ടെഹ്റാൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിനും വെല്ലുവിളികൾക്കും വഴങ്ങാതെ ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള സൗകര്യം ‘തന്ത്രപൂർവം’ ഇറാൻ തുടങ്ങിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസിനെ പാനമ കനാൽ, സൂയസ് കനാൽ എന്നിവപോലെ ‘പണം വാരുന്ന’ മേഖലയാക്കി മാറ്റാൻ നിലവിലെ സാഹചര്യം അവസരമാക്കുകയാണ് ഇറാൻ.
ടോൾ പിരിക്കുന്നത് സംബന്ധിച്ച നിയമം കൊണ്ടുവരാൻ ഇറാൻ പാർലമെന്റ് തീരുമാനിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലെ പതിവ് പാതയിലൂടെ പോകുന്ന കപ്പലുകളെയെല്ലാം ഇറാന്റെ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) തടയുകയാണ്. കപ്പലുകളെയെല്ലാം ഹോർമുസിലെ ‘ലാറക് ദ്വീപിലുള്ള’ തുറമുഖം വഴിയാണ് കടത്തിവിടുന്നത്.
ഇവിടെയാണ് ടോൾ ബൂത്ത്.
ഐആർജിസി കനിയണം, സഹായിച്ച് ചൈന
കപ്പലുകളെ ഐആർജിസി വിശദപരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ മാർച്ച് 13ന് ശേഷം 57 കപ്പലുകൾ ഇതുവഴി കടന്നുപോയി.
കപ്പലുകൾ ആദ്യം ഐആർജിസിയെ സമീപിച്ച് കപ്പലിന്റെ റജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടെ കൈമാറണം. ജീവനക്കാരുടെ വിവരങ്ങൾ, ചരക്കിന്റെ വിശദാംശം, കപ്പലിന്റെ ലക്ഷ്യസ്ഥാനം തുടങ്ങിയവയും നൽകണം.
ഐആർജിസി പച്ചക്കൊടി വീശിയാൽ കപ്പലിന് കടന്നുപോകാം.
അനുമതി കിട്ടിയില്ലെങ്കിൽ കപ്പൽ തിരികെപ്പോകണം. ചൈനീസ് കറൻസിയായ യുവാനിലാണ് മിക്ക കപ്പലുകളും ടോൾ അടച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന് ഇടനില നിൽക്കുന്നതും ഒരു ചൈനീസ് കമ്പനിയാണെന്ന് റിപ്പോർട്ടുകളിലുണ്ട്. എന്നാൽ എത്ര തുകയാണ് ടോൾ എന്നോ എങ്ങനെയാണ് തുക അടയ്ക്കുന്നതെന്നോ വ്യക്തമല്ല.
ചൈനീസ് കപ്പലിനെയും തടഞ്ഞു
അടുത്തിടെ 2 ചൈനീസ് കപ്പലുകളെ ഇറാൻ ഹോർമുസ് തടഞ്ഞത് ഏവരെയും അമ്പരപ്പിച്ചിരുന്നു.
സുഹൃദ് രാഷ്ട്രമായിട്ടും ചൈനീസ് കപ്പലുകളെയും ഇറാൻ സേന തടയുകയായിരുന്നു. ചൈനീസ് കപ്പലുകളും പണം നൽകി കടന്നുപോയെന്നാണ് സൂചന.
ഇറാൻ, ഗ്രീക്ക്, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ എന്നിവയുടെ കപ്പലുകളാണ് നിലവിൽ ഹോർമുസ് കടന്നുപോകുന്നത്. ഇവയെക്കൂടാതെ ഇറാഖ്, മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ സർക്കാരുകളും ഇറാനുമായി ഹോർമുസിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തുന്നുണ്ട്.
പണം കൊടുക്കാതെ ഇന്ത്യ, ചട്ടം ലംഘിച്ച് ഇറാൻ?
ഇന്ത്യൻ കപ്പലുകൾ ടോൾ നൽകാതെയാണ് കടന്നുപോയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ത്യൻ പതാകയുള്ള എൽപിജി ടാങ്കറായ പൈൻ ഗ്യാസിന്റെ അധികൃതരും ടോൾ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം ഹോർമുസിനെ പാനമ, സൂയസ് കനാൽ എന്നിവയ്ക്ക് സമാനമായി, കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കി കടത്തിവിടാനുള്ള ഇറാന്റെ നീക്കം രാജ്യാന്തര മാരിടൈം ചട്ടങ്ങളുടെയും യുഎൻ ചട്ടങ്ങളുടെയും ലംഘനമാണെന്ന് വാദങ്ങളുണ്ട്.
പാനമ കനാലും സൂയസ് കനാലും മനുഷ്യനിർമിതമാണ്. പരമാധികാരമുള്ള അതത് രാജ്യങ്ങളാണ് അവ സംരക്ഷിക്കുന്നതും ഫീസ് പിരിക്കുന്നതും.
എന്നാൽ, ഹോർമുസ് കടലിടുക്ക് സ്വാഭാവിക കപ്പൽപാതയാണെന്നും അവിടെ ടോൾ പിരിക്കാൻ ഇറാന് അവകാശമില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

