കൊല്ലം ∙ ആനപ്പുറത്ത് ചമയങ്ങൾ കുട നിവർത്തുന്നതു വിഷുപ്പിറ്റേന്ന് ആണെങ്കിലും ജയേഷ് 15 ദിവസം മുൻപേ ‘വർക്ക് ഫ്രം ഹോം’ തുടങ്ങി.
അച്ഛന്റെ പാത പിന്തുടർന്നു കൊല്ലം പൂരത്തിനു പൂരച്ചമയം ഒരുക്കാനാണ്, നെതർലൻഡ്സ് ആസ്ഥാനമായ ഐടി കമ്പനി ജീവനക്കാരനായ ജയേഷ് എത്തിയത്. താമരക്കുളം മഹാഗണപതി ക്ഷേത്രത്തിന്റെ കെട്ടിടത്തിൽ ജയേഷിന്റെയും കൂട്ടരുടെയും കരവിരുതിൽ മയിലും മഹാദേവനും മറ്റു ദേവരൂപങ്ങളും നർത്തകിമാരും ഒക്കെ ഒരുങ്ങുകയാണ്.
പതിവ് കാഴ്ചകൾക്കു പുറമേ ഇത്തവണ 6 പുതിയ ഇനങ്ങളും പൂരക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുണ്ട്. ദീർഘകാലമായി താമരക്കുളം മഹാഗണപതി ക്ഷേത്രത്തിന്റെ പൂരച്ചമയം ഒരുക്കിയിരുന്നതു ജയേഷിന്റെ പിതാവ് കെ.ജയകുമാറിന്റെയും അദ്ദേഹത്തിന്റെ സഹോദരൻ കെ.സുനിൽ ബാബുവിന്റെയും നേതൃത്വത്തിൽ ക്ഷേത്രഭാരവാഹികളും മറ്റും ചേർന്നായിരുന്നു.
അവരോടൊപ്പം ചമയം ഒരുക്കുന്നതിനു ജയേഷും കൂടുമായിരുന്നു. 5 വർഷം മുൻപു പിതാവിന്റെ മരണത്തോടെ ജയേഷ് ചമയം ഒരുക്കലിന്റെ മുൻനിരയിലേക്കു മാറി.
ജയേഷിനോടൊപ്പം ക്ഷേത്ര കമ്മിറ്റി അംഗം കാർത്തിക് സുരേഷ് ആണ് ഇപ്പോൾ മുൻനിരയിൽ. സഹായികളായി വിദ്യാർഥികളുണ്ട്.
എത്ര ജോലിത്തിരക്കുണ്ടെങ്കിലും വിഷു അടുക്കുമ്പോൾ ജയേഷിന്റെ മനസ്സിൽ മേളവും ചമയവും വന്നു കയറും. ഒപ്പം പിതാവിന്റെ ഓർമകളും.
അതോടെ ചമയം ഒരുക്കാനെത്തും. ജോലിയും ചമയമൊരുക്കലും ഒരുമിച്ചായി മാറും.
നേരത്തെ ജയേഷിന്റെ വീട്ടിൽ ആയിരുന്നു പതിവായി ചമയം ഒരുക്കൽ നടത്തിയിരുന്നത്. കൊച്ചിയിലെ ഓഫിസിലാണ് ജയേഷ് ജോലി ചെയ്യുന്നത്.
ഇനി പൂരം കഴിഞ്ഞേ മടങ്ങുകയുള്ളൂ. അപ്പോൾ അടുത്ത ചമയത്തിനുള്ള നിറം മനസ്സിൽ തെളിഞ്ഞു തുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

