പത്തനംതിട്ട ∙ വേനൽച്ചൂടിൽ വെന്തുരുകുകയാണു മലയോര ജില്ല.
പകൽ താപനില ഉയർന്നതോടെ മുറിക്കുള്ളിലും പുറത്തും ഒരേ അവസ്ഥയാണ്. ജില്ലയിൽ 36–38 ഡിഗ്രി സെൽഷ്യസാണ് കാണിക്കുന്നതെങ്കിലും 40 ഡിഗ്രിക്കു മുകളിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്.
സൂര്യപ്രകാശം ശരീരത്തിലേക്ക് പതിക്കുമ്പോൾ പൊള്ളുകയാണ്. കഴിഞ്ഞ ദിവസം ചെറിയ ചാറ്റൽമഴ പെയ്തെങ്കിലും ആവിക്കു കുറവില്ല.
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പുണ്ട്.
ഉയരുന്ന താപനിലയ്ക്കൊപ്പം വലിയ തോതിലുള്ള അൾട്രാ വയലറ്റ് (യുവി) വികിരണവും ഭൂമിയിലേക്ക് എത്തുന്നുണ്ട്. യുവി രശ്മികൾ നേരിട്ടു ശരീരത്തിൽ ഏൽക്കുന്നതു ചർമരോഗങ്ങൾ മുതൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാക്കും.
നിർജലീകരണത്തിനും കാരണമാകുന്നു. ശരീരത്തിൽ മറഞ്ഞു കിടക്കുന്ന പല രോഗങ്ങളും വേനൽക്കാല ചൂടിൽ പുറത്തുവരാനും സാധ്യതയുണ്ട്.
വെയിലത്തു ജോലിക്ക് ഇറങ്ങുന്നവർ ഇടയ്ക്കിടെ വെള്ളം കുടിക്കുകയും തണലിൽ വിശ്രമിക്കുകയും വേണം.
ഉച്ച സമയത്തുള്ള ദീർഘയാത്ര ഒഴിവാക്കാനും നിർദേശമുണ്ട്. ഗതാഗതക്കുരുക്കുള്ള റോഡുകളിൽ ഇരുചക്ര വാഹനത്തിലെ യാത്രയ്ക്കു മുൻകരുതലെടുക്കണം.
കൊടും വേനലിൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.
ശബരിമലയിൽ പമ്പ, കക്കി നദികൾ വറ്റിവരണ്ടു. സന്നിധാനത്തിൽ വെള്ളം എത്തിക്കാൻ ദേവസ്വം ബോർഡ് ഉൾവനത്തിൽ നിർമിച്ചിട്ടുള്ള കുന്നാർ ഡാമിൽ വെള്ളം തീരെയില്ല.
ഗവിയിലുള്ള കെഎസ്ഇബിയുടെ കുള്ളാർ അണക്കെട്ടിൽ നിന്നു വെള്ളം തുറന്നുവിട്ടത് ത്രിവേണിയിൽ സംഭരിച്ചാണു ജലഅതോറിറ്റി പമ്പിങ് നടത്തുന്നത്. തീർഥാടകരുടെ സ്നാനത്തിന് പമ്പയിൽ വളരെ കുറച്ചു വെള്ളമാണ് ഉള്ളത്.
കൂടുതൽ തുറന്നു വിടാൻ കുള്ളാർ ഡാമിലും വെള്ളം ഇല്ല.
കണമല, അരയാഞ്ഞലിമൺ, കുരമ്പൻമൂഴി, പെരുന്തേനരുവി, കട്ടിക്കല്ല്, തോണിക്കടവ്, അത്തിക്കയം ഭാഗങ്ങളിൽ നീരൊഴുക്ക് ഇല്ലാതെ പമ്പാനദി ഇടമുറിഞ്ഞു. ഈ ഭാഗങ്ങളിൽ നദിയിൽ കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണുള്ളത്.
എന്നാൽ മണിയാർ ഡാമിൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ലൂയിസ് വാൽവ് മാറ്റി സ്ഥാപിക്കുന്ന പണികൾ നടക്കുകയാണ്.
ഡാമിന്റെ അടിത്തട്ടിലുള്ള സ്ലൂയിസ് വാൽവ് ഇളക്കി മാറ്റി അവിടം വൃത്തിയാക്കുന്ന പണികൾ നടക്കുന്നുണ്ട്. ഇതുകാരണം അണക്കെട്ടിലെ ചെളി നിറഞ്ഞ വെള്ളം കക്കാട്ടാറ്റിലൂടെ ഒഴുകി പമ്പാനദിയിൽ ചേരുന്നു.
മൂഴിയാറിൽ വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറത്തേക്കു വിടുന്ന വെള്ളം മണിയാർ ഡാമിൽ തടഞ്ഞു നിർത്താതെ കക്കാട്ടാറ്റിലൂടെ ഒഴുകി പമ്പയിൽ വരുന്നുണ്ട്.
അതിനാൽ പെരുനാട് മുക്കംകടവ് മുതൽ താഴേക്ക് 2 ദിവസമായി പമ്പയിൽ കലക്കവെള്ളമാണുള്ളത്.
കൊടുംചൂട് തുടങ്ങിയതോടെ ജലക്ഷാമം വീണ്ടും രൂക്ഷമായി. കഴിഞ്ഞ മാസം ശക്തമായ രണ്ടുമൂന്ന് വേനൽ മഴ ജില്ലയിൽ ലഭിച്ചിരുന്നു.
അതിലൂടെ കിണറുകളിൽ അൽപം വെള്ളം വീണതാണ്. ചൂടിന്റെ കാഠിന്യം കൂടിയതോടെ കിണറുകൾ വീണ്ടും വറ്റി.കുടിവെള്ള ക്ഷാമം രൂക്ഷമായി.
കൊടും ചൂടിൽ കൃഷികളും കരിഞ്ഞുണങ്ങി. കുരുമുളക് കൊടികളെയാണു ചൂട് ഏറ്റവും കൂടുതൽ ബാധിച്ചത്.
പലസ്ഥലങ്ങളിലും കുരുമുളക് ചെടികൾ കരിഞ്ഞു തുടങ്ങി.
ചൂടു മൂലം ജാതി മരങ്ങളിൽ കായ്കൾ കൊഴിയുന്നതും തെങ്ങിൽ വെള്ളയ്ക്ക കൊഴിയുന്നതും വ്യാപകമാണ്. കോഴി– ക്ഷീര കർഷകർക്കും കൊടും ചൂട് ഇരുട്ടടിയായി.
ഇറച്ചിക്കോഴി ഫാമുകളിൽ ചൂടു കൂടിയതു മൂലം കോഴികൾ ചത്തുപോകുന്നു. കൊടും ചൂടിൽ തീറ്റപ്പുൽ കരിഞ്ഞുണങ്ങി.
ഇതുകാരണം പശുക്കളെ അഴിച്ചു പറമ്പിൽ കെട്ടാനും പറ്റുന്നില്ല. പശുക്കൾക്കു തീറ്റയായി പച്ചപ്പുല്ല് കുറഞ്ഞതാണു പാൽ ഉൽപാദനത്തെയും ബാധിച്ചത്.
20 ലീറ്റർ പാൽ അളന്നിരുന്ന കർഷകർക്ക് ഇപ്പോൾ 12 ലീറ്ററിൽ താഴെയാണ് പാൽ കിട്ടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

