യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം നിറഞ്ഞുനിന്ന കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) ഇന്ത്യ 7.6% ജിഡിപി വളർച്ച കൈവരിച്ചുവെന്നാണ് വിലയിരുത്തലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. പ്രതികൂല സാഹചര്യത്തിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ കഴിഞ്ഞവർഷം സ്ഥിരത പുലർത്തി.
എന്നാൽ, ഈ വർഷം സ്ഥിതി വ്യത്യസ്തമാണെന്ന് റിസർവ് ബാങ്ക് പറഞ്ഞു.
കുതിച്ചുകയറിയ ഊർജോൽപന്ന വിലകൾ, ഹോർമുസ്സിലെ തടസ്സംമൂലം വിതരണശൃംഖലയിലുണ്ടായ പ്രതിസന്ധി എന്നിവ ആഭ്യന്തര ഉൽപാദനത്തെയും ബാധിക്കുന്നു. നിലവിലെ വൈദേശിക പ്രതിസന്ധികൾ കയറ്റുമതിക്കും തിരിച്ചടിയാണ്.
ഈ പശ്ചാത്തലത്തിൽ നടപ്പുവർഷം (2026-27) ഇന്ത്യ 6.9% ജിഡിപി വളർച്ച നേടുമെന്നാണ് അനുമാനമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
അതായത്, കഴിഞ്ഞവർഷത്തേക്കാൾ കുറയും.
∙ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ പ്രതീക്ഷിക്കുന്ന ജിഡിപി വളർച്ചനിരക്ക് : 6.8%
∙ ജൂലൈ-സെപ്റ്റംബർ : 6.7%
∙ ഒക്ടോബർ-ഡിസംബർ : 7%
∙ ജനുവരി-മാർച്ച് : 7.2%
പണപ്പെരുപ്പം കൂടും, തിരിച്ചടിയായി മറ്റൊരു വില്ലനും
ആഗോളതലത്തിൽ എണ്ണ വിലയിലുണ്ടായ വർധന അവശ്യവസ്തുക്കളുടെ വില കൂടാനും ഇടയാക്കുന്നു. ഇന്ത്യയിൽ പ്രീമിയം പെട്രോൾ, എൽപിജി, വ്യാവസായിക ആവശ്യത്തിനുള്ള ഡീസൽ എന്നിവയുടെ വില വർധിച്ചു.
അതേസമയം, റാബി വിളവ് കൂടിയത് മറുവശത്ത് നേട്ടവുമായി. ഈ സാഹചര്യത്തിൽ പണപ്പെരുപ്പ പ്രതീക്ഷ ഇങ്ങനെ:
∙ 2026-27: 4.6%
∙ ഏപ്രിൽ-ജൂൺ : 4%
∙ ജൂലൈ-സെപ്റ്റംബർ : 4.4%
∙ ഒക്ടോബർ-ഡിസംബർ : 5.2%
∙ ജനുവരി-മാർച്ച് : 4.7%
യുദ്ധക്കെടുതിക്ക് പുറമേ എൽ-നിനോയും പണപ്പെരുപ്പം കൂടാൻ ഇടയാക്കാമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.
എൽ-നിനോ മൺസൂണിനെ ബാധിക്കുന്നതാകും തിരിച്ചടിയാവുക.
പലിശഭാരം കൂട്ടാതെ പണനയം
പ്രതികൂല സാഹചര്യമാണെങ്കിലും അടിസ്ഥാന പലിശനിരക്ക് ഉയർത്താതെയാണ് റിസർവ് ബാങ്ക് നടപ്പുവർഷത്തെ ആദ്യ പണനയം പ്രഖ്യാപിച്ചത്. റിപ്പോനിരക്കിൽ മാറ്റമില്ലാത്തതിനാൽ ബാങ്ക് വായ്പകളുടെ പലിശയിലും മാറ്റമുണ്ടാകില്ല.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) അടുത്തയോഗം ജൂൺ 3 മുതൽ 5 വരെയാണ്. 5ന് പണനയം പ്രഖ്യാപിക്കും.
എംഎസ്എംഇകൾക്ക് പിന്തുണ: ‘ട്രെഡ്സ്’ കൂടുതൽ ലളിതമാക്കും
പ്രവർത്തന മൂലധനം നേടാൻ എംഎസ്എംഇകളെ സഹായിക്കുന്ന ട്രെഡ്സ് (ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിങ് സിസ്റ്റം) പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
ഇത് കൂടുതൽ എംഎസ്എംഇകളെ ട്രെഡ്സിലേക്ക് ആകർഷിക്കുകയും മൂലധന ലഭ്യത ശക്തമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
∙ ഉപഭോക്തൃ സ്ഥാപനങ്ങളിൽ നിന്ന് (ബയർമാർ) ലഭിക്കാനുള്ള തുകയുടെ ഇൻവോയിസ് ട്രെഡ്സിൽ അപ്ലോഡ് ചെയ്ത് സാമ്പത്തിക പിന്തുണ അതിവേഗം നേടാൻ എംഎസ്എംഇകളെ സഹായിക്കുന്നതാണ് ട്രെഡ്സ്. അതായത്, ഉൽപന്ന/സേവനങ്ങളുടെ പണം ലഭിക്കാനായി മാസങ്ങളോളം കാത്തിരിക്കേണ്ടതില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

