നാദാപുരം∙ ‘അമ്മേ പ്രശ്നമൊന്നുമില്ല, ഇവിടെ എല്ലാം സെറ്റാണ്.’ ശരണ്യ ഫോണിൽ ഇത്രയും പറഞ്ഞതോടെ അമ്മ ഷൈലജയ്ക്ക് കരച്ചിലടക്കാനായില്ല. കുടകിലെ മടിക്കേരിയിൽ ട്രെക്കിങ്ങിന് പോയി വ്യാഴാഴ്ച മുതൽ കാണാതായ ഇയ്യങ്കോട്ടെ വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകൾ ശരണ്യ(36) ഇന്നലെ രാത്രിയാണ് അമ്മയോടും അച്ഛനോടും ഫോണിൽ സംസാരിച്ചത്.
ഇന്നലെ വൈകിട്ടാണ് വനത്തിൽ മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിൽ ശരണ്യയെ തിരച്ചിൽ സംഘം കണ്ടെത്തിയത്.
ഇന്നലെ രാത്രി ശരണ്യയുടെ വീട്ടിലെത്തിയ കർണാടക എംപി ശ്രേയസ്സ് എം.പട്ടേലാണ് കർണാടകയിലെ പൊലീസ് മേധാവിയെ ബന്ധപ്പെടുകയും ഫോൺ ശരണ്യക്ക് നൽകാൻ ആവശ്യപ്പെട്ടതും. എംപിയുടെ ഫോണിൽ മാതാപിതാക്കളുമായി ശരണ്യ ഏറെ നേരം സംസാരിച്ചു.
യുഡിഎഫ് സ്ഥാനാർഥി കെ.എം.അഭിജിത്തിന് ഒപ്പമാണ് ശ്രേയസ്സ് എം.പട്ടേൽ ശരണ്യയുടെ വീട്ടിലെത്തിയത്.
വൈകിട്ട് ശരണ്യയെ കണ്ടെത്തിയെന്ന് അറിഞ്ഞതു മുതൽ അയൽവാസികളും ബന്ധുക്കളും നാട്ടുകാരുമെല്ലാം വീട്ടിലേക്ക് പ്രവഹിക്കുകയായിരുന്നു. ഗോപിയെയും ഷൈലജയെയും കണ്ട് അവരെല്ലാം ആശ്വാസവും സന്തോഷവും പങ്കിട്ടെങ്കിലും ശരണ്യയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നില്ല.
തിരച്ചിലിനു പോയ ശരണ്യയുടെ സഹോദരൻ ശ്യാം, അമ്മാവൻ ഹരിദാസ് എന്നിവരാണ് ശരണ്യയെ കിട്ടിയെന്ന വിവരം വീട്ടിൽ അറിയിച്ചത്.
ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പിടിച്ചു നിൽക്കാൻ മകൾക്കു കഴിയുമെന്ന ഉറച്ച വിശ്വാസം അമ്മ ഷൈലജയ്ക്ക് ഉണ്ടായിരുന്നു. റമസാൻ വ്രതം പതിവായി അനുഷ്ഠിക്കാറുള്ള ശരണ്യക്ക് യാത്രയായിരുന്നു എന്നും ഇഷ്ടം.
പല പ്രദേശങ്ങളിലും സാഹസിക യാത്രയ്ക്കു പോയി സുരക്ഷിതയായി തിരിച്ചെത്താറുള്ളതു കൊണ്ടു തന്നെ ഇത്തവണയും അപകടമൊന്നും സംഭവിക്കില്ലെന്ന ഉറപ്പുണ്ടായിരുന്നു അമ്മ യ്ക്ക്. എന്നാൽ താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച അച്ഛൻ ഗോപിക്ക് ആശങ്കയുടെ രാപലുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.
ഇന്നലെ ഓർക്കാട്ടേരിയിൽ എത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ട് ഗോപിയും ഷൈലജയും നിവേദനം നൽകിയിരുന്നു.
ശരണ്യയെ കണ്ടെത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു.
കെ.സന്തോഷ്കുമാർ എംപി, ഇ.കെ.വിജയൻ എംഎൽഎ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽഡിഎഫ് സ്ഥാനാർഥി പി.വസന്തം, എൻഡിഎ സ്ഥാനാർഥി സി.പി.വിപിൻ ചന്ദ്രൻ തുടങ്ങിയവരും ശരണ്യയുടെ വീട്ടിലെത്തിയിരുന്നു.
