യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ സംയുക്ത സൈനിക മേധാവി അസിം മുനീർ അഭ്യർത്ഥിച്ചിട്ടും വാശി കൈവിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് അവസാനിക്കുന്ന വെടിനിർത്തൽ കാലാവധി നീട്ടില്ലെന്ന് ട്രംപ് പറഞ്ഞു.
ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളെ തടയുന്ന യുഎസിന്റെ നിലപാടാണ് (ബ്ലോക്കേഡ്) ഇറാനുമായുള്ള ചർച്ചയ്ക്ക് തടസ്സമെന്ന് അസിം മുനീർ ട്രംപിനോട് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനോട് “ശരി, ഈ ഉപദേശം പരിഗണിക്കാം” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാൽ, ബ്ലോക്കേഡ് തുടരുമെന്നാണ് തൊട്ടുപിന്നാലെ ട്രംപ് പ്രഖ്യാപിച്ചത്.
ഹോർമുസ് വീണ്ടും പോർക്കളം ആയതോടെ, ആഗോള സമ്പദ്മേഖല ആശങ്കയുടെ പിടിയിലായി. ഓഹരി വിപണികൾ ഉലയുകയാണ്.
യുഎസിൽ എസ് ആൻഡ് പി 500 സൂചിക 0.24%, നാസ്ഡാക് 0.26%, ഡൌ ജോൺസ് 0.01% എന്നിങ്ങനെ താഴ്ന്നു. തുടർച്ചയായ 13 ദിവസം നേട്ടമുണ്ടാക്കിയ ശേഷമാണ് നാസ്ഡാക്കിന്റെ വീഴ്ച.
1992ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ നേട്ടക്കുതിപ്പിനാണ് തിരശീല വീണത്.
എണ്ണവില (ക്രൂഡ് ഓയിൽ) വീണ്ടും കുതിപ്പാരംഭിച്ചു. ബ്രെന്റ് വില 5.64% ഉയർന്ന് ബാരലിന് 95.48 ഡോളറിലാണുള്ളത്.
സ്വർണവില എണ്ണവില കൂടുമ്പോൾ താഴുന്നതായിരുന്നു സമീപകാല ട്രെൻഡ്. എന്നാൽ, ഡിപ്-ബയിങ് ശക്തമായതിനാൽ ഇപ്പോഴുള്ളത് ഔൺസിന് 50 ഡോളർ വർധിച്ച് 4821 ഡോളറിൽ.
കേരളത്തിൽ ഇന്നും വില കൂടിയേക്കാം.
രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം പാക്കിസ്ഥാനിൽ എത്തും.
എന്നാൽ, ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും ഇറാനെ കീഴ്പ്പെടുത്താൻ നോക്കേണ്ടെന്നാണ് ഇറാനിയൻ അധികൃതർ പ്രതികരിച്ചത്. ചർച്ചയ്ക്കായി പാക്കിസ്ഥാനിലേക്ക് പോകാൻ തൽക്കാലം ‘പ്ലാനില്ല’ എന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും വ്യക്തമാക്കി.
”ഭീഷണിപ്പെടുത്തി ഇറാനെ ചർച്ചയ്ക്ക് ഇരുത്താനാണ് അമേരിക്കയുടെ ശ്രമം.
അത് നടക്കില്ല. ഹോർമുസ് ബ്ലോക്ക് ചെയ്ത യുഎസ് നടപടി കടൽക്കൊള്ളയാണ്.
സമാധാന ചർച്ച എന്ന പേരിൽ ഇറാനെ കീഴടങ്ങൽ ചർച്ചയ്ക്കാണ് യുഎസ് വിളിക്കുന്നത്. ഭീഷണിയുടെ നിഴലിലെ ഇത്തരം ചർച്ചയ്ക്ക് ഇറാനില്ല” – ഖാലിബാഫ് പറഞ്ഞു.
യുദ്ധക്കളത്തിൽ ഇറാൻ പുതിയ തന്ത്രങ്ങൾ പയറ്റുമെന്ന മുന്നറിയിപ്പും ഖാലിബാഫ് നൽകി.
ആണവ ഡീൽ ഒപ്പുവയ്ക്കുംവരെ ഹോർമുസ് ബ്ലോക്കേഡ് തുടരുമെന്നും വെടിനിർത്തൽ നീട്ടാനുദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കിയതോടെ സംഘർഷം കലുഷിതമായേക്കുമെന്ന ആശങ്ക ശക്തമായി. അമേരിക്കൻ സമയം ബുധനാഴ്ചയാണ് വെടിനിർത്തൽ കാലാവധി തീരുന്നത്.
അതിനകം വഴങ്ങിയില്ലെങ്കിൽ ഇറാനിൽ ശക്തമായ ബോംബിങ് നടത്തുമെന്നും പാലങ്ങളും വൈദ്യുതി പ്ലാന്റുകളും തരിപ്പണമാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഹോർമുസിൽ ഇറാന്റെ കപ്പൽ യുഎസ് പിടിച്ചെടുത്തതാണ് നിലവിൽ സ്ഥിതി കൂടുതൽ വഷളാക്കിയത്. ഹോർമുസിൽ ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) കപ്പലുകൾക്ക് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തി.
2 ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇതിനിടെ ഇറാൻ വെടിയുതിർക്കുകയും ചെയ്തിരുന്നു. ന്യൂഡൽഹിയിലെ ഇറാന്റെ പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച ഇന്ത്യ, പ്രകോപനം ആവർത്തിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും നൽകി.
ഇറാന്റെ കപ്പലുകൾക്ക് ഹോർമുസ് കടക്കാനാകുന്നില്ലെങ്കിൽ ഒരു രാജ്യത്തിന്റെയും കപ്പൽ പോകേണ്ടെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം, ട്രംപ് പ്രതികരിച്ചത് ഇങ്ങനെ : “ഞങ്ങൾ അവരുടെ (ഇറാന്റെ) കപ്പൽ പിടിച്ചെടുത്തു. വേറെ 5 കപ്പലുകളും പിടിച്ചെടുത്തു.
വേണ്ടിവന്നാൽ ഇനിയും പിടിച്ചെടുക്കും”. അതേസമയം, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യയുടെ ചർച്ച തുടരുകയാണെന്നും കപ്പലുകൾക്ക് വൈകാതെ സുരക്ഷിതമായി കടന്നുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
Updating…
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

