ആര്യനാട്∙ നാലു ദിവസത്തെ വിഷു അവധി സന്തോഷപൂർവം കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാനിരുന്ന നിതിൻ രാജ് നാടിന് മരവിപ്പിക്കുന്ന ഓർമയായി. ഉഴമലയ്ക്കലിലെ വാടക വീട്ടിൽ മകന്റെ പുസ്തകങ്ങൾക്കും വസ്ത്രങ്ങൾക്കും അരികിലിരുന്ന് വിങ്ങുന്ന അമ്മ ലതയെയും അച്ഛൻ രാജനെയും ആശ്വസിപ്പിക്കാനാകുന്നില്ല, ആർക്കും… ഇനി ഈ വീട്ടിലേക്ക് അവനെത്തില്ല എന്നതു വലിയ വേദനയാകുന്നു.
നിതിന്റെ മുറിയിലെ കട്ടിലിൽ തളർന്നുകിടക്കുന്ന ലതയുടെ കരച്ചിൽ ഇടയ്ക്കിടെ ഉയർന്നു കേൾക്കുന്നുണ്ട്.
സങ്കടം കടിച്ചമർത്തി നിൽക്കുന്ന സഹോദരിമാരുടെ കണ്ണുകളിൽ അനുജന്റെ വേർപാട് തീരാനൊമ്പരമായി തങ്ങിനിൽക്കുന്നു.
നിതിന്റെ പഴയ പാഠപുസ്തകങ്ങൾ മുറിയിൽ അടുക്കി വച്ചിട്ടുണ്ട്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു സ്വപ്നം.
ബിഡിഎസിന് പഠിക്കുന്നതിനിടെ ‘നീറ്റ്’ ലക്ഷ്യംവച്ചുള്ള പഠനത്തിലായിരുന്നു. കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നെന്ന് രാജൻ പറഞ്ഞു.
സഹിക്കാൻ പറ്റാതായപ്പോൾ ചിലതെല്ലാം സഹോദരിമാരോടു പങ്കുവച്ചു. ‘എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ല.
അവൻ നേരിട്ട വേദനകളെല്ലാം മറനീക്കി പുറത്തുവരണം.’
കോഴ്സ് പൂർത്തിയാക്കിയ ശേഷം യുകെയിൽ ജോലി നേടണമെന്നായിരുന്നു ആഗ്രഹം.
വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണം. അച്ഛനും അമ്മയ്ക്കും സ്വന്തമായൊരു വീടു നിർമിച്ചു നൽകുമെന്ന് പറഞ്ഞാണ് കണ്ണൂരിലേക്ക് പഠിക്കാൻ പോയത്.
ജീവിക്കാൻ കൊതിച്ച ഒരു കുട്ടിയെ ആണ് അവർ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അല്ലാതെ അവൻ ചാടിയതല്ല’– രാജന്റെ വാക്കുകൾ.
‘എന്റെ കുട്ടിക്ക് അവിടെ പഠിക്കുന്നത് എളുപ്പമായിരിക്കില്ല എന്നറിയാമായിരുന്നു.
മനഃപൂർവം മാർക്ക് കുറച്ച് തോൽപിക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് എങ്ങനെയും ജയിക്കണം എന്നായിരുന്നു അവന്റെ മനസ്സിൽ.
വീട്ടിൽ വരുമ്പോഴും ഇരുന്നു പഠിക്കും. ‘ഇത്രയും നേരം ട്രെയിനിലും ബസിലും വന്നതല്ലേ, കിടക്കാൻ സമയമില്ലേ എന്നു ചോദിച്ചാൽ അമ്മേ ഒരുപാട് പഠിക്കാനുണ്ട് എന്നാണ് പറയുന്നത്.
2–3 മണിക്കൂർ പഠിച്ചിട്ടാണ് കിടക്കുന്നത്. കുറച്ചുനേരം ടിവി കാണും.
ടിവി അവനും മൂത്ത മോളും കൂടി ചേർന്ന് വാങ്ങിയതാണ്’– അമ്മ ലത പറഞ്ഞു.
കോളജിലെ കാര്യങ്ങൾ സഹോദരിമാരോട് പറയും. അച്ഛനെയും അമ്മയെയും ഒന്നും അറിയിക്കരുതെന്ന് പറഞ്ഞിരുന്നു.
ഞങ്ങൾ വിഷമിക്കേണ്ടെന്നു കരുതി മക്കൾ എല്ലാമൊന്നും പറഞ്ഞില്ല. അവസാനഘട്ടത്തിലാണ് എല്ലാമറിയുന്നത്.
മോനെ അവിടെ ചേർക്കാൻ കൊണ്ടുപോയപ്പോൾ ഇത്ര മോശമായ കോളജ് ആണെന്നറിഞ്ഞില്ല. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ തിരിച്ചു കൊണ്ടുവന്നേനെ.
അഡ്മിഷൻ സമയത്ത് ഒരു സെമിനാർ ഉണ്ടായിരുന്നു. റാഗിങ്, ടോർചർ ഒന്നുമില്ല എന്നാണ് പറഞ്ഞത്.
പക്ഷേ, അധ്യാപകർ തന്നെ വില്ലന്മാരായി. ജാതി പറഞ്ഞും ദാരിദ്ര്യം പറഞ്ഞും കുട്ടിയെ കളിയാക്കി.
ഞാൻ നിന്നെ ശരിപ്പെടുത്തും, സൂക്ഷിച്ചോളണമെന്ന് ഭീഷണിപ്പെടുത്തി. പഠിപ്പിക്കുന്ന കുട്ടിയുടെ കൈയും കാലും വെട്ടുമെന്നും ജീവനെടുക്കുമെന്നും പറയുന്നവർ അധ്യാപകരാണോ? അമ്മയുടെ ചികിത്സയ്ക്കായാണ് ലോൺ ആപ്പിലൂടെ കടമെടുത്തത്.
അതു കൃത്യമായി അടച്ചിരുന്നു. ലോൺ ആപ് കാരണം പ്രശ്നം ഉണ്ടായെങ്കിൽ ഞങ്ങളെ അറിയിക്കാമായിരുന്നല്ലോ? –രാജന്റെ ചോദ്യം.
നാട്ടിലെ കൂട്ടുകാർക്ക് അയച്ച വാട്സാപ് സന്ദേശത്തിൽ വിഷുവിന് ഒന്നിച്ച് സിനിമ കാണാൻ പോകണമെന്നും നിതിൻ പറഞ്ഞിരുന്നു.
മരിക്കുന്നതിന്റെ തലേന്ന് മൂത്ത സഹോദരിയുടെ കുട്ടിയുടെ പിറന്നാൾ ആയിരുന്നു. അന്ന് വീട്ടിലെത്തിയ കൂട്ടുകാരുമായി വിഡിയോ കോളിൽ ഏറെ സന്തോഷത്തോടെ സംസാരിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

