പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിൽ ‘ഏകദേശ’ ധാരണയിലെത്തിയ വെടിനിർത്തൽ 24 മണിക്കൂറിനുള്ളിൽ തന്നെ പൊളിയുന്നു. യുഎസും ഇസ്രയേലും വെടിനിർത്തൽ ധാരണ ലംഘിച്ചെന്നും ഈ സാഹചര്യത്തിൽ ‘ചർച്ചകൊണ്ട്’ പ്രയോജനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബഗേർ ഖാലിബഫ് എക്സിൽ തുറന്നടിച്ചു.
വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ഓഹരി വിപണികൾ ഇന്നലെ വൻ നേട്ടത്തിലേക്ക് കുതിച്ചിരുന്നു.
ഇന്ത്യയിൽ സെൻസെക്സ് 2946.32 പോയിന്റാണ് (+3.95%) മുന്നേറിയത്. നിഫ്റ്റി 873.70 പോയിന്റ് (+3.78%) ഉയർന്ന് ഒരുഘട്ടത്തിൽ 24,000വും ഭേദിച്ചിരുന്നു.
വെടിനിർത്തൽ പ്രാബല്യത്തിലായെന്നും ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നെന്നുമുള്ള വിലയിരുത്തലുകളാണ് ഓഹരികൾക്ക് ആവേശമായത്.
യുഎസിൽ ഡൗ ജോൺസ് 1325.46 പോയിന്റാണ് (+2.85%) മുന്നേറിയത്. 2025 ഏപ്രിലിന് ശേഷമുള്ള ഏറ്റവും മികച്ച ഏകദിന നേട്ടം.
എസ് ആൻഡ് പി500 സൂചിക 2.51%, നാസ്ഡാക് 2.80% എന്നിങ്ങനെയും കുതിച്ചു.
യൂറോപ്യൻ ഓഹരികളിലും ആവേശം അലയടിച്ചു. പാന്-യൂറോപ്യൻ സൂചികയായ സ്റ്റോക്സ്600 ഇൻഡക്സ് 3.7% കയറി.
എല്ലാ ഓഹരി വിഭാഗങ്ങളും പച്ചതൊട്ടു. ട്രാവൽ ആൻഡ് ലെഷർ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്നു.
എഫ്ടിഎസ്ഇ, ഡാക്സ് തുടങ്ങിയവയുടെ നേട്ടം 2-6 ശതമാനമാണ്.
ലെബനനെ ചൊല്ലി മലക്കംമറിച്ചിൽ
അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ ധാരണ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇറാൻ പാർലമെന്റ് സ്പീക്കർ രംഗത്തുവന്നത് പ്രതിസന്ധി വീണ്ടും വഷളാക്കി. ഖാലിബഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഓഹരികൾ ഇടിയുന്നതിന്റെ സൂചന കണ്ടുതുടങ്ങി.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണി 0.1% വരെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ‘‘ഇസ്രയേൽ ലെബനനെതിരെ ആക്രമണം തുടരുന്നു.
ഇറാന്റെ വ്യോമപരിധിക്കകത്ത് ഡ്രോണുകൾ എത്തി. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം ലംഘിക്കപ്പെട്ടു’’ – എന്നാണ് ഖാലിബഫ് പറഞ്ഞത്.
ഏത് നിമിഷവും പൊളിയുമെന്ന് വാൻസ്
ഇറാൻ-യുഎസ് വെടിനിർത്തൽ കരാർ ഏത് നിമിഷവും പൊളിയുമെന്ന് ഇതിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ് പറഞ്ഞതും ആശങ്ക കൂട്ടുന്നു. ഹംഗറി സന്ദർശനത്തിനിടെയാണ് വാൻസിന്റെ പ്രതികരണം.
‘‘ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പോസിറ്റീവായാണ് പ്രതികരിക്കുന്നത്. എന്നാൽ, മറ്റു ചില ഇറാനിയൻ നേതാക്കൾ കള്ളം പറയുകയാണ്’’ – വാൻസ് പറഞ്ഞു.
ലെബനനിൽ വെടിനിർത്തൽ ഇല്ല: ഇസ്രയേൽ
വെടിനിർത്തൽ ധാരണ ലംഘിച്ച് പലയിടത്തും ആക്രമണങ്ങൾ തുടരുന്നുണ്ടെന്നും ഇത് സമാധാന ചർച്ചാനീക്കങ്ങളെ ബാധിക്കുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
എന്നാൽ, ‘‘വെടിനിർത്തൽ ധാരണ ലെബനന് ബാധകമല്ല’’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചത്.
Statement on behalf of the Supreme National Security Council of the Islamic Republic of Iran:
ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ സ്വീകാര്യമല്ലെന്നും തള്ളിയെന്നും ഇതിനിടെ വ്യക്തമാക്കിയ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ്, ഹോർമുസ് ഉടൻ തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇറാൻ വീണ്ടും ഹോർമുസ് അടച്ചെന്നാണ് സൂചന.
ഹോർമുസ് തുറന്നത് സംബന്ധിച്ച വ്യക്തതയില്ലാത്തതിനാൽ കപ്പലുകളുടെ നീക്കവും സജീവമായിട്ടില്ല.
