ചേർപ്പ് ∙ കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഭക്ഷണപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട തിരുവുള്ളക്കാവിലെ ‘ആനക്കട’ എന്ന ഹോട്ടൽ ഇനി രുചിയുള്ള ഓർമ.
ഇന്നലത്തെ കച്ചവടം കഴിഞ്ഞതിനു ശേഷം 53 വർഷത്തെ പാരമ്പര്യമുള്ള പ്രവർത്തനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. മലയാളി പണിക്കാരെ കിട്ടുവാനുള്ള ബുദ്ധിമുട്ടും ഇനി ഉത്സവങ്ങളും ആനകളെയും കണ്ട് സ്വതന്ത്രമായി നടക്കണം എന്ന ചിന്തയും കൂടിയായപ്പോഴാണ് ഹോട്ടൽ നിർത്തുവാൻ തീരുമാനമെടുത്തതെന്ന് ഹോട്ടൽ നടത്തുന്ന രാജു പറയുന്നു.
ഹോട്ടലിന് എന്നെന്നേക്കുമായി താഴിട്ട് രാജു പോയത് ഒരു നാടകം കാണുവാനാണ്.
അത്രയും ഇഷ്ടമാണ് രാജുവിന് നാടകങ്ങളും ഉത്സവങ്ങളും. മൈമ്പിള്ളി വീട്ടിൽ നാരായണൻ 53 വർഷങ്ങൾക്കു മുൻപ് ദോശ, ഇഡ്ലി, പുട്ട് കടല, നെയ്റോസ്റ്റ് എന്നിവയുമായി ആരംഭിച്ചതാണ് പേരില്ലാത്ത ഈ കട.
30 വർഷങ്ങൾക്ക് മുൻപ് മകൻ രാജു അച്ഛനിൽ നിന്നു ഹോട്ടൽ ഏറ്റെടുത്തു. പിന്നീട് ഭക്ഷണ മെനുവിൽ നിന്നു പുട്ടും കടലയും ഒഴിവായി പകരം മസാല ദോശ സ്ഥാനം പിടിച്ചു.
മറ്റുള്ള വിഭവങ്ങളെല്ലാം അങ്ങനെ തന്നെ തുടർന്നു. 50 വർഷം മുൻപ് കഴിച്ച ദോശയുടെ അതേ രുചിയും ആകൃതിയും തന്നെയാണ് ഇവിടുത്തെ ദോശയ്ക്ക് ഇപ്പോഴും എന്ന് അനുഭവസ്ഥർ പറയുന്നു.
ഇവിടത്തെ നീട്ടിപ്പരത്തിയ ദോശയിൽ ചട്നിയോ കടയിലെ സ്പെഷ്യൽ ഉള്ളി അരിഞ്ഞിട്ട് ചെറിയ മധുരമുള്ള സാമ്പാറോ ഒഴിച്ചാൽ ദോശ തനിയെ അലിഞ്ഞു പോകും. അത്രയ്ക്കും മൃദുലവും രുചികരവും ആയിരുന്നു ദോശ.
തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ തിരുവുള്ളക്കാവിൽ ഇവരുടെ വീടിനോട് ചേർന്ന് 300 ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്ന ഈ ഹോട്ടൽ പക്ഷേ, 300 കിലോമീറ്റർ അപ്പുറം വരെ പ്രസിദ്ധമാണ്.
തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ദർശനത്തിനോ എഴുത്തിനിരുത്തലിനോ എത്തുന്നവർ ക്ഷേത്രത്തിൽ തൊഴുതു കഴിഞ്ഞാൽ ഇവിടെ എത്തി ഭക്ഷണം കഴിക്കുക എന്നതും ഒരു ആചാരം പോലെ കൊണ്ടു നടന്നിരുന്നു. രാജുവിന്റെ അടങ്ങാത്ത ആന പ്രേമം ആണ് ഹോട്ടലിന് ആനക്കട
എന്ന പേര് വരുവാൻ കാരണമായത്. പ്രശസ്തരായ എല്ലാ ആനകളുടെയും ചിത്രങ്ങൾ ഹോട്ടലിനകത്ത് ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട് രാജു.
ആനകളെ പറ്റി അറിയുന്നവർക്ക് ഒരു മ്യൂസിയം തന്നെയായിരുന്നു ഈ ഹോട്ടൽ. ഹോട്ടൽ അടഞ്ഞു കിടക്കുകയാണെങ്കിൽ നാട്ടുകാർ ഒന്നുറപ്പിക്കും.
എവിടെയോ ഒരാന ചരിഞ്ഞിട്ടുണ്ട്, അല്ലെങ്കിൽ ദീനംപിടിച്ച് കിടപ്പുണ്ട്.
വർഷങ്ങൾക്കു മുൻപ് ചരിഞ്ഞ തിരുവുള്ളക്കാവ് ദേവസ്വത്തിന്റെ മണികണ്ഠൻ എന്ന കൊമ്പൻ ഈ വഴി കടന്നു പോകുമ്പോൾ ആരും പറയാതെതന്നെ ഹോട്ടലിന് മുന്നിലെത്തിയാൽ അവിടെ നിൽക്കും. പിന്നെ തുമ്പിക്കൈ ഹോട്ടലിനുള്ളിലേക്ക് നീണ്ടു വരും.
രാജു തുമ്പിക്കൈയിൽ ദോശയോ അപ്പമോ വച്ചു നൽകിയില്ലെങ്കിൽ മണികണ്ഠൻ പിണങ്ങുമെന്നുറപ്പാണ്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രശസ്തരും ആനക്കടയിലെ ഭക്ഷണത്തിന്റെ ഇഷ്ടക്കാരായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

