെ കച്ചവടം നേടിയാൽ 50,000 രൂപ അറ്റാദായമായി മാറ്റാം.
രണ്ടു തൊഴിലാളികൾ മതിയാകും. (മലയാള മനോരമ സമ്പാദ്യം ഏപ്രിൽ 2026 ലക്കത്തിൽ നിന്ന്) To Subscribe: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