ടോൾ ഈടാക്കാൻ പറ്റില്ലെന്ന് ട്രംപ്
ഹോർമുസിൽ ടോൾ പിരിക്കാൻ അനുവദിക്കണമെന്ന ഇറാന്റെ ആവശ്യവും ട്രംപ് തള്ളിയെന്ന് കാരലൈൻ ലെവിറ്റ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കണമെന്നും കപ്പലുകളെ സ്വതന്ത്രമായും സുരക്ഷിതമായും കടത്തിവിടണമെന്നുമാണ് ട്രംപിന്റെ നിലപാട്.
ഹിസ്ബുല്ലയുടെ സാന്നിധ്യമുള്ളതിനാൽ ലെബനനിൽ വെടിനിർത്തൽ സാധ്യമല്ലെന്ന് ട്രംപ് ഇതിനിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാൻ തെറ്റിദ്ധരിച്ചതാണെന്നും വെടിനിർത്തൽ ധാരണയില് ലെബനൻ ഇല്ലെന്നും ജെ.ഡി.
വാൻസും പറഞ്ഞു.
ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും, എണ്ണയിൽ ആശങ്ക
സമാധാന ചർച്ചാനീക്കത്തിന്റെ ഭാഗമായി ഇറാൻ നേരത്തേ ഹോർമുസ് തുറന്നതോടെ, രാജ്യാന്തര എണ്ണവില കുത്തനെ ഇടിഞ്ഞിരുന്നു. യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില 16 ശതമാനത്തിലധികം ഇടിഞ്ഞ് 94 ഡോളറിൽ എത്തിയിരുന്നു.
2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന വീഴ്ചയാണിത്.
എന്നാൽ, ധാരണകളിൽ ഭിന്നത രൂക്ഷമാവുകയും ഇറാൻ വീണ്ടും ഹോർമുസ് അടച്ചെന്ന റിപ്പോർട്ടുകളും വില കൂടാൻ വഴിയൊരുക്കിയിട്ടുണ്ട്. വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറുമെന്ന മുന്നറിയിപ്പും ഇതിനിടെ ഇറാൻ തൊടുത്തു.
ലെബനനിലെ ആക്രമണത്തിന് ഇസ്രയേലിനെ ശിക്ഷിക്കുമെന്ന പ്രസ്താവനയുമായി ഇതിനിടെ ഇറാന്റെ സൈന്യം (ഐആർജിസി) രംഗത്തുവന്നതും ആശങ്കയേറ്റുന്നു.
യുഎസ് ക്രൂഡ് വില 2.76% ഉയർന്ന് 97.02ൽ എത്തി. ധാരണകൾ കാറ്റിൽപ്പറ്റത്തി ഗൾഫിലെങ്ങും ഇറാനും ലെബനനിൽ ഇസ്രയേലും ആക്രമണം തുടരുന്നതും തിരിച്ചടിയാണ്.
ചർച്ച നാളെ പാക്കിസ്ഥാനിൽ, ‘വിശ്വാസമില്ലെന്ന്’ ഇസ്രയേൽ
നാളെ (ഏപ്രിൽ 10) ഇസ്ലാമാബാദിൽ സമാധാന ചർച്ച നടത്താനാണ് പാക്കിസ്ഥാനും ഇറാനും യുഎസും തീരുമാനിച്ചിരിക്കുന്നത്.
പങ്കെടുക്കുമെന്ന് ഇറാനും യുഎസും വ്യക്തമാക്കിയെന്നാണ് സൂചന. യുഎസിന്റഎ ഭാഗത്തുനിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ്, യുദ്ധതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജേർഡ് കുഷ്നർ എന്നിവർ സംബന്ധിച്ചേക്കും.
അതേസമയം, ‘‘പാക്കിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും മധ്യസ്ഥത അംഗീകരിക്കില്ലെന്നും’’ ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ പ്രതികരിച്ചു. വെടിനിർത്തൽ ലെബനനിൽ ഉൾപ്പെടെ എല്ലായിടത്തും ബാധകമാണെന്ന് നേരത്തേ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞിരുന്നു.
എന്നാൽ, മണിക്കൂറുകൾക്കകം ഇസ്രയേലും യുഎസും ഇക്കാര്യം തള്ളിയത് പാക്കിസ്ഥാനും ഷെഹബാസ് ഷെരീഫിനും നാണക്കേടായി. സാമൂഹിക മാധ്യമങ്ങളിൽ പാക്കിസ്ഥാനും ഷെഹബാസിനുമെതിരെ പരിഹാസങ്ങളും നിറഞ്ഞു.
ഇറാനെ സഹായിക്കുന്നവർക്ക് 50% തീരുവ
വെടിനിർത്തൽ ധാരണകൾ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് ഇന്നലെ വ്യക്തമാക്കിയ ഡോണൾഡ് ട്രംപ്, ഇറാനെ പ്രകോപിപ്പിക്കുന്നതും അതേസമയംതന്നെ ആശ്വാസം നൽകുന്നതുമായ പ്രസ്താവന നടത്തിയിരുന്നു.
ഇറാന് ഒരിക്കലും ആണവ ശക്തിയാകാനാവില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന് ഏതെങ്കിലും രാജ്യം ആയുധങ്ങൾ നൽകിയാൽ ആ രാജ്യത്തുനിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് 50% തീരുവ ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഇറാനുമുള്ള തീരുവയും ഉപരോധങ്ങളും പിൻവലിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
Updating… … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

