പാലക്കാട് ∙ അപ്രതീക്ഷിതമായിരുന്നു വിവിഐപിയുടെ ആ വരവ്. ചായ കുടിച്ചുകൊണ്ടിരിക്കുന്നവരുടെ മുന്നിൽ രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
രാഹുൽ പാലക്കാട്ടെത്തുന്ന വിവരം എല്ലാവരും അറിഞ്ഞിരുന്നെങ്കിലും ഇവിടെ നിന്നുള്ള മടക്കത്തിൽ മേഴ്സി കോളജ് ജംക്ഷനു സമീപത്തുള്ള ഒളിംപിക് ബേക്കറിയിൽ കയറുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഒപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരും കരുതിയിരുന്നില്ല.
ബേക്കറിയിലേക്കു കയറിയ രാഹുൽ ഗാന്ധി അവിടെ കസേരയിൽ ഇരുന്നു. ചായയും മറ്റും കുടിച്ചുകൊണ്ടിരുന്നവരോട് വിശേഷങ്ങൾ ചോദിച്ചു. അമ്പരപ്പു മാറിയതോടെ അവർ സെൽഫിയെടുക്കാനായി ചുറ്റും കൂടി.
രാഹുൽ ഗാന്ധി എത്തിയതറിഞ്ഞു സമീപത്തെ ആശുപത്രിയിൽ നിന്ന് അടക്കം ആളുകൾ അദ്ദേഹത്തെ കാണാനെത്തി. ഷാഫി പറമ്പിൽ എംപിയും ഒപ്പമുണ്ടായിരുന്നു.
വാഹനത്തിൽ കയറിയ ശേഷം അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞാണു മടങ്ങിയത്. മേഴ്സി കോളജിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ അവിടെ നിന്നു വാഹനത്തിൽ കയറുന്നതിനു മുൻപും വിദ്യാർഥികളുടെ ആവശ്യപ്രകാരം അവരോടൊത്ത് സെൽഫിയെടുത്തു. പാലക്കാടിന്റെ സ്നേഹ‘രാഗ’; ആത്മവിശ്വാസം കൂട്ടി യുഡിഎഫ്
പാലക്കാട് ∙ സൂര്യൻ കത്തിനിന്ന വെയിലിനെ വകവയ്ക്കാതെ രാഹുൽ ഗാന്ധിയെ കേൾക്കാൻ ഉച്ചയ്ക്ക് രണ്ടരയോടു കൂടി തന്നെ കോട്ടമൈതാനത്തെ കൂറ്റൻ പന്തലിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. നാലു മണിയായപ്പോഴേക്കും സദസ്സിൽ നിരത്തിയ കസേരകൾ നിറഞ്ഞു.
പിന്നീട് വന്ന ആളുകൾ നിലത്തിരുന്നും സദസ്സിനു പിറകിൽ നിന്നുമാണ് രാഹുൽ ഗാന്ധിക്കായി ആർത്തുവിളിച്ചത്. കൃത്യം 4.15 ആയപ്പോൾ വേദിക്കരികിലേക്ക് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹമെത്തിയപ്പോഴേക്കും ആവേശം അലതല്ലി.
മുദ്രാവാക്യങ്ങളും ആരവങ്ങളുമായി രാഹുലിനെ വരവേറ്റു.
പാലക്കാടിന്റെ സ്നേഹത്തിനു നന്ദി പറഞ്ഞ് തുടങ്ങിയ പ്രസംഗം അരമണിക്കൂറോളം നീണ്ടു. എൽഡിഎഫ് സർക്കാരിനെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ച രാഹുൽ യുഡിഎഫ് സർക്കാർ വന്നാൽ നടപ്പാക്കുന്ന ഗ്യാരന്റികൾ വിശദീകരിച്ചപ്പോൾ സദസ്സിൽ ആവേശത്തിര.
ഇതിനിടെ രാഹുലും പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചു നിൽക്കുന്ന ഫ്രെയിം ചെയ്ത ചിത്രം സദസ്സിൽ നിന്നൊരു പെൺകുട്ടി ഉയർത്തിക്കാണിച്ചു. പ്രസംഗം കഴിഞ്ഞ ഉടൻ രാഹുൽ കുട്ടിയോട് വേദിയിലേക്കു വരാൻ പറയുകയും ആ ചിത്രം ഏറ്റുവാങ്ങുകയും ചെയ്തു.
കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹ സമ്മാനമായി നെറ്റിപ്പട്ടവും നെൽക്കതിർകറ്റയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന വി.രാമചന്ദ്രൻ, ടി.എച്ച്.ഫിറോസ് ബാബു, സി.ബാലൻ, പി.എൻ.മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. മോദിക്കും പിണറായിക്കും രാജാവെന്ന ഭാവം
പാലക്കാട് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ‘രാജാവെന്ന’ ഭാവമാണെന്നും ഇവരുടെ ധാർഷ്ട്യത്തെ കേരളം അംഗീകരിക്കില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.
പാലക്കാട് കോട്ടമൈതാനത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പങ്കാളികളാണ് ഇരുവരും.
മണിപ്പൂരിനെ കത്തിയെരിക്കുകയും ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുന്നതിനു കൂട്ടുനിൽക്കുകയും ചെയ്ത ബിജെപിയുമായാണു സിപിഎമ്മിനു ബന്ധമുള്ളത്. ഇടതുപക്ഷം ഇപ്പോൾ പിന്തുടരുന്നത് മുതലാളിത്ത നയങ്ങളാണ്.
സിപിഎമ്മിന്റെ പഴയ പല മന്ത്രിമാരും നേതാക്കളുമെല്ലാം ആ രാഷ്ട്രീയം വിട്ടു. സിപിഎമ്മിൽ ‘ഇടതുപക്ഷം’ ഇല്ലെന്നാണ് അവർ പറയുന്നത്.
പിണറായിയുടെ അഹങ്കാരം സഹിക്കാത്തതാണു മറ്റൊരു കാരണം.
പ്രത്യയശാസ്ത്രപരമായി ബിജെപിയുടെ ഏറ്റവും വലിയ എതിരാളി കോൺഗ്രസാണ്. ബിജെപിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ ഞാൻ വേട്ടയാടപ്പെട്ടു.
ഇഡി 55 മണിക്കൂർ ചോദ്യംചെയ്തു. ഔദ്യോഗിക വസതിയിൽ നിന്നു കുടിയിറക്കി.
ബിജെപി അനുകൂല മാധ്യമങ്ങൾ അപമാനിച്ചു. പക്ഷേ, നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെയാണോ കെണിയിലാക്കിയിരിക്കുന്നത്, അതേപോലെയാണു പിണറായി വിജയനെ മോദി ട്രാപ്പ് ചെയ്തിരിക്കുന്നത്.
മോദിയുടെ പ്രതിഛായയെ ബാധിക്കുന്ന ‘എപ്സ്റ്റീൻ ഫയലിലെ’ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുമെന്നതിനാൽ ട്രംപ് എന്ത് പറഞ്ഞാലും മോദി തിരിച്ചു പറയില്ല. ബിജെപിയുടെ സാമ്പത്തിക സ്രോതസ്സായ അദാനിക്കെതിരെ അമേരിക്കയിൽ കേസുണ്ട്.
ഇതുപോലെ നരേന്ദ്രമോദി പിണറായി വിജയനെയും ബ്ലാക്മെയിൽ ചെയ്യുന്നുവെന്നും അതിനാലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ ഒന്നും പറയാത്തതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ മരയ്ക്കാർ മാരായമംഗലം അധ്യക്ഷനായി. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, നേതാക്കളായ വി.എസ്.വിജയരാഘവൻ, വി.സി.കബീർ, സി.പി.മുഹമ്മദ്, പി.ബാലഗോപാൽ, പി.വി.രാജേഷ്, വി.രാമചന്ദ്രൻ.
സി.ബാലൻ, ടി.എച്ച്.ഫിറോസ് ബാബു, പി.എൻ.മുരളീധരൻ, സ്ഥാനാർഥികളായ എൻ.ഷംസുദ്ദീൻ, എ.തങ്കപ്പൻ, കെ.എ.തുളസി, പി.ഹരിഗോവിന്ദൻ, സുമേഷ് അച്യുതൻ, രമേഷ് പിഷാരടി, കെ.സി.സുബ്രഹ്മണ്യൻ, കെ.എം.ഫെബിൻ, ടി.പി.ഷാജി, എ.സുരേഷ് എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