ശരണ്യയെ കണ്ടെത്തിയ ആശ്വാസത്തിൽ കൂട്ടുകാർ
കൊച്ചി∙ കർണാടക കുടകിലെ വനത്തിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തിയതു കൊച്ചിയിലെ ഐടി മേഖലയ്ക്കും ആശ്വാസമായി. ഇടപ്പള്ളിയിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ ശരണ്യയെ കാണാതായതു കൊച്ചിയിലെ ടെക്കികളുടെ വാട്സാപ് ഗ്രൂപ്പുകളിലുൾപ്പെടെ വലിയ ചർച്ചയായി.
ഐടി സ്ഥാപനത്തിലെ സഹപ്രവർത്തകരിൽ ചിലർ ശരണ്യയെ കാണാതായ വനമേഖലയിലേക്കു പോയിരുന്നു.
ഐടി കമ്പനി അധികൃതർ സംഭവത്തിൽ പ്രതികരിക്കാൻ തയാറായില്ലെങ്കിലും കുടകിലെത്തിയ സുഹൃത്തുക്കൾ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. കാണാതായി നാലാം ദിനമായ ഇന്നലെയും തിരച്ചിൽ വിഫലമായതായുള്ള അറിയിപ്പ് എത്തിയതോടെ സഹപ്രവർത്തകർ ആശങ്കയിലായി.
വൈകിട്ട് തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന വിവരമാണ് ആദ്യം എത്തിയത്.
വന്യജീവികൾ ഒട്ടേറെയുള്ള കാട്ടിനുള്ളിൽ നാലു ദിവസമായി കുടുങ്ങിക്കിടക്കുന്ന ശരണ്യയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇതോടെ കടുത്ത ആശങ്കയായി. എന്നാൽ, മിനിറ്റുകൾ കഴിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ ശരണ്യയെ കണ്ടെത്തിയെന്ന ആശ്വാസ വാർത്തയെത്തി.
കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും സുരക്ഷിതയാണെന്നുമുള്ള വിവരം കൂടി കുടകിലുള്ള സുഹൃത്തുക്കൾ കൈമാറിയതോടെ എല്ലാവരും സന്തോഷത്തിലായി.
ശരണ്യ സുരക്ഷിതയാണെന്ന് ഉറപ്പുണ്ടായിരുന്നു: സഹോദരൻ
കുടക് ∙ ഏതു കൊടുംകാട്ടിൽ അകപ്പെട്ടാലും സുരക്ഷിതയായി അവൾ പുറത്തെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണു തിരച്ചിൽ സംഘത്തിനൊപ്പം കുടകിലെത്തിയതെന്നു ട്രെക്കിങ്ങിനിടെ കാണാതായി, നാലാം നാൾ വീണ്ടെടുക്കപ്പെട്ട
ജി.എസ്.ശരണ്യയുടെ ജ്യേഷ്ഠൻ ശ്യാം പറയുന്നു. ‘മുൻപും പലതവണ വനയാത്രയ്ക്കു പോയിട്ടുണ്ട് ശരണ്യ.
വ്യാഴം രാവിലെ 10.30നാണ് കാണാതായ വിവരം പറഞ്ഞ് ഉദ്യോഗസ്ഥർ വിളിക്കുന്നത്. ഉടൻ തന്നെ ബെംഗളൂരുവിൽനിന്നു കാറിൽ പുറപ്പെട്ടു.
ശനിയാഴ്ച തിരച്ചിലിനിറങ്ങി. വലിയൊരു സംഘത്തിനൊപ്പമുള്ള ട്രെക്കിങ് ആയിരുന്നതിനാൽ ഒറ്റപ്പെട്ടുപോകാൻ ഇടയില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ശരണ്യയ്ക്കു ഡിപ്രഷൻ വല്ലതും ഉണ്ടായിരുന്നോ എന്നുപോലും കർണാടക വനപാലകർ ചോദിച്ചു.
ബാഗിൽനിന്നു ശരണ്യയുടെ ഡ്രസ് എടുത്ത് ഡോഗ് സ്ക്വാഡിനെ മണപ്പിച്ചാണു തിരച്ചിൽ തുടങ്ങിയത്. ഓരോ ദിവസം പിന്നിടുമ്പോഴും തിരച്ചിൽ സംഘത്തിൽ ആളുകൾ കൂടിവന്നു.
അവസാനം ആന്റി നക്സൽ സേനയും വന്നു. തെർമൽ ക്യാമറയും ഡ്രോണും വച്ചു പരിശോധന നടന്നു.
കാടിനുള്ളിൽ വഴി തെറ്റിപ്പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി. 16 അംഗ സംഘത്തോടൊപ്പം പല ഗ്രൂപ്പായാണു ട്രെക്കിങ് നടത്തിയത്– ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ ശ്യാം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

