ചങ്ങനാശേരി ∙ ആക്ഷൻ സിനിമകളെ പോലും തോൽപ്പിക്കുന്ന ആക്രമണ പരമ്പരയാണ് ചങ്ങനാശേരിയിൽ നടക്കുന്നത്. മെട്രോ നഗരങ്ങളിലേത് സമാനമായ ഗുണ്ടായിസവും ക്വട്ടേഷനുകളുമാണ് അരങ്ങേറുന്നതെന്ന് പൊലീസും സമ്മതിക്കുന്നു.
തിരഞ്ഞെടുപ്പ് ദിനത്തിൽ രാത്രി ലഹരിമരുന്ന് ഉപയോഗിച്ച ശേഷം വടിവാളും തോട്ടയുമായി ബൈക്കിൽ കറങ്ങിനടന്ന 2 യുവാക്കൾ മറ്റൊരു യുവാവിനെ വടിവാളിനു വെട്ടിപ്പരുക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
ഛോട്ടാ ഗുണ്ടകളെയും ബഡാ ഗുണ്ടകളെയും സംരക്ഷിക്കാനും പൊന്നുപോലെ നോക്കാനും രാഷ്ട്രീയക്കാരും അധികാരികളും കളത്തിലുണ്ടെന്നതാണ് ജനസംസാരം. പൊലീസുകാർ കാഴ്ചക്കാരായി മാറുമ്പോൾ ജനത്തിന്റെ സമാധാനജീവിതമാണ് തുലാസ്സിൽ.
ആക്ഷൻ
∙ ഈസ്റ്റർ ദിനത്തിൽ എസി റോഡിലെ ബാർ ഹോട്ടലിലും ആക്രമണം.
വാളും കത്തിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ പുഴവാത് സ്വദേശി യുവാവിന്റെ തലയ്ക്ക് വെട്ടേറ്റു.
സംഭവത്തിൽ 17 വയസ്സുകാരനെ ഉൾപ്പെടെ പൊലീസ് പിടികൂടി. ∙ ചങ്ങനാശേരി ടൗണിലെ ബാറിനു മുൻപിൽ വടിവാളുമായി എത്തിയ യുവാക്കൾ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും ഈ മാസം തന്നെ.
∙ 2025 മാർച്ചിൽ പായിപ്പാട് യുവതിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഗൃഹനാഥനെ കാർ തടഞ്ഞ് നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
∙ 2025ൽ തെങ്ങണയിൽ ലഹരിസംഘത്തിൽ പെട്ട യുവാക്കൾ ബാറിനു മുൻപിൽ ഒരു യുവാവിനെ കുത്തിവീഴ്ത്തി.
∙ 2025ൽ പാലാത്ര ബൈപാസിലെ കടയിലും വടിവാൾ ആക്രമണം. ∙ 2024ൽ ജനറൽ ആശുപത്രി റോഡിൽ രാത്രി കാപ്പ കേസുകളിലുൾപ്പെടെ പ്രതിയായ ഛോട്ടാ ഷമീറിനെ റോഡിൽ വെട്ടിപ്പരുക്കേൽപ്പിച്ചു.
കാറിലെത്തിയ സംഘം റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ∙ 2024 മേയിൽ രാത്രി മാതാപിതാക്കളോടൊപ്പം ചങ്ങനാശേരി നഗരത്തിലൂടെ നടന്നുപോയ പെൺകുട്ടിയെ ക്രിമിനൽ കേസ് പ്രതികൾ കടന്നുപിടിച്ചു.
പൊലീസ് സ്ഥലത്ത് എത്താൻ വൈകി. നാട്ടുകാർ പ്രതികളെ തടഞ്ഞുവച്ചു.
നീ ഗൺ കണ്ടിട്ടുണ്ടോടാ,ഗൺ…
വടിവാളിലും കത്തിയും ഔട് ഓഫ് ഫാഷനായതോടെ തോക്കുകളുമായാണ് സംഘങ്ങൾ ചങ്ങനാശേരി നഗരത്തിൽ കറങ്ങുന്നത്.
അനധികൃതമായി തോക്കും വെടിയുണ്ടകളും കൈവശം വച്ച കേസിൽ നിധിൻ ജെ, ആലുംമൂട്ടിൽ, സിജോ സെബാസ്റ്റ്യൻ എന്നിവരെ പൊലീസ് അടുത്തയിടെ അറസ്റ്റ് ചെയ്തിരുന്നു.
ലൈസൻസില്ലാത്ത കള്ളത്തോക്കുകൾ വ്യാപകമായി പല സംഘങ്ങളും കൈവശം വച്ചിട്ടുണ്ട്. ആയുധപ്പുരകൾക്ക് വേണ്ടി മാത്രം വീടുകൾ വാടകയ്ക്കെടുക്കുന്നു.
കിഴക്കൻ മേഖലകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും ടാപ്പിങ് നിലച്ച റബർ തോട്ടങ്ങളിലുമാണ് ആയുധ പരിശീലനം.
അടിച്ചമർത്താൻ ആഗ്രഹമുണ്ടെങ്കിലും തങ്ങൾ നിസ്സഹായരാണെന്ന് പൊലീസിലെ ഒരു വിഭാഗം രഹസ്യമായി സമ്മതിക്കുന്നു. കത്തിയും വടിവാളും ഓങ്ങി വരുന്നവന് മുൻപിൽ തടുക്കാൻ ലാത്തി മാത്രമാണുള്ളത്.
ചില കേസുകളിൽ അന്വേഷണം നടത്തിയാൽ ഉന്നത സ്വാധീനമുള്ളവർ മറുഭാഗത്തുണ്ടാകും. കേസുകളിൽ അറസ്റ്റിലാകുന്നവരുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവരാതിരിക്കാനും സമ്മർദമുണ്ടെന്ന് സേനയിൽ ചിലർ സമ്മതിക്കുന്നു.
പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽനിന്നു വരെ ഉദ്യോഗസ്ഥനു വിളിയെത്തും.
അടുത്തിടെ ചങ്ങനാശേരി നഗരത്തിൽ ആക്രമണം നടത്തിയ സംഭവങ്ങളിൽ പൊലീസ് കേസെടുത്തെങ്കിലും വിവരം മാധ്യമങ്ങളിലൂടെ പുറത്താകാതിരിക്കാൻ ജാഗ്രത പുലർത്തി. പ്രതികളുടെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

