തിരുവനന്തപുരം ∙ പ്രചാരണ യോഗത്തിനിടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ തന്റെ പേരു പരാമർശിച്ചില്ലെന്ന കാരണത്താൽ വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി ആർ.ശ്രീലേഖ വേദി വിട്ടിറങ്ങിയതായി ആക്ഷേപം. ശ്രീലേഖയുടെ പ്രചാരണാർഥം ‘ഫ്രറ്റേണിറ്റി ഓഫ് ട്രിവാൻഡ്രം പ്രഫഷനൽസ്’ മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓൺലൈനിലാണ് മന്ത്രി പ്രസംഗിച്ചത്.
ഗൾഫ് മേഖലയിലെ സംഘർഷത്തെക്കുറിച്ചു വിശദമായി പറഞ്ഞ ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ജയശങ്കർ, വേദിയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെക്കുറിച്ചു പരാമർശിച്ചു.
തുടർന്നു പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. ഈ സമയത്താണു വേദിയിലുണ്ടായിരുന്ന ശ്രീലേഖ ഹോട്ടൽ ലോബിയിലേക്ക് ഇറങ്ങിയത്.
തനിക്കൊപ്പമെത്തിയ പ്രവർത്തകരെ തിരക്കുകയും ചെയ്തു.
തുടർന്ന് സംസാരിച്ച രാജീവ് ചന്ദ്രശേഖർ ശ്രീലേഖയെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതിനിടെയാണ് വേദിയിൽ അവരില്ലെന്നു കണ്ടത്. സ്ഥാനാർഥി എവിടെപ്പോയെന്നു തിരക്കി.
തുടർന്ന് ലോബിയിലുണ്ടായിരുന്ന ശ്രീലേഖയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ ഉൾപ്പെടെയുള്ളവർ അനുനയിപ്പിച്ചു തിരികെ എത്തിക്കുകയായിരുന്നു.
തുടർന്നു പ്രസംഗിച്ച ശ്രീലേഖ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണു മടങ്ങിയത്. രാജീവ് ചന്ദ്രശേഖറിനോടും മേയർ വി.വി.രാജേഷിനോടും അവർ തന്റെ അതൃപ്തി പ്രകടിപ്പിച്ചതായി സൂചനയുണ്ട്.
നേരത്തേ കോർപറേഷനിൽ ബിജെപി അധികാരമേൽക്കുന്ന ചടങ്ങിൽനിന്ന് പാതിവഴിയിൽ ശ്രീലേഖ ഇറങ്ങിപ്പോയിരുന്നു. പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ ഒരറ്റത്ത് മാറി നിന്നതും ചർച്ചയായിരുന്നു.
നിഷേധിച്ച് ശ്രീലേഖ
കെ.സോമനുമായി ഒരു വിഷയം ചർച്ച ചെയ്യാനാണു ലോബിയിലേക്ക് മാറിയതെന്ന് ആർ.ശ്രീലേഖ.
‘അദ്ദേഹം സഹോദരനെപ്പോലെയാണ്. സഹോദരനും സഹോദരിയും തമ്മിൽ സംസാരിച്ചുകൂടെ? സംസാരിച്ച വിഷയം എന്താണെന്നു പുറത്തു പറയാനാകില്ല.
കേന്ദ്രമന്ത്രി ജയ്ശങ്കർ പേരു പറയാത്തതല്ല വിഷയം. മന്ത്രി പ്രസംഗത്തിനിടെ പേരു പറഞ്ഞോ ഇല്ലയോ എന്നു ശ്രദ്ധിച്ചില്ല.
അതെപ്പറ്റി പ്രതികരിച്ചിട്ടുമില്ല. ഇത്തരം വിവാദങ്ങൾ കൊണ്ട് ജനങ്ങൾക്കു പ്രയോജനമില്ല–’ ശ്രീലേഖ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

